തല മറക്കുന്നതും തൊപ്പി ധരിക്കുന്നതും സുന്നതാണോ?
ചോദ്യകർത്താവ്
ഇഹ്സാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പുരുഷന്മാര്‍ക്ക് നിസ്കാരത്തില്‍ തലമറക്കല്‍ സുന്നത്താണ്. അത് തുറന്നിട്ട് നിസ്കരിക്കല്‍ കറാഹത്താണെന്ന് ഫത്‍ഹുല്‍മുഈനില്‍ കാണാം. നിസ്കാരത്തിലും മറ്റു സമയങ്ങളിലും തലപ്പാവ് ധരിക്കല്‍ സുന്നത്താണെന്ന് തുഹ്ഫയിലുമുണ്ട്. തല മറക്കല്‍ ഭംഗിയാകുന്നതിന്‍റെ ഭാഗമാണ്. നിസ്കാര സമയത്ത് നിങ്ങള്‍ സ്വയം അലങ്കരിക്കുക എന്ന് അല്ലാഹു കല്‍പിച്ചിട്ടുണ്ടല്ലോ. (ഖുര്‍ആന്‍ 7.31 നോക്കുക). തലപ്പാവ് ധരിക്കുന്നത് പ്രേരിപ്പിക്കുന്ന ധാരാളം നബി വചനങ്ങള്‍ വന്നിട്ടുണ്ട്. അവ പ്രബലതയില്‍ പിന്നിലാണെങ്കിലും അത്തരം ഹദീസുകളുടെ ആധിക്യം അവയുടെ ദൌര്‍ബല്യത്തിനു പരിഹാരമാണെന്ന് ഇബ്നുഹജര്‍ ഹൈതമി (റ) വിശദീകരിക്കുന്നു. നബി (സ) പറഞ്ഞു: "നിങ്ങള്‍ തലപ്പാവു ധരിക്കൂ, നിങ്ങളുടെ ദാക്ഷിണ്യവും ധിഷണയും വര്‍ദ്ധിക്കും" ഹാകിം ഇത് സ്വഹീഹായ ഹദീസെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. മറ്റു ചില ഹദീസു പണ്ഡിതന്മാര്‍ക്ക് ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. വേറേ ചില ഹദീസുകള്‍ കൂടി കാണുക
"തലപ്പാവ് മുഅ്മിനിന്‍റെ അന്തസ്സും അറബിയുടെ അഭിമാനവുമാണ്. അറബികള്‍ തലപ്പാവ് അഴിച്ചുവെച്ചാല്‍ അവരുടെ അഭിമാനം നശിച്ചു." "മലക്കുകള്‍ ജുമുഅയില്‍ തലപ്പാവ് ധരിച്ചുകൊണ്ട് സന്നിഹിതരാവുന്നു. അവര്‍ തലപ്പാവുധാരികള്‍ക്കു വേണ്ടി സൂര്യാസ്തമയം വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും." "നമ്മുടെയും മുശ്രിക്കുകളുടെയും ഇടയിലുള്ള വ്യത്യാസമാണ് തൊപ്പിക്കുമേലെ തലപ്പാവു ധരിക്കുന്നത്." "തലപ്പാവു ധരിക്കുന്നവര്‍ക്കു വേണ്ടി അല്ലാഹുവും മലക്കുകളും സ്വലാത് ചൊല്ലുന്നു." "വെള്ള തലപ്പാവു ധാരികള്‍ക്കു പൊറുക്കലിനെ തേടാനായി പള്ളിയുടെ കവാടത്തില്‍ നില്‍ക്കുന്ന പ്രത്യേകം മലക്കുകള്‍ തന്നെയുണ്ട് അല്ലാഹുവിന്."
ഇതിനെല്ലാം പുറമെ നബി (സ) തലപ്പാവ് ധരിക്കാറുണ്ടായിരുന്നുവെന്ന് ഒരിക്കലും നിഷേധിക്കാനാവാത്തവിധം സ്ഥിരപ്പെട്ടതാണ്. ബുഖാരി, മുസ്ലിം പോലെയുള്ള പ്രസിദ്ധരായ മുഹദ്ദിസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുമുണ്ട്. നബി (സ) തലപ്പാവിനു മേല്‍ തടഞ്ഞുകൊണ്ട് വുളൂവിലെ തല തടവല്‍ പൂര്‍ത്തിയാക്കിയതും നബി (സ) മക്കയിലേക്ക് പ്രവേശിച്ചപ്പോള്‍ കറുത്ത തലപ്പാവായിരുന്നു ധരിച്ചിരുന്നതെന്നും മുസ്ലിം റിപോര്‍ട്ട് ചെയ്ത ഹദീസുകളില്‍ കാണാം. മലക്കുകള്‍ മഞ്ഞത്തലപ്പാവു ധാരികളായിട്ടാണ് ബദ്റിലിറങ്ങിയതെന്നും ചരിത്രങ്ങളിലുണ്ട്.
നബി(സ)യില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ടെന്ന് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ (33.21) ആഹ്വാനം ചെയ്യുന്നതിലൂടെ അവിടത്തെ വസ്ത്രധാരണവും അവിടത്തെ സ്വഭാവവും അവിടത്തെ പ്രവൃത്തികളും നാം മാതൃകയായി സ്വീകരിക്കുകയും അവ അനുധാവനം ചെയ്യാനുമല്ലേ കല്‍പിക്കുന്നത്. നബി(സ)യും സ്വഹാബതും തലമറക്കാറുണ്ടായിരുന്നുവെന്ന ചരിത്ര സത്യം തന്നെയാണ് തലമറക്കല്‍ സുന്നത്താണെന്നതിന്‍റെ ഏറ്റവും വലിയ തെളിവ്. താഴെ കൊടുത്ത ലിങ്കുകളില്‍ തല്‍സംബന്ധിയായ മുന്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വായിക്കാം.
സാധാരണക്കാരനു സ്ഥിരമായി തലമറക്കല്‍ സുന്നതാണോ
ഖുര്‍ആന്‍ ഓതുമ്പോള്‍ തലമറക്കല്‍ നിര്‍ബന്ധമാണോ
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.