സ്വിഫീന്‍ യുദ്ധത്തിന്റെ വിധി? സ്വിഫീന്‍ യുദ്ധത്തില്‍ മരിച്ചവര്‍ ശഹീദാണോ?. സുന്നി/ഷിയ/ സലഫി /ജമാഅത്ത് എന്ന നിലക്ക് അയിത്തം കല്പികുന്നതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളത്? ഇവര്‍ തമ്മില്‍ പരസ്പരം കലഹിക്കേണ്ടതുണ്ടോ?
ചോദ്യകർത്താവ്
മുഹമ്മദ് ശാകിര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
അലി (റ)വിന്‍റെ ഖിലാഫത്തിന്റെ ആദ്യകാലം പ്രശ്നസങ്കീര്‍ണമായിരുന്നു. ഹസ്റത്ത് ഉസ്മാ (റ) ന്‍റെ ഘാതകരെ ശിക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രഥമജോലി. ആയിരക്കണക്കിന് ഘാതകരുണ്ടായിരുന്നിട്ടും അവരുടെ പേര് അറിയാതിരുന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. പലരും മദീനയില്‍ തന്നെയുണ്ടായിരുന്നു. ചിലര്‍ ഹസ്റത്ത് അലി(റ)യുടെ പട്ടാളത്തില്‍ നുഴഞ്ഞു കയറിക്കൂടുക വരെ ചെയ്തു.
പ്രശ്നത്തിന്റെ സങ്കീര്‍ണത തിരിച്ചറിയാതിരുന്ന ചില സ്വഹാബിമാര്‍ അലി(റ)ക്കതിരെ രംഗത്തു വന്നു. അവര്‍ ഹസ്റത്ത് ഉസ്മാന്റെ (റ) ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷിക്കണമെന്ന് ഹസ്റത്ത് അലി(റ)യോട് ആവശ്യപ്പെട്ടു. നബി(സ)യുടെ പ്രിയപത്നി ആഇശ(റ), ത്വല്‍ഹ(റ) തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. അങ്ങനെയാണ് ജമല്‍ യുദ്ധവും സ്വിഫീന്‍ യുദ്ധവും നടക്കുന്നത്.
ഇത് സ്വഹാബാക്കള്‍ക്കിടയിലെ അവലോകനത്തില്‍ വന്ന പാളിച്ചയാണ്. ഇരു കൂട്ടരുടെയും ഉദ്ദേശ്യം ശുദ്ധമായിരുന്നു. അല്ലാഹുവിന്‍റെ പ്രീതി മാത്രമാണ് അവര്‍ കാംക്ഷിച്ചത്. ഇജ്തിഹാദില്‍ വന്ന ഈ പിഴവിനെ ഒരു തെറ്റായി കാണാനാവില്ല. അതിന്‍റെ പേരില്‍ മഹത്തുക്കളായ സ്വഹാബത്തിനെ കുറ്റപ്പെടുത്താനോ പഴിപറയാനോ പാടുള്ളത്. അങ്ങനെ ചെയ്യുന്നത് വലിയ പാപമാണ്.
ഈ രണ്ട് വിഭാഗത്തിനും യുദ്ധം ചെയ്യാന്‍ ന്യായമുണ്ടായിരുന്നു. അലി (റ) അംഗീകരിക്കപ്പെട്ട ഭരണാധികാരിയായിരുന്നു, അദ്ദേഹത്തിനെതിരെ വന്നവര്‍ ന്യായമായ കാരണമുണ്ടെന്ന് ധരിച്ചവരുമായിരുന്നു. അത് കൊണ്ട് രണ്ട് വിഭാഗത്തിനും യുദ്ധം ചെയ്യാവുന്നതാണ്.
ആ യുദ്ധത്തില്‍ മരിച്ചവര്‍ ശഹീദായി എണ്ണപ്പെടുകയില്ല.
സര്‍വ്വാംഗീകൃതമായ തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി സമൂഹത്തില്‍ കടന്നുവന്നവരെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ടതല്ല. അത്തരക്കാരാണ് മുബ്തദിഉകള്‍. അവരോട് ആശയസംഘട്ടനം നടത്തല്‍ പണ്ഡിതരുടെ ബാധ്യതയാണ്.إِذَا ظَهَرَتِ الْبِدَعُ فِي أُمَّتِي فَعَلَى الْعَالِمِ أَنْ يُظْهِرَ عَلِمَهُ، فَإِنْ لَمْ يَفْعَلْ فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلائِكَةِ وَالنَّاسِ أَجْمَعِينَ، لا يُقْبَلُ مِنْهُ صَرْفٌ وَلا عَدْل
"സമുദായത്തില്‍ ബിദ്അത് വെളിപ്പെട്ടിട്ട് പണ്ഡിതര്‍ തങ്ങളുടെ അറിവനുസരിച്ച് അതിനെതിരെ പ്രര്‍ത്തിച്ചിട്ടില്ലെങ്കില്‍ അള്ളാഹുവും മലക്കുകളും ജനങ്ങളും അവരെ ശപിക്കും. അവരില്‍ നിന്ന് സുന്നതും ഫര്‍ളും സ്വീകരിക്കപ്പെടുകയില്ല".
ബിദ്അതിനെയും മുബ്തദിഇനിയും വെറുക്കുകയും ആക്ഷേപിക്കുകയും വേണമെന്നാണ് ഇമാം ഗസാലി പറഞ്ഞത്. മുബ്തദിഅ് രോഗിയായാല്‍ സന്ദര്‍ശിക്കരുതെന്നും മരിച്ചാല്‍ അവരുടെ ജനാസയില്‍ സന്നിഹിതരാവരുതെന്നുമാണ് ഇമാം അഹ്‍മദ് (റ)വും മാലിക് (റ)വും പറഞ്ഞത്. അവരുടെ പിന്നില്‍ നിസ്കരിക്കുന്നതും അവരോട് സലാം പറയുന്നതും കറാഹത്താണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഹദീസുകളും സദ്‍വചനങ്ങളും ആധാരമാക്കിയാണ് പണ്ഡിതര്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.