എനിക്ക് വേണ്ടി അഖീഖ അറുത്തിരുന്നില്ല.. ഇപ്പോൾ 31 വയസ്സായി.. ഞാൻ ഇപ്പോൾ അറുക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അഖീഖ അറുക്കലാണോ ഉളുഹിയത് അറുക്കലാണോ ഉത്തമം ? ഏതാണ് കൂടുതൽ മുൻഗണന കൊടുക്കേണ്ടത് ?

ചോദ്യകർത്താവ്

Fahad

Dec 23, 2018

CODE :Fiq9014

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

അഖീഖത്ത്, ഉളുഹിയ്യത്ത് എന്നിവയിൽ ഏതിനും മുൻഗണന കൊടുക്കാം. കാരണം രണ്ടും രണ്ട് അർത്ഥത്തിലും ഉദ്ദേശ്യത്തിലുമുള്ള സുന്നത്തായ കർമ്മങ്ങളാണ്. അഖീഖത്തിന്റെ അറവിന് പ്രത്യേക മാസമോ ദിവസമോ ഇല്ല, ദരിദ്രക്ക് വേവിക്കാതെത്തന്നെ ഇറച്ചി വിതരണം ചെയ്യണമെന്നില്ല, ധനികർക്ക് ദാനമായി നൽകിയാൽ അത് അവർക്ക് കൈവശമാകും എന്നിങ്ങനെയുള്ള ചില നിബന്ധനകളൊഴികെ ഒട്ടു മുക്കാൽ വിഷയങ്ങളിലും അവ രണ്ടിന്റേയും ഹുക്മുകൾ ഒരു പോലെയാണ്.

ഒരു ആട് കൊണ്ട് അഖീഖത്തിനേയും ഉള്ഹിയ്യത്തിനേയും ഒരുമിച്ച് നിയ്യത്ത് ചെയ്ത് അറുത്താൽ അത് രണ്ടും കിട്ടില്ലായെന്നതാണ് പ്രബലമായ അഭിപ്രായം. കാരണം നേരത്തെ പറയപ്പെട്ടത് പോലെ അവ രണ്ടും രണ്ട് അർത്ഥത്തിലുള്ള രണ്ട് സൂന്നത്തായ കർമ്മങ്ങളാണ് എന്നതാണ് (തുഹ്ഫ, ബുജൈരിമി, ശർവ്വാനി).

ഉള്ഹിയ്യത്ത് എല്ലാ ദിവസവും പറ്റില്ല. ബലി പെരുന്നാൾ ദിനത്തിന്റെ സൂര്യോദയത്തിന് മുമ്പ് അറുത്താൽ അത് ഉള്ഹിയ്യത്ത് ആകില്ല. അതു പോലെ അയ്യാമുത്തശരീഖിന്റെ അവസാനത്തെ സൂര്യാസ്തമയ ശേഷം അറുക്കാൻ വിചാരിച്ചാൽ അതും ഉള്ഹിയ്യത്ത് ആകില്ല. എന്നാൽ അഖീഖത്ത് എപ്പോഴും അറുക്കാം (ഇആനത്ത്). സുന്നാത്തായ അറവ് എന്ന കാര്യത്തിൽ (ഏറെക്കുറെ വിഷയങ്ങളിലൊക്കെ) അഖീഖത്ത് ഉളുഹിയ്യത്തിനെപ്പോലെയാണ് (ഹാശിയത്തുൽ അസ്നാ) അഖീഖത്ത്  യഥാർത്ഥത്തിൽ (ഏറെക്കുറെ വിഷയങ്ങളിലൊക്കെ) ഉളുഹിയ്യത്തിനെപ്പോലെയാണ് (അൽഗരർ അൽ ബഹിയ്യ). അഥവാ ഇവിടെ സൌകര്യം ഏതാണോ അതനുസരിച്ച് മുൻഗണന കൊടുക്കാം..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter