മരിച്ചവര്‍ കേള്‍ക്കുമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഹകീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരിച്ചവര്‍ കേള്‍ക്കുമെന്നാണ് ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാനാവുന്നത്. ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം:  عن نافع أن ابن عمر رضي الله عنهما أخبره قال اطلع النبي صلى الله عليه وسلم على أهل القليب فقال وجدتم ما وعد ربكم حقا فقيل له تدعو أمواتا فقال ما أنتم بأسمع منهم ولكن لا يجيبون . ഖുലൈബ്കാരോട് നബി ചോദിച്ചു. നിങ്ങളോട് നിങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് സത്യമായി പുലര്‍ന്നില്ലയോ. അപ്പോള്‍ നബി തങ്ങളോട് ഒരു സ്വഹാബി ചോദിച്ചു, മരിച്ചവരോടാണോ സംസാരിക്കുന്നത്. നബി പ്രതിവതിച്ചു: നിങ്ങള്‍ അവരേക്കാള്‍ കൂടുതല്‍ കേള്‍ക്കുന്നവരല്ല. പക്ഷെ അവര്‍ മറുപടി പറയില്ലെന്ന് മാത്രം. ഈ ഹദീസ് മുസ്‍ലിമും ഉദ്ധരിച്ചിട്ടുണ്ട്. മുസ്‍ലിം ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: عن أنس بن مالك قال: قال نبي الله صلى الله عليه وسلم إن العبد إذا وضع في قبره وتولى عنه أصحابه إنه ليسمع قرع نعالهم അടിമ ഖബറില്‍ വെക്കപ്പെട്ട് കൂടെപ്പോയവരൊക്കെ പിരിഞ്ഞ് പോരുമ്പോള്‍ അവരുടെ ചെരുപ്പിന്റെ ശബ്ദം അവന്‍ കേള്‍ക്കും. ഇബ്നുല്‍ ഖയ്യിം പറയുന്നു: മരിച്ചവരോട് السلام عليكم എന്ന് സലാം പറയാന്‍ നബി (സ) കല്‍പിച്ചതില്‍  നിന്ന് തന്നെ മരിച്ചവര്‍ കേള്‍ക്കുമെന്ന് മനസ്സിലാക്കാം. കാരണം കേള്‍ക്കാത്തവരോട് സലാം പറയുന്നത് പരിഹാസ്യമാണ്. കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളെ തന്നെയാണ് നാം വിളിച്ച് സലാം പറയുന്നത്. മഹാനായ ഇബ്നു കസീര്‍ (റ) യും ഇതേ അഭിപ്രായം പറയുന്നുണ്ട്. മയ്യിതിന് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കല്‍ സുന്നതാണെന്ന് ഇമാം നവവി അടക്കമുള്ള പല പണ്ഡിതരും വിശദീകരിക്കുന്നുണ്ട്. അവര്‍ കേള്‍ക്കാത്തവരെങ്കില്‍ തല്‍ഖീന്‍ കൊണ്ട് ഉപകാരം ഇല്ലല്ലോ. അവര്‍ കേള്‍ക്കുമെന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് പണ്ഡിതര്‍ അത് സുന്നതാണെന്ന് പറഞ്ഞത്. فإنك لا تسمع الموتى  മരിച്ചവരെ നിങ്ങള്‍ കേള്‍പിക്കില്ലയെന്ന ഖുര്‍ആന്റെ ആയത് അവര്‍ കേള്‍ക്കില്ല എന്നതിന് തെളിവല്ല. മറിച്ച് സാദാരണ ജനങ്ങള്‍ കേള്‍ക്കുന്ന പോലെ ഉപകരിക്കുന്ന കേള്‍വി കേള്‍ക്കില്ലയെന്നാണെന്ന് ഇബ്നു ഹജര്‍ (റ) വിശദീകരിച്ചിട്ടുണ്ട്. കാരണം ഈ ആയതിന് ശേഷം മുഅ്മിനീങ്ങള്ക്ക് കേള്‍പിക്കാനാവുമെന്നും പറയുന്നുണ്ട്. അപ്പോള്‍ മരിച്ച കാഫിര്‍ കേള്‍ക്കില്ല മുസ്‍ലിം കേള്‍ക്കുമെന്നായി മാറുമല്ലോ അര്‍ത്ഥം. അതുണ്ടാവില്ല താനും. അത് കൊണ്ട് ഇത് ഒരു ഉപമ മാത്രമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter