നബി (സ) ഉപ്പ നരഗതിലാണ് എന്ന് ഒരു കുറിപ്പില്‍ കാണാനിടയായി ഇത് വാസ്തവമാണോ?

ചോദ്യകർത്താവ്

ഇര്‍ശാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരാള്‍ നരകത്തില്‍ ശാശ്വതനാണ് എന്ന് വ്യാഖ്യാനിക്കാന്‍ സാധ്യമല്ലാത്ത വിധമുള്ള വ്യക്തമായ തെളിവ് കിട്ടാതെ അയാള്‍ നരകാവകാശിയെന്ന് വിധിക്കരുത്. നബിയുടെ മാതാപിതാക്കളെ സംബന്ധിച്ച് വിത്യസ്തമായ ഹദീസുകള്‍ വന്നത് കൊണ്ട് അവരെ നരകാവകാശികളായി ചിത്രീകരിക്കരുത്. പല തെളിവുകള്‍ നിരത്തിക്കൊണ്ട് നബിയുടെ മാതാപിതാക്കള്‍ നരകാവകാശികളല്ലെന്ന് ഇമാം സുയൂത്വി (റ) പറഞ്ഞിട്ടുണ്ട്. സുയൂത്വി ഇമാം പറയുന്നു: ഒരു കൂട്ടം പണ്ഡിതന്മാര്‍ നബി (സ) യുടെ മാതാപിതാക്കള്‍ നരകാവകാശികളെല്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പല വഴികളിലൂടെയാണ് അവര്‍ ഇതു സ്ഥാപിച്ചത്. ഒന്ന്: പ്രാവാചകരെ അയക്കുന്നതിന് മുമ്പ് ഒരാളെയും അള്ളാഹു ശിക്ഷിക്കുകയില്ല എന്ന് ഖുര്‍ആനില്‍ അള്ളാഹു പറഞ്ഞിട്ടുണ്ട്. നബിതങ്ങളുടെ മാതാപിതാക്കള്‍ നബി (സ) യുടെ ആഗമനത്തിനു മുമ്പ് തന്നെ വഫാതായിട്ടുണ്ട്. അശ്അരീ പണ്ഡിതരും ശാഫീ മദ്ഹബിലെ കര്‍മ്മ ശാസ്ത്ര പണ്ഡിതരും നബിമാരെ അയക്കപ്പെടുന്നതിന് മുമ്പ് മരണപ്പെട്ടവര്‍ നരക ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടവരാണ് എന്ന അഭിപ്രായക്കാരാണ്. നബിമാരുടെ പ്രബോധനം എത്താത്തവരെ ആഖിറത്തില്‍ റസൂലിനെ അയച്ച് പരീക്ഷിക്കുമെന്ന് സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ പരീക്ഷണത്തില്‍ നബിയുടെ കുടുംബവും മാതാപിതാക്കളും വിജയിക്കുമെന്ന് മനസ്സിലാക്കണമെന്ന് ഇബ്‍നു ഹജറില്‍ അസ്ഖലാനീ (റ) പറയുന്നു. രണ്ട് കാരണങ്ങളാണ് അദ്ദേഹമതിനു പറയുന്നത്. ഒന്ന്: ഹാകിം (റ) ഉദ്ധരിച്ച ഹദീസില്‍ കാണാം എന്റെ മാതാപിതാക്കള്‍ക്കു വേണ്ടി ഞാന്‍ അള്ളാഹുവിനോട് ചോദിച്ചാല്‍ അള്ളാഹു അംഗീകരിക്കും. ഈ ഹദീസില്‍ നിന്ന് നബി ശഫാഅത് ചെയ്യുന്ന സമയത്ത് തന്റെ മാതാപിതാക്കള്‍ക്കു നല്ലത് ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. രണ്ട്: ولسوف يعطيك ربك فترضى എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട്. നബിയുടെ കുടുംബത്തില്‍ നിന്നാരും നരകത്തില്‍ കടക്കാതിരിക്കല്‍ നബിയുടെ തൃപ്തിയാണല്ലോ. നബിയുടെ മാതാപിതാക്കള്‍ നരകാവകാശികളല്ലെന്ന് പറയാന്‍ പണ്ഡിതന്മാര്‍ പറഞ്ഞ രണ്ടാമത്തെ വഴി: നബിയുടെ മാതാപിതാക്കള്‍ ശിര്‍കു ചെയ്തിരുന്നുവെന്നതിന് തെളിവില്ല. വറകതുബ്നു നൌഫലിനെ പോലെ നബിയുടെ മാതാപിതാക്കളും ഇബ്റാഹീം നബിയുടെ മതത്തിലായിരുന്നു. ഇമാം റാസി പറയുന്നു: الذي يراك حين تقوم وتقلبك في الساجدين എന്ന ആയതിനു സുജൂദ് ചെയ്യുന്നവരില്‍ നിന്ന് സുജൂദ് ചെയ്യുന്നവരിലേക്ക് നബിയുടെ പ്രകാശം നീങ്ങിക്കൊണ്ടിരിക്കുമെന്ന്  പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. നബിയുടെ പിതാമഹന്മാരില്‍ നിന്ന് ആരും മുശ്‍രികല്ലയെന്നും റാസ് (റ) പറയുന്നു. ഇങ്ങനെ സ്വഹീഹും ളഈഫുമായ വിത്യസ്ത ഹദീസുകളും പല അടിസ്ഥാന തത്വങ്ങളും തെളിവായി പിടിച്ച് ഇമാം സുയുത്വി (റ) നബിയുടെ മാതാപിതാക്കള്‍ നരകാവകാശികളല്ലെന്ന് സമര്‍ത്ഥിക്കുന്നു. കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter