തെരഞ്ഞെടുപ്പ് അടുത്തതോടെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളുടെ ജയ പരാജയങ്ങളില്‍ തര്‍ക്കിച്ചു കൊണ്ട് പരസ്പരം പന്തയം വെക്കല്‍ വ്യാപകമായി നടക്കുന്നു..പന്തയത്തിന്റെ ഇസ്‌ലാമിക വിധി ഒന്ന് വിശദീകരിക്കാമോ
ചോദ്യകർത്താവ്
സാലിം കുഴിമണ്ണ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പന്തയം വെക്കുക ബെറ്റ് വെക്കുകയെന്നത് ഇസ്‍ലാം നിഷിദ്ധമാക്കിയ ചൂതാട്ടത്തില്‍ പെട്ടതാണ്. അത് വെറും ഒരു കളിയാണല്ലോ. പ്രതിരോധത്തിന് സഹായകമാവുന്ന കുതിര പന്തയം, അമ്പെയ്ത്ത്, ഓട്ടം തുടങ്ങിയ മത്സരങ്ങള്‍ പ്രതിഫലത്തിന് പകരവും പ്രസ്തുത ആവശ്യത്തിനു പറ്റാത്ത ചെസ്സ് പോലെയുള്ള കളികള്‍ പ്രതിഫലത്തിന് പകരമല്ലാതെയും അനുവദനീയമാണെന്നാണ് ശരീഅതിന്റെ കാഴ്ചപ്പാട്. ഒരുപകാരവും ഇല്ലാത്ത ഒരു കളിയാണല്ലോ പന്തയം. വെറും ഊഹങ്ങളടിസ്ഥാനപ്പെടുത്തിയുള്ള ചിന്തക്കോ ബുദ്ധിക്കോ ശരീരത്തിനോ തീരെ ഉപകാരമില്ലാത്ത ഇത്തരം കളികള്‍ പണത്തിനു പകരമല്ലെങ്കില്‍ തന്നെ ഹറാമാണ്. പണത്തിനു പകരമായാല്‍ ഏതായാലും ഹറാം തന്നെ. കുതിരപന്തയം പോലോത്ത ഹലാലും സുന്നതുമായ മത്സരങ്ങളിള്‍ക്ക് പ്രതിഫലം വാങ്ങണമെങ്കില്‍ തന്നെ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അത്തരം മത്സരങ്ങള്‍, ഞാന്‍ ജയിച്ചാല്‍ നീ എനിക്കും നീ ജയിച്ചാല്‍ ഞാന്‍ നിനക്കും ഇന്നത് നല്‍കാമെന്ന വ്യവസ്ഥയിലാണ് നടക്കുന്നതെങ്കില്‍ അതു നിഷിദ്ധമാണ്. അത് ചൂതാട്ടവുമാണ്. (തുഹ്ഫ 9/402) ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള എല്ലാ കളികളും ചൂതാട്ടമാണ്. (ശര്‍വാനി: 10/217) ഹലാലായ കളികള്‍ തന്നെ ഇങ്ങനെയെങ്കില്‍ ഇന്ന ടീം അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ ഞാന്‍ നിനക്കും ഇന്ന സ്ഥാനാര്‍ത്തി ജയിച്ചാല്‍ നീ എനിക്കും ഇത്ര നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു നടത്തപ്പെടുന്ന പന്തയങ്ങള്‍ ഹറാമാണെന്നതില്‍ സംശയിക്കേണ്ടതില്ലല്ലോ. ഒരു ഹദീസില്‍ ഇങ്ങനെ കാണാം: റോമും പേര്‍ഷ്യയും തമ്മലിലുള്ള യുദ്ധത്തില്‍ അഹ്‍ലു കിതാബില്‍ പെട്ട റോമുകാര്‍ പരാജയപ്പെട്ടു. അപ്പോള്‍ മുശ്‍രികുകള്‍ മുസ്ലിംകളെ പരിഹസിച്ചു. ആ വിഷമം അവര്‍ നബിയുമായി പങ്കു വെച്ചു. ആ സമത്ത് ഈ ആയതുകള്‍ അവതീര്‍ണ്ണമായി. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. അടുത്തനാട്ടില്‍ വെച്ച്. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്. എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ അബൂ ബക്ര്‍ (റ) മുശ്'രികീങ്ങളെ വിവരം അറിയിച്ചു. അപ്പോള്‍ അബൂബക്കര്‍ (റ) മൂന്ന് വര്‍ഷത്തിനുള്ളില്‍ അതു സംഭവിച്ചാല്‍ 4 ഒട്ടകം എന്ന നിലയില്‍ ഉബയ്യ് ബ്നു ഖലഫിനോട് ബെറ്റ് വച്ചു. അന്ന് ബെറ്റ് വെക്കല്‍ (قمار) ഹലാലായിരുന്നു. ഇത് റസൂല്‍ അറിഞ്ഞപ്പോള്‍ മൂന്ന് വര്‍ഷമെന്നത് അഞ്ചു വര്‍ഷമായും അതിനനുസരിച്ച് ഒട്ടകത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും കല്‍പിച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: അത് താങ്കള്‍ ദാനം നല്കിയേക്കുക (കാരണം അത് ഹറാമായ മുതലായത് കൊണ്ട് ഉപയോഗിക്കാന്‍ പറ്റില്ല)". ബെറ്റ് ആദ്യം അനുവദനീയമായിരുന്നെങ്കിലും പിന്നീട് അത് ഹറാമാക്കിയിട്ടുണ്ടെന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാമല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.