തസ്ബീഹ് മാല ഉപയോഗിക്കുന്നതിന്റെ വിധി തെളിവ് സഹിതം വിശദീകരിക്കാമോ?

ചോദ്യകർത്താവ്

സാനു ഹസന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബി(സ)യുടെ പത്നിമാര്‍ ദിക്റുകള്‍ ചൊല്ലാനായി കല്ലുകളും കാരക്കക്കുരുകളും ഉപയോഗിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. സഅ്ദ് (റ) വും, അബൂ സഈദീല്‍ ഖുദ്‍രി (റ) വും കല്ലുകള്‍ കൊണ്ട് തസ്ബീഹ് ചൊല്ലിയിരുന്നു (مصنف ابن ابي شيبة)  കാരക്ക കുരുകളുപയോഗിച്ച് അബുദ്ദര്‍ദാഅ് (റ) ദിക്‍റ് ചൊല്ലിയിരുന്നുവെന്ന് അഹ്മദ് (റ) ഉദ്ധരിച്ചിട്ടുണ്ട്. അബൂ ഹുറൈറ (റ) കല്ലുകളുപയോഗിച്ച് ദിക്റ് ചൊല്ലിയിരുന്നുവെന്ന് അബൂ ദാവൂദ് (റ) വും കെട്ടുകളിട്ട നൂലു കൊണ്ട് ദിക്റ് ചൊല്ലിയതായി ഇബ്നു അബീ ശൈബയും ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) എണ്ണം കൈവിരലുകളില്‍ പിടിക്കാന്‍ പ്രോത്സാഹിപ്പിച്ചതായും കാണാം. ദിക്റുകളുടെ ബറകത് കൈകളില്‍ ലഭിക്കുകയും അവ ആഖിറത്തില്‍ സാക്ഷി നില്ക്കുകയും ചെയ്യാനാണത്. ഇബ്നു ഹജരില്‍ അസ്ഖലാനി പറയുന്നു: ചരക്കല്ലുകളും ഈത്തപ്പഴകുരുകളുപയോഗിച്ചും സ്വഹാബതും നബി തങ്ങളുടെ പ്രിയ പത്നിമാരില്‍ പെട്ടവരും ദിക്റ് ചൊല്ലിയതായി ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല നബി തങ്ങളത് കാണുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. നാല് മദ്ഹബിലെ പണ്ഡിതരും തസ്ബീഹ് മാല ഉപയോഗിക്കാമെന്ന് പറഞ്ഞതായി കാണാം. തസ്ബീഹ് മാലക്ക് നബി തങ്ങളുടെ പത്നിമാരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട നബി അംഗീകരിച്ച വ്യക്തമായ തെളിവുകളുണ്ടെന്ന് ഇമാം ഇബ്നു ഹജരില്‍ ഹൈതമി അദ്ദേഹത്തിന്റെ ശര്‍ഹുല്‍ അര്‍ബഈനില്‍ പറഞ്ഞിട്ടുണ്ട്. ജലാലുല്‍ ബുല്‍ഖൈനിയില്‍ നിന്ന് ഇമാം സൂയുഥി ഉദ്ധരിക്കുന്നു: തസ്ബീഹ് മാലയേക്കള്‍ നല്ലത് വിരലില്‍ എണ്ണം പിടിക്കലാണ് ഉത്തമമെന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തസ്ബീഹ് ചൊല്ലുന്ന ആള്‍ എണ്ണം പിഴക്കുമെന്ന് ഭയന്നാല്‍ ഉത്തമം തസ്ബീഹ് മാലയാണ്. അവലംഭിക്കാന്‍ പറ്റിയ പല സാദ്തുക്കളും തസ്ബീഹ് മാല ഉപയോഗിച്ചിരുന്നതായികാണാം. മാത്രമല്ല തസ്ബീഹ് മാല കണ്ടാല്‍ തന്നെ അള്ളാഹുവിനെ കുറിച്ചുള്ള ഓര്‍മ വരുന്നു എന്ന നിലയില്‍ അത് വളരെ ഉപകാരമുള്ളതുമാണ്. തസ്ബീഹ് മാല ഉപയോഗിക്കുന്നത് സുന്നതാണെന്നാണ് ഹന്‍ബലി മദ്ഹബുകാരനായ ഇബ്നുല്‍ ജൌസി പറഞ്ഞത്. ഹനഫി മദ്ഹബിലെ പണ്ഡിതനായ ഇബ്നു ആബിദീന്‍ (റ) യും തസ്ബീഹ് മാല ഉപയോഗിക്കുന്നതിന് അടിസ്ഥാനമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter