സാധാരണയായി ഇപ്പോള്‍ സ്ത്രീകളില്‍ കാണുന്ന രോഗമാണ് PCOD .ഇങ്ങനെ ഉള്ളപ്പോള്‍ 3-4 മാസം ആര്‍ത്തവം ഇല്ലാതിരിക്കുകയും പിന്നെ ആര്‍ത്തവം ഉണ്ടായാല്‍ അത് 1 മാസമോ അതിനു മുകളിലോ കാണുന്നു. ഇതിനെ ഇസ്തിഹാളത് ആയി കണക്കാക്കാമോ?

ചോദ്യകർത്താവ്

ഹസീന

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവരക്തം ചുരുങ്ങിയത് ഒരു ദിവസവും കൂടിയാല്‍ പതിനഞ്ച് ദിവസവുമാണ്. ഈ കണക്കനുസരിച്ചല്ലെങ്കില്‍ അത് ഇസ്തിഹാളതായി പരിഗണിക്കണം. രണ്ട് ഹൈളിനിടക്കുള്ള ശുദ്ധിചുരുങ്ങിയത് പതിനഞ്ച് ദിവസമാണ്. കൂടിയതിന് പ്രത്യേക കണക്കില്ല, അത് എത്രയുമാവാം. ചോദ്യത്തില്‍ പറഞ്ഞതനുസരിച്ച് ഒരു മാസത്തിലധികം രക്തം വന്നാല്‍ അത് മുഴുവന്‍ ഇസ്തിഹാളതായി കണക്കാക്കേണ്ടതില്ല. ആര്‍ത്തവകാരിയുടെ നില അനുസരിച്ച് ആര്‍ത്തവ രക്തത്തിന്റെയും ഇസ്തിഹാളത്തിന്റെയും കണക്കില്‍ വിത്യാസം വരും. ആര്‍ത്തവം ആദ്യമായി തുടങ്ങുന്നവളെങ്കില്‍ ആര്‍ത്തവരക്തവും അല്ലാത്തതും തിരിച്ചറിയാന്‍ കഴിവുള്ളവരും ഇല്ലാത്തവരുമുണ്ടാവും. രക്തത്തിന്റെ ശക്തിയും ശക്തികുറവുമനുസരിച്ചാണ് അവ തീരുമാനിക്കേണ്ടത് ശക്തിയുള്ള രക്തം ഒരു ദിവസത്തില്‍ കുറവോ പതിനഞ്ച് ദിവസത്തില്‍ കൂടുതലോ അല്ലാത്ത വിധമെങ്കില്‍ അത് ആര്‍ത്തവവും അല്ലാത്തത് ഇസ്തിഹാളതുമായി കണക്കാക്കണം. ശക്തിയുള്ള രക്തം ഒരു ദിവസത്തേക്കാള്‍ കുറയുകയോ പതിനഞ്ച് ദിവസത്തേക്കാള്‍ കൂടുകയോ ചെയ്താല്‍ ഈ രീതിയില്‍ ആര്‍ത്തവവും ഇസ്തിഹാളതും തിരിച്ചറിയാന്‍ സാധ്യമല്ല. ഉദാഹരണമായി ആദ്യ രണ്ട് ദിവസം ശക്തിയുള്ള രക്തം വന്നു പിന്നെ (എത്ര കാലമായാലും) ശക്തിയില്ലാത്ത രക്തവും വന്നാല്‍ ആ രണ്ട് ദിവസം മാത്രം ആര്‍ത്തവവും അല്ലാത്തത് ഇസ്തിഹാളതുമായി പരിഗണിക്കണം. പതിനഞ്ച് ദിവസമാണ് രണ്ട് ഹൈളിനിടക്കുള്ള കുറഞ്ഞ ശുദ്ധിയെന്ന് നാം വിശദീകരിച്ചുവല്ലോ. അപ്പോള്‍ ഉദാഹരണമായി രണ്ട് ദിവസം ശക്തിയുള്ളത് പതിനഞ്ച് ദിവസത്തില്‍ താഴെ ശക്തിയില്ലാത്തത്  വീണ്ടും ഇതു പോലെ തുടര്‍ന്നു തുടര്‍ന്നു വന്നാല്‍ ആര്‍ത്തവരക്തം തിരിച്ചറിയാത്ത സ്ത്രീയുടെ വിധിയാണ് ബാധകമാവുക. എന്നാല്‍ രണ്ട് ദിവസം ശക്തിയുള്ളത് പതിനഞ്ചു ദിവസം ശക്തിയില്ലാത്തത് വീണ്ടും കട്ടിയുള്ളത് ഇങ്ങനെ രക്തം വന്നാല്‍ ശക്തിയുള്ള രക്തം വന്ന ദിവസങ്ങളാണ് ആര്‍ത്തവ ദിവസങ്ങള്‍. ആദ്യമായി ആര്‍ത്തവമുണ്ടാകുന്നവള്‍ ആര്‍ത്തവരക്തവും അല്ലാത്തതും തിരിച്ചറിയാന്‍ സാധിക്കുന്നവളല്ലെങ്കില്‍ ഒരു ദിവസം ഹൈളും ബാക്കിയുള്ളത് ഇസ്തിഹാളതുമായി പരിഗണിക്കണം. മുമ്പ് ഹൈളുണ്ടായവളാണെങ്കില്‍ മുമ്പുണ്ടായ കണക്കും സമയവും ഹൈളായും അല്ലാത്തത് ഇസ്തിഹാളതായും പരിഗണിക്കണം. മുമ്പുണ്ടായവള്‍ക്ക് ഹൈളും അല്ലാത്തതും തിരിച്ചറിയാന്‍ സാധിക്കുമെങ്കില്‍ തിരിച്ചറയുന്നവള്‍ പ്രവര്‍ത്തിക്കേണ്ട വിധം മുമ്പ് നാം വിശദീകരിച്ചുവല്ലോ, അതനുസരിച്ച് പ്രവര്‍ത്തിക്കണം. മുമ്പുണ്ടായ കണക്കും സമയവും മറന്ന് പോയാല്‍ അവള്‍ സുക്ഷമത പാലിക്കണം. അപ്പോളവള് രക്തമുള്ളകാലമത്രയും ഖുര്‍ആന്‍ ഓതുകയോ തൊടുകയോ ചെയ്യരുത്, ലൈംഗികമായി ബന്ധപ്പെടരുത്. എല്ലാ ഫര്‍ളും കുളിച്ചതിന് ശേഷം നിസ്കരിക്കണം. സമയമോ കണക്കോ (ഏതെങ്കിലുമൊന്ന്) ഓര്‍ക്കുന്നുവെങ്കില്‍ ഉറപ്പുള്ളതനുസരിച്ച് പ്രവര്‍ത്തിക്കുകയും ശുദ്ധിക്കും ഹൈളിനും സാധ്യതയുള്ള സമയത്ത് സൂക്ഷ്മത പാലിക്കുകയും വേണം. കൂടുതലറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ    

ASK YOUR QUESTION

Voting Poll

Get Newsletter