നബിക്ക് സിഹ്ര്‍ ബാധിച്ചിട്ടുണ്ടോ?എത്ര ദിവസം?

ചോദ്യകർത്താവ്

സജ്ജാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലബീദുബ്നു അഅ്സം എന്ന ജൂതന്‍ നബി തങ്ങളെ സിഹ്റ് ചെയ്തിരുന്നുവെന്ന് ബുഖാരി (റ)വും മുസ്‍ലിം (റ) വും നിവേദനം ചെയ്ത ഹദീസില്‍ കാണാം ആഇശ പറയുന്നു: "ബനൂ സുറൈഖ് ഗോത്രക്കാരനായ ലബീദ് ബിന്‍ അഅ്സം നബിതിരുമേനിക്ക് സിഹ്ര്‍ ചെയ്തു. അങ്ങനെ തിരുമേനിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് തോന്നും. ഒരു ദിവസം തിരുമേനി  പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു: 'ആഇശാ, ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന് അവന്‍ എനിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. എന്റെ അടുക്കല്‍ രണ്ടാളുകള്‍ വന്നു. അവരില്‍ ഒരാള്‍ തലഭാഗത്തും മറ്റേയാള്‍ എന്റെ കാല്‍ഭാഗത്തുമിരുന്നു. അവരില്‍ ഒരാള്‍ ചോദിച്ചു: ഇദ്ദേഹത്തെയെന്താണ് ബുദ്ധിമുട്ടാക്കുന്നത്?  മറ്റെയാള്‍ പറഞ്ഞു: ഇദ്ദേഹത്തിന് സിഹ്റ് ബാധിച്ചിരിക്കുന്നു. ആദ്യത്തെയാള്‍ ചോദിച്ചു: ആരാണ് സിഹ്റ് ചെയ്തത്? മറ്റെയാള്‍ : ലബീദുബ്നു അഅ്സ്വം. ആദ്യത്തെയാള്‍: എന്തു വസ്തുവിലാണ് സിഹ്ര്‍ ചെയ്തിരിക്കുന്നത്?മറ്റെയാള്‍ പറഞ്ഞു: ചീര്‍പ്പിലും ചീകുമ്പോള്‍ കൊഴിഞ്ഞു വിഴുന്ന മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൊതുമ്പിലും ആദ്യത്തെയാള്‍ ചോദിച്ചു: അത് എവിടെയാണ്' മറ്റെയാള്‍ പറഞ്ഞു: അത് ദൂ അര്‍വാന്‍ ഗോത്രക്കാരുടെ കിണറ്റിലാണ്. അങ്ങനെ തിരുമേനി ചില സ്വഹാബതിനെയൂം കൂട്ടി അവിടേക്ക് പോയി. തിരുമേനി പറഞ്ഞു: ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്റെ തലപ്പ് പിശാചിന്റെ തലപോലെയുണ്ട്; ആഇശ ചോദിച്ചു: പ്രാവചകരേ, താങ്കള്‍ അത് പുറത്തെടുത്തില്ലേ? തിരുമേനി പറഞ്ഞു: അല്ലാഹു എനിക്ക് ആശ്വാസം നല്‍കി. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാകുന്നത് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ അതെടുത്ത് കുഴിച്ചുമൂടി. ആറു മാസത്തോളം നബിതിരുമേനി സിഹ്‍ര്‍ബാധിതനായിരുന്നുവെന്ന് ചില രിവായതുകളില്‍ കാണാം. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമായി പരാമര്‍ശിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter