ലീവ് സാലറിയും സര്‍വീസ് സാലറിയും വര്‍ഷങ്ങള്‍ക് ശേഷം കൈപറ്റുമ്പോള്‍ എപ്പോഴാണ് സകാതാ കൊടുക്കേണ്ടത്? എങ്ങനെയാണ് നല്‍കേണ്ടത്

ചോദ്യകർത്താവ്

അബ്ദുന്നാസര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശമ്പളം എന്നതിന് പ്രത്യേകമായി സകാത് വരുന്നില്ല. കറന്‍സിയുടെ സകാത് നല്‍കുന്നത് പോലെയാണ് അത് നല്‍കേണ്ടത്. ഇതു പോലെത്തന്നെയാണ് സര്‍വീസ് സാലറിയുടെയും ലീവ് സാലറിയുടേയും വിധി. ചോദ്യത്തില്‍ പറഞ്ഞ പോലെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശമ്പളം കൈപറ്റുന്നതെങ്കില്‍  കിട്ടാനുള്ള കടത്തിനുള്ള സകാതായാണ് ഈ സകാത് പരിഗണിക്കേണ്ടത്.  ഏത് മാസത്തോട് കൂടിയാണോ സകാത് നല്‍കേണ്ട കണക്ക് എത്തുന്നത് അന്നു മുതലാണ് ആ സംഖ്യയില്‍ വര്‍ഷമാരംഭിക്കേണ്ടത്. പറയപ്പെട്ട ശമ്പളം ലഭിക്കുന്നതിന് പ്രത്യേക സമയ പരിധിയില്ലതിരിക്കുകയും സകാത് നല്‍കേണ്ട സമയത്ത് അത് വസൂലാക്കല്‍ പ്രയാസമാവുകയും ചെയ്താല്‍ ശമ്പളം ലഭിച്ചതിന് ശേഷം മാത്രം വര്‍ഷമെത്തിയ സംഖ്യക്ക്  സകാത് നല്‍കിയാല്‍ മതി. ശമ്പളം ലഭിക്കാന്‍ പ്രത്യേക സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ അവധിയെത്തിയതിന് ശേഷമാണ് സകാത് നല്‍കേണ്ടത്. ശമ്പളം ലഭിക്കുന്നതിന് പ്രത്യേക സമയ പരിധിയില്ലതിരിക്കുകയും സകാത് നല്‍കേണ്ട സമയത്ത് അത് വസൂലാക്കല്‍ എളുപ്പവുമെങ്കില്‍ നിസ്വാബെത്തി വര്‍ഷമെത്തുന്ന സമയത്ത് തന്നെ നല്‍കേണ്ടതാണ്. താഴെ പറയും വിധമാണ് ഈ അവസരത്തില്‍ സകാത് നല്‍കേണ്ടത്. ഉദാഹരണമായി ഓരോ മാസവും 10000 രൂപയാണ് ശമ്പളമെന്ന് വിചാരിക്കുക.  മുഹര്‍റമില്‍ അവന്‍ ശമ്പളം കിട്ടാനര്‍ഹനായി. റബീഉല്‍ അവ്വല്‍ ഒന്നിന് അവന് കിട്ടാനുള്ള ശമ്പളം 30000 രൂപയായിരിക്കും. അതോടെ സകാത് നല്‍കേണ്ട നിസ്വാബ് എത്തി(20289.5 ആണ്  ഇന്നത്തെ വെള്ളിയുടെ വില അനുസരിച്ച് സകാത് നല്‍കാന്‍ അര്‍ഹനാവാനുള്ള നിസ്വാബ് ). ഇനി അടുത്ത റബീഉല്‍ അവ്വല്‍ ഒന്നിനാണവന്‍ സകാത് നല്‍കേണ്ടി വരുക.  ആ റബീഉല്‍ അവ്വല്‍ ഒന്നിന്  30000 ന്റ രണ്ടര ശതമാനം സകാത് നല്‍കല്‍ നിര്‍ബന്ധമാണ്. ഇനി ആദ്യത്തെ റബീഉല്‍ ആഖറാവുമ്പോള്‍ അവന്  ശമ്പളയിനത്തില്‍ 40000 രൂപ ലഭിക്കാനുണ്ടാവം . 30000ന്റെ സകാത് റബീഉല്‍ അവ്വലില്‍ നല്‍കണമെന്ന് പറഞ്ഞല്ലോ, ബാക്കി 10000 ന്റെ 2.5 ശതമാനം സകാത് തൊട്ടടുത്ത റബീഉല്‍ ആഖറില്‍ നല്‍കണം. പിന്നീട് വര്‍ദ്ധിക്കുന്ന 10000 ന്റെത് അടുത്ത മാസം. ഇങ്ങനെ ശമ്പളം ലഭിക്കുന്നത് വരെ നല്‍കിക്കൊണ്ടിരിക്കണം. എന്നാല്‍ ഇങ്ങനെ ഒാരോ മാസവും സകാത് നല്കുന്നതിന് പകരം ആദ്യത്തെ 30000 ന്റെ സകാത് നല്‍കുന്ന ദിവസം അതു വരെ ലഭിക്കാനുള്ള മൊത്തം ശമ്പളത്തിന്റെ 2.5 ശതമാനം സകാത് നല്‍കാവുന്നതുമാണ്. ഇങ്ങനെ സകാത് നല്‍കി 30000 നപ്പുറമുള്ള സംഖ്യയുടെ വര്‍ഷമെത്തുന്നതിന് മുമ്പ് ശമ്പളം ലഭിച്ച്  ആ സംഖ്യ ചെലവഴിച്ചാല്‍ നല്‍കിയ സകാത് സ്വദഖയായി മാറും. സകാത് വാങ്ങിയ ആളോട് സകാതായി പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തിരിച്ച് വാങ്ങുമെന്നോ സമയമാകുന്നതിന് മുമ്പുള്ള സകാതാണെന്നോ പറഞ്ഞിട്ടുണ്ടെങ്കില്‍ തിരിച്ച് വാങ്ങാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter