ഹനഫി മദ്ഹബില്‍ ദേഷ്യത്തോടെ കിനായതിന്റെ പദങ്ങള്‍ പറഞ്ഞാല്‍ നിയ്യതില്ലെങ്കിലും ത്വലാഖ് സംഭവിക്കുമോ

ചോദ്യകർത്താവ്

അശ്റഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.   ദേഷ്യത്തിന്റെ സമയത്ത് പറയുന്നതായാലും കിനായത് കൊണ്ട് ത്വലാഖ് സംഭവിക്കണമെങ്കില്‍ ഹനഫീ മദ്ഹബ് പ്രകാരവും നിയ്യത് ആവശ്യമാണ്. കിനായതുകളെ മൂന്നായി ഹനഫീ മദ്ഹബ് തരം തിരിച്ചിട്ടുണ്ട്. ദേഷ്യത്തിന്റെ സമയത്തെ കിനായത് ത്വലാഖ് ആവശ്യപ്പെടുന്ന സമയത്തെ കിനായത് ഈ രണ്ട് അവസ്ഥയിലല്ലാത്ത കിനായത്. ഇത്തരം സമയത്തെ പദങ്ങള്‍ തന്നെ മൂന്ന് വിധമാണ്. ഒന്ന് ചോദ്യത്തിനുത്തരമാവാനും തിരസ്കരിക്കലാവാനും സാധ്യമായ പദങ്ങള്‍, രണ്ട് മറുപടിയാവാന്‍ മാത്രം പറ്റിയ പദങ്ങള്‍, മൂന്ന് മറുപടിയാവാനും ശകാരമാവാനും സാധ്യമായ പദങ്ങള്‍. ദേഷ്യം പിടിച്ച് കൊണ്ടോ സ്ത്രീയുടെ ചോദ്യത്തിന് മറുപടിയായോ അല്ലാതെ ഇത്തരം പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ത്വലാഖാവാന്‍ നിയ്യത് ആവശ്യമാണ്. ചോദ്യത്തിനുത്തരമാവാന്‍ മാത്രം പറ്റിയ പദങ്ങള്‍ സ്ത്രീ ത്വലാഖ് ആവശ്യപ്പെടുന്ന സമയത്ത് പറഞ്ഞാല്‍ ഖാളിയുടെ അടുത്ത് അത് ത്വലാഖായി ഗണിക്കപ്പെടും. ചോദ്യത്തിനു മറുപടിയാവാനും തിരസ്കാരമാവാനും സാധ്യമായ പദങ്ങള്‍ ഈ അവസരത്തില്‍ പറഞ്ഞാല്‍ നിയ്യത് നിര്‍ബന്ധമാണ്. ഉദാഹരണമായി സ്ത്രീ എന്നെ ത്വലാഖ് ചൊല്ലിത്തരുമോ എന്ന് ചോദിച്ചപ്പോള്‍ എഴുന്നേറ്റ് പോവൂ എന്ന് പറഞ്ഞാല്‍ ത്വലാഖ് ചൊല്ലിയെന്നും ചൊല്ലിത്തരില്ലയെന്നുമാവാമല്ലോ. എന്നാല്‍ ത്വലാഖാകാന്‍ മാത്രം സാധ്യതയുള്ള ശകാരമോ തിരസ്കാരമോ ആവാന്‍ സാധ്യതയില്ലാത്ത കിനായതിന്റെ പദങ്ങള്‍ ദേഷ്യം പിടിച്ച് കൊണ്ട് പറഞ്ഞാല്‍ ഹനഫീ മദ്ഹബ് പ്രകാരം ഖാളിയുടെ അടുത്ത് ത്വലാഖ് സംഭവിച്ചതായി ഗണിക്കപ്പെടും. ചുരുക്കത്തില്‍ ഇത്തരം കിനായതിന്റെ പദങ്ങള്‍ മാത്രമേ ദേഷ്യം പിടിച്ച് പറഞ്ഞാല്‍ ഹനഫീ മദ്ഹബ് പ്രകാരം ത്വലാഖായി ഗണിക്കപ്പെടൂ. അല്ലാത്ത കിനായതിന്റെ പദങ്ങള്‍ക്കെല്ലാം നിയ്യത് ആവശ്യമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter