എന്തിനായിരുന്നു ഖിബ്‍ല മാറ്റം? എത്ര ദിവസമാണ് ബൈതുല്‍ മുഖദ്ദസിലേക്ക് നിസ്കരിച്ചത്

ചോദ്യകർത്താവ്

റാശിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹിജ്റക്ക് മുമ്പും മദീനയില്‍ ആദ്യ കാലത്തും നിസ്കാരത്തിലെ ഖിബ് ല ബൈതുല്‍ മുഖദ്ദസ് ആയിരുന്നു. മക്കയിലായിരുന്നപ്പോള്‍ കഅ്ബ മുന്നില്‍ വരും വിധം ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് നബി നിസ്കരിച്ചിരുന്നത്. മദീനയില്‍ ദിശ മാറിയതിനാല്‍ അതിനു സാധ്യമായിരുന്നില്ല. എന്നാല്‍  കഅ്ബ ഖിബ് ല ആവുക എന്നത് ആദ്യം മുതലേ നബി(സ്വ)യുടെ ആഗ്രഹം ആയിരുന്നു.മക്കയില്‍ ആയിരുന്നപ്പോള്‍ മുശ്‍രിക്കുകള്‍ നബി(സ്വ)യെ പരിഹസിച്ചിരുന്നു, അവര്‍ ഇങ്ങനെ പറയുമായിരുന്നു."മുഹമ്മദ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തില്‍ ആണ് എന്ന് പറയുന്നു,എന്നാല്‍ ഇബ്രാഹീമിന്‍റെ ഖിബ് ലയോട് എതിരാവുകയും ചെയ്യുന്നു."മദീനയില്‍ എത്തിയപ്പോഴും ബൈതുല്‍ മുഖദ്ദസിലേക്ക് തന്നെയാണ് തിരിഞ്ഞത്.ഈ സമയത്ത് ജൂതന്മാര്‍ മുസ്ലിംകളെ  പരിഹസിച്ചു:"മുഹമ്മദ്‌ മതത്തില്‍ ഞങ്ങളോട് എതിരാവുന്നു,എന്നാല്‍ ഞങ്ങളുടെ ഖിബ്‍ല പിന്‍ പറ്റുകയും ചെയ്യുന്നു. ഞങ്ങളില്ലായിരുന്നുവെങ്കില്‍ എങ്ങോട്ട് തിരിയണമെന്ന് മുഹമ്മദിനറിയുമായിരുന്നില്ല".ജൂതന്മാരോട് എല്ലാ നിലക്കും എതിരാവാനും ഇബ്റാഹീം നബിയുടെ ഖിബ്‍ലയായ ഖഅ്ബ തന്ന നബിയുടെ ഖിബ്‍ല ആകാനുമായിരുന്നു  നബി(സ്വ) ആഗ്രഹിച്ചിരുന്നത്. മാത്രമല്ല കൂടുതല്‍ അറബികള്‍ ഇസ്‍ലാമിലേക്ക് വരാനുള്ള ഹേതുകവുമായേക്കാം കഅ്ബയെന്ന ഖിബ്‍ല. മാത്രമല്ല പല മുനാഫിഖുകളുടെയും മുഖം മൂടി അഴിഞ്ഞു വീഴാനും ഇതു കാരണമാവും. അങ്ങനെ ഹിജ്റ രണ്ടാം വര്‍ഷം  റജബില്‍ നബി തങ്ങള്‍ ആഗ്രഹിച്ച ഖിബ്‍ല തന്നെ അള്ളാഹു നിശ്ചയിച്ചു. മക്കയില്‍ നിന്ന് പതിമൂന്ന് വര്‍ഷവും മദീനയില്‍ പതിനാറ് മാസവും നബിയും മുസ്‍ലിംകളും ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്കരിച്ചു. ഇതോടെ "മുഹമ്മദ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തില്‍ ആണ് എന്ന് പറയുന്നു,എന്നാല്‍ ഇബ്രാഹീമിന്‍റെ ഖിബ് ലയോട് എതിരാവുകയും ചെയ്യുന്നു." എന്ന മുശ്‍രികുകളുടെ വാദവും "മുഹമ്മദ്‌ മതത്തില്‍ ഞങ്ങളോട് എതിരാവുന്നു,എന്നാല്‍ ഞങ്ങളുടെ ഖിബ്‍ല പിന്‍ പറ്റുകയും ചെയ്യുന്നു. ഞങ്ങളില്ലായിരുന്നുവെങ്കില്‍ എങ്ങോട്ട് തിരിയണമെന്ന് മുഹമ്മദിനറിയുമായിരുന്നില്ല" എന്ന ജൂതന്മാരുടെ വാദഗതികളും അമ്പേ പരാജയപ്പെട്ടു. ഇത് സുചിപ്പിച്ച് കൊണ്ട് അള്ളാഹു പറയുന്നു: وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ لِئَلَّا يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلَّا الَّذِينَ ظَلَمُوا مِنْهُمْ فَلَا تَخْشَوْهُمْ وَاخْشَوْنِي وَلِأُتِمَّ نِعْمَتِي عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ ."എവിടെ നിന്ന് പുറപ്പെട്ടാലും താങ്കള്‍ കഅ്ബയുടെ നേര്‍ക്ക് മുഖം തിരിക്കുക. നിങ്ങള്‍ എവിടെ ആയിരുന്നാലും അതിന്റെ നേര്‍ക്ക് നിങ്ങളുടെ മുഖങ്ങളും തിരിക്കുക. മനുഷ്യരില്‍ അധര്‍മകാരികള്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ നിങ്ങള്‍ക്കെതിരായി തെളിവ് കൊണ്ടുവരാന്‍ അവസരമുണ്ടാവാതിരിക്കുവാന്‍ വേണ്ടിയാണ് (പ്രസ്തുത നിയമം കല്‍പിച്ചിട്ടുള്ളത്). അതിനാല്‍ ആ അധര്‍മകാരികളെ നിങ്ങള്‍ ഭയപ്പെടരുത്; എന്നെ ഭയപ്പെടുക. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരുവാനും നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാനുമാകുന്നു (പ്രസ്തുത നിയമം കല്‍പിച്ചിട്ടുള്ളത്)." ഖിബ്‍ല മാറ്റിയത് മൂലം ചിലര്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയും ചെയ്തു. മുസ്‍ലിമാണെന്ന് നടിക്കുന്ന കപടന്മായ ജൂതരായിരുന്നു അവര്‍. ഇതിലേക്ക് സൂചിപ്പിച്ചു കൊണ്ടാണ് അള്ളാഹു പറഞ്ഞത്:  وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنْتَ عَلَيْهَا إِلَّا لِنَعْلَمَ مَنْ يَتَّبِعُ الرَّسُولَ مِمَّنْ يَنْقَلِبُ عَلَى عَقِبَيْهِ وَإِنْ كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَحِيمٌ . "അല്ലാഹുവിന്റെ ദൂതനെ പിന്‍പറ്റുന്നവനെയും പാടേ പിന്മാറുന്നവനെയും വേര്‍തിരിച്ചറിയേണ്ടതിനായിട്ടാണ് താങ്കള്‍ മുമ്പ് സ്വീകരിച്ചുപോന്നിരുന്ന ഖിബ്‌ലയെ നാം നിശ്ചയിച്ചുതന്നത്. അല്ലാഹു നേര്‍വഴിയിലാക്കിയവരല്ലാത്തവര്‍ക്ക് അത് ഭാരമേറിയതുതന്നെയാകുന്നു. അല്ലാഹു നിങ്ങളുടെ നമസ്‌കാരത്തെ ഒട്ടുംതന്നെ പാഴാക്കുന്നതല്ല. നിശ്ചയമായും അല്ലാഹു മനുഷ്യരോട് വളരെ കനിവുള്ളവനും കരുണയുള്ളവനുമാകുന്നു." ഈ ലക്ഷ്യങ്ങള്‍ക്കു വേണ്ടി തന്നെയായിരുന്നു ഖിബ്‍മാറ്റിയത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter