അന്യര്‍ക്ക് നമ്മില്‍ നിന്നും വല്ല ബുദ്ധിമുട്ടും സംഭവിച്ചാല്‍ എന്ത് ചെയ്യണം? ചില ആളുകള്‍ ചെയ്യുന്നത് പോലെ അയാളെ തൊട്ട് മുത്തിയാല്‍ മതിയോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇതരര്‍ക്ക് നാം കാരണമായി ശാരീരികമായും സാമ്പത്തികമായും മാനസികമായും പല ബുദ്ധിമുട്ടുകളുമുണ്ടായേക്കാം. അതിനെല്ലാം ഉടന്‍ തന്നെ പരിഹാഹം കാണല്‍ ഓരോ മുസ്‍ലിമിന്റെയും ബാധ്യതയാണ്. ഇതില്‍ ഓരോന്നിനും വിത്യസ്ത പരിഹാര മാര്‍ഗങ്ങളാണ് ഇസ്‍ലാം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഖിസാസെടുക്കാന്‍ അനുവാദമുള്ളതല്ലാത്ത ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് അതിനോടു യോജിച്ച പരിഹാരം ചെയ്യണം. മുറിവ് തുടങ്ങിയ അപകടങ്ങള്‍ നാം കാരണമായി മറ്റുള്ളവര്‍ക്കുണ്ടായാല്‍ മനപൂര്‍വമല്ലെങ്കിലും അയാള്‍ മാപ്പ് ചെയ്ത് തന്നില്ലെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം നല്‍കണം. ഇത്തരത്തിലുള്ളതല്ലാത്ത ചെറിയ ബുദ്ധിമുട്ടുകള്‍ അറിഞ്ഞു ചെയ്താലും അല്ലെങ്കിലും തൃപ്തിപ്പെടുത്തുക തന്നെയാണ് വേണ്ടത്. ഇസ്‍ലാമിക നിയമപ്രകാരം മറ്റുള്ളവന്റെ തൃപ്തി മനസ്സിലാക്കേണ്ടത് വാക്കുകള്‍ കൊണ്ടാണ്. അത് കൊണ്ടാണ് ഇടപാടുകളില്‍ ഈജാബും ഖബൂലും നിര്‍ബന്ധമാക്കിയത്. നാം കാരണം ബുദ്ധിമുട്ടുണ്ടായവനോട്  പൊരുത്തം ചോദിക്കലും അറിയാതെ ചെയ്തതെങ്കില്‍ അത് ഏറ്റ് പറഞ്ഞ് തെറ്റിദ്ധാരണ നീക്കലുമാണ് ഇസ്‍ലാമിക രീതി. ഇത്തരം മാതൃക നബിയില്‍ നിന്ന് നമുക്ക് കാണാം. നബി (സ) തങ്ങള്‍ ഒരു ദിവസം പള്ളിയില്‍ എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു: എന്റെ ഭാഗത്ത് നിന്ന് ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടുണ്ടെങ്കില്‍ എന്നോട് പകരം ചോദിക്കണമെന്ന് പറഞ്ഞു. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഉകാശ (റ) വന്ന് പറഞ്ഞു: നബിയേ ഒരു യുദ്ധം കഴിഞ്ഞ് വരുമ്പോള്‍ തങ്ങള്‍ എന്നെ അടിച്ചിട്ടുണ്ട്. അത് മനപൂര്‍വ്വമാണോ അബദ്ധത്തിലാണോ എന്നനിക്കറിയില്ല. അത് അബദ്ധത്തിലാണെന്ന് ഉകാശയെ ബോധ്യപ്പെടുത്തിയ ശേഷം നബി പകരം ചെയ്യാന്‍ സൌകര്യം ചെയ്ത് കൊടുത്തു. അപ്പോള്‍ നബിയുടെ വയറ്റില്‍ ഉകാശ (റ) ചുംബിച്ചു. അപ്പോള്‍ നബി പറഞ്ഞു. ഉകാശ എന്നെ അടിക്കാം അല്ലെങ്കില്‍ എനിക്ക് മാപ്പ് ചെയ്ത് തരിക. അപ്പോള്‍ ഉകാശ (റ) മാപ്പ് ചെയ്ത് കൊടുത്തുവെന്ന് തുടങ്ങി വളരെ വിശദമായി ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നബി തങ്ങള്‍ ചെയ്തത് അബദ്ധത്തിലാണെന്ന് ബോധ്യപ്പെടുത്തുകയും മാപ്പ് ചെയ്ത് തരുകയോ അല്ലെങ്കില്‍ പകരം ചെയ്യുകയോ ചെയ്യുക എന്ന് പറയുകയുമാണ്.

സാമ്പത്തികമായി നാം അറിഞ്ഞോ അറിയാതെയോ ഇതരര്‍ക്ക് വരുത്തി വെക്കുന്ന വിനക്ക് നാം പരിഹാരം ചെയ്യേണ്ടതാണ്. നഷ്ടപ്പെട്ട സമ്പത്ത് തിരിച്ച് നല്‍കിക്കൊണ്ടോ അല്ലെങ്കില്‍ അവനില്‍ നിന്ന് മാപ്പപേക്ഷിച്ച് കൊണ്ടോ ആണ് അതിനു പരിഹാരം കാണേണ്ടത്. على اليد ما أخذت حتى تؤديه അനര്‍ഹമായി കൈപറ്റിയത് തിരിച്ച് നല്‍കല്‍ നിര്‍ബന്ധമാണ് എന്നാണതിന്റെ സാരം. ഇത് മനപൂര്‍വ്വം നശിപ്പിച്ചാലും അല്ലെങ്കിലും അതിനു പരിഹാരം ചെയ്യല്‍ നിര്‍ബന്ധമാണെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുള്ളതായി അറിയില്ല എന്നാണ് ഇമാം ശാഫിഈ (റ) പറഞ്ഞത്.

അപരന്റെ അഭിമാനത്തിന് ക്ഷതമേല്‍പിച്ചാലും അതിന് പരിഹാരം കാണേണ്ടതാണ്. من كانت عنده مظلمة لأخيه من عرضه أو شيء، فيتحلله منه اليوم قبل أن لا يكون دينار ولا درهم، إن كان له عمل صالح أخذ منه بقدر مظلمته، وإن لم يكن له حسنات أخذ من سيئات صاحبه فحمل عليه തന്റെ സഹോദരന്റെ അഭിമാനത്തിനോ മറ്റു വല്ലതിനോ അനര്‍ഹമായി ക്ഷതമേല്‍പിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് പരിഹരിച്ച് കൊള്ളട്ടെ, തന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ അക്രമിക്കപ്പെട്ടവന് തോതനുസരിച്ച് നല്‍കപ്പെടുന്ന  സല്‍കര്‍മ്മങ്ങളില്ലെങ്കില്‍ അപരന്റെ കുറ്റം നിങ്ങളുടെ മേല്‍ ചുമത്തപ്പെടുന്ന ദിവസം വന്നെത്തുന്നതിന് മുമ്പ്. എന്ന് റസൂല്‍ (സ) പറഞ്ഞിട്ടുണ്ട്.

മറ്റുള്ളവരെ പരദൂഷണം പറഞ്ഞ് അവരെ ബുദ്ധിമുട്ടിച്ചാല്‍ അത് അവരോട് ചെന്ന് പറഞ്ഞ് ആത്മാര്‍ത്ഥമായി പൊരുത്തം വാങ്ങണമെന്നാണ് ഇമാം ഗസാലി (റ) പറഞ്ഞത്. അവര്‍ക്ക് വേണ്ടി പോറുക്കലിനെ തേടിയാല്‍ മതിയെന്നാണ് ഹസനുല്‍ ബസ്വരി (റ) പറഞ്ഞത്. كفارة من اغتبته أن تستغفر له ആരെക്കുറിച്ചാണോ പരദൂഷണം പറഞ്ഞത് അവനു വേണ്ടി പൊറുക്കലിനെ തേടലാണ് അതിനുള്ള പരിഹാരമെന്ന ഹദീസ് അനസ് (റ) ഉദ്ധരിച്ചിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter