ആദം നബി വഫാതായതെപ്പോള്‍? മയ്യിത് കുളിപ്പിച്ചത് ആര്?

ചോദ്യകർത്താവ്

ആരിഫ്‌ മുഹമ്മദ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആദം നബി (അ) നെ കുളിപ്പിച്ചതും കഫന്‍ ചെയ്തതും നിസ്കരിച്ചതും മറമാടിയതുമെല്ലാം മലക്കുകളാണെന്ന് ഗ്രന്ഥങ്ങളില്‍ കാണാം. ഇമാം അഹ്മദ് (റ) വിന്റെ മുസ്നദില്‍ ഇങ്ങനെ കാണാം: ആദം നബി മരണാസന്നനായപ്പോള്‍ സ്വര്‍ഗ്ഗീയ ഫലം ഭക്ഷിക്കാനുള്ള ആഗ്രഹം മക്കളെ അറിയിച്ചു. അവര്‍ അതും തേടിപ്പോയി. മഴുവും കഫന്‍ പുടവയും സുഗന്ഥവുമായി മലക്കുകള്‍ അവരെ എതിരേറ്റു. അവരോട് കാര്യം തിരക്കി. അവര്‍ ആഗമനോദ്ദേശ്യം മലക്കുകളെ അറിയിച്ചു. മലക്കുകള്‍ അവരോട് തിരിച്ച് പോവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മലക്കുകള്‍ വന്നപ്പോള്‍ ഹവ്വാഅ് ബീവി ആദം നബിയുടെ അടുത്തേക്ക് വന്നു. ആദം നബി മഹതിയോട് മലക്കുകള്‍ക്ക് വരാന്‍ വേണ്ടി മാറി നില്‍കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മലക്കുകള്‍ വന്ന് ആദം നബി (അ)മിന്റെ റൂഹ് പിടിക്കുകയും കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും നിസ്കരിക്കുകയും ഖബറ് കുഴിച്ച് മറമാടുകയും ചെയ്തു. എന്നിട്ടവര്‍ പറഞ്ഞു ആദം സന്തതികളേ ഇതാണ് നിങ്ങളുടെ ചര്യ. ഈ ഹദീസ് ദഈഫാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് സ്വഹീഹാണെന്നു ഹൈസമി എന്ന ഹദീസ് പണ്ഡിതന്‍ പറഞ്ഞിട്ടുണ്ട്. ആദം നബിയുടെ വയസ്സുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു സ്വഹീഹായ ഹദീസ് കാണാം: ആദം നബിയെ സൃഷ്ടിച്ചപ്പോള്‍ തന്റെ സന്താനങ്ങളെ ആദം നബിക്ക് കാണിച്ചു കൊടുത്തു. അപ്പോള്‍ കൂട്ടത്തില്‍ ദാവൂദ് നബി (അ) നെ കണ്ടു. എത്രയാണ് ദാവൂദ് നബിയുടെ വയസ്സെന്ന് അന്വേഷിച്ചു. അറുപതെന്ന് അള്ളാഹു മറുപടി പറഞ്ഞു. കുറച്ച് കൂട്ടിനല്‍കാന്‍ ആദം നബി അപേക്ഷിച്ചു. ആദം നബിയുടെ വയസ്സില്‍ നിന്ന് അല്‍പം നല്‍കാമെന്ന് അള്ളാഹു ഉത്തരം നല്‍കി. അപ്പോള്‍ ആദം നബി (അ) തന്റെ വയസ്സെത്രയെന്ന് അന്വേഷിച്ചു . ആയിരമെന്ന് അള്ളാഹു മറുപടി നല്‍കി. അതില്‍ നിന്ന് നാല്‍പത് ആദം നബി ദാവൂദ് നബിക്ക് നല്‍കി. അള്ളാഹു അത് എഴുതി വെക്കുകയും മലക്കുകളെ സാക്ഷിയാക്കുകയും ചെയ്തു. അങ്ങനെ ആദം നബിക്ക് 960 വയസ്സായപ്പോള്‍ റൂഹ് പിടിക്കാന്‍ വന്നു. ആദം നബി നാല്‍പത് വര്‍ഷം കൂടിയുണ്ടല്ലോ എന്ന് പറഞ്ഞു. അപ്പോള്‍ അള്ളാഹു പഴയ കാര്യം ഓര്‍മിപ്പിക്കുകയും മലക്കുകള്‍ സാക്ഷി നില്‍കുകയും ചെയ്തു. ഇബ്നു കസീര്‍ റ പറയുന്നു: അപ്പോള്‍ ആദം നബിക്ക് 1000 വും ദാവൂദ് നബിക്ക് 100 ഉം അള്ളാഹു പൂര്‍ത്തിയാക്കി നല്‍കി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter