അല്ലാഹു, അവനെക്കുറിച്ചു പറഞ്ഞത് " അല്ലാഹുവിന് ഭംഗിയുള്ള പേരുകളുണ്ട്, അവ കൊണ്ട് അവനെ നിങ്ങള്‍ വിളിച്ചു കൊള്ളുക " എന്നാണ്. പക്ഷെ, ഈശ്വരന്‍, ജഗന്നിയന്താവ്, ദൈവം, നാഥന്‍, തുടങ്ങിയ പേരുകള്‍ കൊണ്ട് അല്ലാഹുവിനെ വിളിക്കുന്നു.ഇത് ശരിയാണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പറയപ്പെട്ടവയൊക്കെ അല്ലാഹുവിന്റെ അറബി പേരുകളുടെ മലയാള പദങ്ങളാണ്. അല്ലാഹുവിന്റെ പേരുകള്‍ മറ്റു ഭാഷകളിലേക്ക് ഭാഷാന്തരം നടത്തുന്നതിന് വിരോധമില്ലെന്ന് പണ്ഡിതന്മാരുടെ ഉദ്ധരണികളില്‍ നിന്ന് മനസ്സിലാക്കാം. അറബിയില്‍ അല്ലാഹു എന്നതും ഫാരിസിയില്‍ ഖുദാ എന്ന് പറഞ്ഞാലും അല്ലാഹുവിന്റെ നാമങ്ങള്‍ തന്നെയാണെന്ന് ഇമാം റാസ് തന്റെ തഫ്സീറില്‍ പറയുന്നുണ്ട്. ഇത്തരം പേരുകള്‍ കൊണ്ട് അള്ളാഹുവിനെ വിളിക്കുന്നത് നല്ല പേരുകള്‍ കൊണ്ട് അല്ലാഹുവിനെ വിളിക്കുക എന്ന് പറഞ്ഞതിനു എതിരല്ല. കാരണം നല്ല പേരുകള്‍ കൊണ്ട് വിളിക്കുകയെന്നാല്‍ നല്ല വിശേഷണങ്ങളെ അറിയിക്കുന്ന പേരുകള്‍ കൊണ്ട് വിളിക്കുകയെന്നാണ് സാരം. അപ്പോള്‍ മോശമായ അര്‍ത്ഥം ജനിപ്പിക്കുന്ന ദേഷ്യം പിടിക്കുന്നവന്‍ പോലോത്ത പേരില്‍ അള്ളാഹുവിനെ അഭിസംബോധനം ചെയ്യരുത്. പക്ഷെ യാ അല്ലാഹ് എന്ന് വിളിച്ച അതേ പ്രതിഫലം ദൈവമേ എന്ന് വിളിച്ചതിനുണ്ടാവില്ലെങ്കിലും അത് മൂലം അല്ലാഹുവിനെ ഓര്‍ത്തത് കാരണം അവനു പ്രതിഫലമുണ്ടാവും. ഒരു പേരും വിളിക്കാതെ അല്ലാഹുവിനെ ഹൃദയത്തില്‍ ഓര്‍ത്താല്‍ തന്നെ പ്രതിഫലമുണ്ടല്ലോ. ചോദ്യത്തില്‍ പറയപ്പെട്ട ദൈവം ഈശ്വരന്‍ എന്നത് ഇലാഹ് എന്ന പദത്തിന്റെയും ജഗന്നിയന്താവ് എന്നത് റബ്ബുല്‍ ആലമീന്‍ എന്ന പദത്തിന്റെയും നാഥന്‍ എന്നത് മാലിക് എന്ന പദത്തിന്റെയും മലയാള വിവര്‍ത്തനങ്ങളാണ്. പരമേശ്വരന്‍ പോലോത്ത പേരുകളില്‍ അല്ലാഹുവിനെ അഭിസംബോധനം ചെയ്യരുത്. കാരണം ഇലാഹല്‍ ആലിഹത് എന്നാണ് അതിന്റെ അറബി പദം. അല്ലാഹു അല്ലാത്ത മറ്റു ഇലാഹുകളുമുണ്ടെന്ന് അതില്‍ നിന്ന് തോന്നുന്നുണ്ടല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter