ഇസ്ലാമില്‍ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടത് ആരോടെല്ലാം?

ചോദ്യകർത്താവ്

സുഹൈല്‍ കുരുമ്പില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭര്‍തൃമതികളായ സ്ത്രീകളും നിബന്ധനകളൊക്കാത്ത അഹ്‍ലു കിതാബില്‍ പെട്ടവരെയും മറ്റു അമുസ്‍ലിംകളെയും മഹ്റമുകളെയും വിവാഹം കഴിക്കല്‍ നിഷിദ്ധമാണ്. താഴെ വിശദീകരിക്കുന്നവരാണ് മഹ്റമുകള്‍.

മുലകുടി ബന്ധം കുടുംബ ബന്ധം വൈവാഹിക ബന്ധം എന്നിങ്ങനെ മൂന്ന് നിലക്കാണ് വിവാഹ ബന്ധം ഹറാമാവുക. കുടുംബ ബന്ധം മുഖേനയും മുലകുടി ബന്ധം മുഖേനയും ഏഴ് വിഭാഗം ആളുകള്‍ നിഷിദ്ധമാവും.

കുടുംബന്ധം മുഖേന വിവാഹം നിഷിദ്ധമായവര്‍: മാതാവ്, പിതാ-മാതാമഹികള്‍ (അവര്‍ എത്ര മേല്‍പോട്ട് പോയാലും), പുത്രിമാര്‍, പൗത്രികള്‍ (അവര്‍ എത്ര താഴെത്തോളം), സഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും (മാതാവും പിതാവുമൊത്തവര്‍, മാതാവോ പിതാവോ ഒത്തവര്‍), പിതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, മാതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, സഹോദര പുത്രിമാര്‍, സഹോദരീ പുത്രിമാര്‍(ഇവര്‍ എത്ര കീഴ്‌പോട്ടു പോയാലും).

കുടുംബ ബന്ധം മുഖേന ഹറാമായവരെല്ലാം മുലകുടി ബന്ധത്തിലൂടെയും ഹറാമാകും. വിവാഹ ബന്ധത്തിലൂടെ ഹറാമായവര്‍: കുടുംബ ബന്ധം മുഖേനയോ മുലകുടി ബന്ധം മുഖേനയോ ഉള്ള ഭാര്യയുടെ മാതാവ്, മാതാ പിതാമഹികള്‍ ( എത്ര മേല്‍പോട്ട് പോയാലും), ഭാര്യയുടെ പുത്രികളും പൌത്രികളും അവര്‍ എത്ര താഴോട്ട് പോയാലും (ഭാര്യയുമായി സംയോഗം നടന്നാല്‍ മാത്രമെ ഈ പുത്രി ഹറാമാകുകയുള്ളൂ.), പിതാവിന്റെ ഭാര്യ (സ്വന്തം പിതാവ് പിതാവിന്റെ പിതാവ് മാതാവിന്റെ പിതാവ്  തുടങ്ങി എത്ര മുകളിലുള്ളവരായാലും അവരുടെ ഭാര്യമാര്‍), സന്താനങ്ങളുടെ ഭാര്യമാര്‍ (സന്താനങ്ങള്‍ എത്ര കീഴ്‌പോട്ട് പോയാലും) എന്നിവരാകുന്നു. വിവാഹം ചെയ്യാനുതകുന്ന അഹ്‍ലു കിതാബിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter