കുറിയില്‍ സകാത് നല്‍കേണ്ടത് എങ്ങനെ?

ചോദ്യകർത്താവ്

സനല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുറി എന്നതിന് പ്രത്യേകമായി സകാത് വരുന്നില്ല. ഓരോ മാസവും നിശ്ചിത സംഖ്യ കടം കൊടുക്കലായാണ് കുറിയെ കര്‍മശാസ്ത്ര പണഡിതര്‍ പരിഗണിച്ചിട്ടുള്ളത്. അപ്പോള്‍ കിട്ടാനുള്ള കടത്തിനുള്ള സകാതായാണ് കുറിയിലെ സകാത് പരിഗണിക്കേണ്ടത്. മാസ തവണ അടച്ച് ഏത് മാസമാണോ സകാത് നല്‍കേണ്ട കണക്ക് എത്തുന്നത് അന്നു മുതലാണ് ആ സംഖ്യയില്‍ വര്‍ഷമാരംഭിക്കേണ്ടത്. ഉദാഹരണമായി ഓരോ മാസവും 10000 രൂപയാണ് കുറിയിലേക്കടക്കേണ്ടതെന്ന് വിചാരിക്കുക.  മുഹര്‍റമില്‍ കുറി തുടങ്ങി. റബീഉല്‍ അവ്വല്‍ ഒന്നിന് അവന്‍ കുറിയിലേക്ക് 30000 രൂപ അടച്ചിരിക്കും. അതോടെ സകാത് നല്‍കേണ്ട നിസ്വാബ് എത്തി(21122.5 ആണ്  ഇന്നത്തെ വെള്ളിയുടെ വില അനുസരിച്ച് സകാത് നല്‍കാന്‍ അര്‍ഹനാവാനുള്ള നിസ്വാബ് ). ഇനി അടുത്ത റബീഉല്‍ അവ്വല്‍ ഒന്നിനാണവന്‍ സകാത് നല്‍കേണ്ടി വരുക.  ആ റബീഉല്‍ അവ്വല്‍ ഒന്നിന് മുമ്പ്  കുറി കിട്ടി ആ സംഖ്യ മറ്റു ആവശ്യങ്ങള്‍കായി ചെലവഴിച്ചാല്‍ സകാത് നല്‍കേണ്ടതില്ല. കുറി ലഭിച്ച്  ആ സംഖ്യ ചെലവഴിക്കാതെ സൂക്ഷിച്ച് വച്ചിട്ടുണ്ടെങ്കിലും കുറി ലഭിച്ചിട്ടില്ലെങ്കിലും അടുത്ത റബീഉല്‍ അവ്വല്‍ ഒന്നിന് 30000 ന്റ രണ്ടര ശതമാനം സകാത് നല്‍കല്‍ നിര്‍ബന്ധമാണ്. ഇനി ആദ്യത്തെ റബീഉല്‍ ആഖറിന്  ഒരു 10000 കൂടെ അവന്‍ കുറിയിലേക്കടക്കും അപ്പോള്‍ സംഖ്യ 40000 മായി മാറും. 30000ന്റെ സകാത് റബീഉല്‍ അവ്വലില്‍ നല്‍കണമെന്ന് പറഞ്ഞല്ലോ, ബാക്കി 10000 ന്റെ 2.5 ശതമാനം സകാത് തൊട്ടടുത്ത റബീഉല്‍ ആഖറില്‍ നല്‍കണം. പിന്നീട് നല്‍കിയ 10000 ന്റെത് അടുത്ത മാസം. ഇങ്ങനെ കുറി ലഭിച്ച് ആ സംഖ്യ ചെലവഴിക്കുന്നത്  വരെ നല്‍കി കൊണ്ടിരിക്കണം. എന്നാല്‍ ഇങ്ങനെ ഒാരോ മാസവും സകാത് നല്കുന്നതിന് പകരം ആദ്യത്തെ 30000 ന്റെ സകാത് നല്‍കുന്ന ദിവസം കുറിയിലേക്ക് അതു വരെ മൊത്തമായി അടച്ച സംഖ്യ കണക്കാക്കി അതിന്റെ 2.5 ശതമാനം സകാത് നല്‍കാവുന്നതുമാണ്. ഇങ്ങനെ സകാത് നല്‍കി 30000 നപ്പുറമുള്ള സംഖ്യയുടെ വര്‍ഷമെത്തുന്നതിന് മുമ്പ് കുറി ലഭിച്ച്  ആ സംഖ്യ ചെലവഴിച്ചാല്‍ നല്‍കിയ സകാത് സ്വദഖയായി മാറും. സകാത് വാങ്ങിയ ആളോട് സകാതായി പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തിരിച്ച് വാങ്ങുമെന്നോ സമയമാകുന്നതിന് മുമ്പുള്ള സകാതാണെന്നോ പറഞ്ഞിട്ടുണ്ടെങ്കില്‍ തിരിച്ച് വാങ്ങാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter