എല്ലാ വിധ ആഭാസങ്ങളുമുള്ള നികാഹ് ചടങ്ങില്‍, നികാഹ് നിര്‍വഹിക്കാനായി ഉസ്താദുമാര്‍ പോകുന്നത് ശരിയാണോ?
ചോദ്യകർത്താവ്
നൂറ അഹ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പണ്ഡിതന്മാരുടെയും സമുദായത്തിലെ സമുന്നതരായവരുടെയും സാന്നിധ്യം ചില തെറ്റായ ആചാരങ്ങളം പ്രവണതകളും പൊതു ജനങ്ങള്‍ക്ക് നിസ്സാരമായി തോന്നാന്‍ സാധ്യതയുണ്ടെങ്കില്‍ അവരതില്‍ പങ്കെടുക്കരുത്. മുബ്തദിഉകളുടെ പിന്നില്‍ നിസ്കരിക്കുന്നതിന്‍റെ പൊതുവായ വിധി കറാഹതാണെങ്കിലും, സാധാരണക്കാരന്‍റെ മനസ്സില്‍ ബിദ്അത് നിസ്സാരമെന്നു തോന്നത്തക്ക രീതിയില്‍ പണ്ഡിതന്മാര്‍ അവരുടെ പിന്നില്‍ നിസ്കരിക്കുന്നത് നിഷിദ്ധമാണെന്ന് ഫുഖഹാഅ് നിരീക്ഷിച്ചിട്ടുണ്ട്. അതു കൊണ്ട് സാധ്യമായ രീതിയിലെല്ലാം ഈ ആര്‍ഭാടങ്ങളെ നിര്‍മാജ്ജനം ചെയ്യാനായി ശ്രമിക്കുകയും ഇത്തരം ചടങ്ങുകളില്‍ നിന്നു വിട്ടു നിന്ന് അതിന്‍റെ ഗൌരവം പൊതുജനത്തിനു മനസ്സിലാക്കി കൊടുക്കുകയും വേണം.
പക്ഷേ, പണ്ഡിതന്മാരുടേയോ മറ്റോ അസാന്നിധ്യങ്ങള്‍ മഹല്ലിലോ മറ്റോ ഛിദ്രതയോ മറ്റു അനിഷ്ടങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും മറ്റു നിലക്ക് സമുദായത്തിന് വല്ല നേട്ടങ്ങള്‍ക്കു കാരണമാകുമെങ്കിലും ആ അനിഷ്ടങ്ങള്‍ക്ക് തടയിടാനും നേട്ടങ്ങള്‍ക്കുമായി പങ്കെടുക്കേണ്ടതായി വരും. ഇത് കാര്യഗൌരവത്തിനനുസരിച്ച് അതത് സാഹചര്യങ്ങളില്‍ തീരുമാനിക്കപ്പെടേണ്ടതാണ്.
പലപ്പോഴും ക്ഷണിക്കപ്പെടുന്ന പണ്ഡിതന്മാര്‍ക്ക് ഇത്തരം വേദികളിലെ ആര്‍ഭാടങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടാകാറില്ല. അവരും അവിടെയെത്തിയതിനു ശേഷമായിരിക്കാം ഇതറിയുന്നത്. മറ്റു ചിലപ്പോള്‍ അവര്‍ നികാഹിനു നേതൃത്ത്വം നല്കി പോകുന്നു. പക്ഷേ, ആഭാസങ്ങള്‍ അവര്ക്കു ശേഷമാണ് നടക്കാറ്. ഉസ്താദുമാരെ ബഹുമാന പൂര്‍വ്വം ക്ഷണിക്കുന്നവര്‍, ഇത്തരം ആഭാസങ്ങളുള്ള ചടങ്ങുകള്‍ അവരെ ഏറെ അലോസരപ്പെടുത്തുകയും അവരുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുകയും ചെയ്യുമെന്നു മനസ്സിലാക്കി ഉസ്താദുമാരെയും സാദാത്തുമാരെയും പങ്കെടുപ്പിച്ചു നടത്തുന്ന ചടങ്ങുകള്‍ ഇത്തരം ആഭാസങ്ങളില്‍ നിന്നു മുക്തമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇവിടെ ആഭാസങ്ങളുടെ തെറ്റിനു പുറമെ പണ്ഡിതന്മാരെ അവമതിച്ചതിന്‍റെ തെറ്റു കൂടി ചുമക്കേണ്ടി വരും.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ