തങ്ങന്മാര്‍ തെറ്റ് ചെയ്താല്‍ നരകത്തില്‍ പ്രവേശിക്കുമോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചെയ്ത തെറ്റിന് മാപ്പ് കൊടുക്കുന്നവന്‍ അല്ലാഹു ആണ്. അവന്‍ ഉദ്ദേശിച്ചാല്‍ ശിര്‍ക് അല്ലാത്ത എന്തിനും മാപ്പ് നല്‍കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. തങ്ങന്മാരെന്നല്ല ആരു തന്നെയായാലും തെറ്റു ചെയ്തത് കൊണ്ട് നരകത്തിലാണെന്ന് ഉറപ്പിക്കാനാവില്ല. അള്ളാഹു പൊറുത്ത് നല്‍കിയാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. പിതാക്കളുടെ സത്പ്രവര്‍ത്തനങ്ങള്‍ കാരണമായും മക്കള്‍ക്ക് സ്വര്‍ഗ്ഗത്തിലെ ഉന്നത പദവി ലഭിക്കാനിടയുണ്ട്. അള്ളാഹു പറയുന്നു : സത്യത്തില്‍ വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങളെ സത്യത്തില്‍ വിശ്വസിച്ചവരായതുംകൊണ്ട് നാം അവരോട് പിന്തുടര്‍ത്തുകയും ചെയ്തവരാകട്ടെ, അവരുടെ സന്താനങ്ങളെ (സ്വര്‍ഗത്തില്‍) അവരോട് നാം ചേര്‍ത്തുകൊടുക്കുന്നതാണ്. സന്താനങ്ങള്‍ മുസ്‍ലിംകളെങ്കില്‍ പിതാക്കളുടെ അത്ര തന്നെ സല്‍കര്‍മ്മങ്ങള്‍ ചെയിതിട്ടില്ലെങ്കിലും നല്ല കര്‍മ്മങ്ങള്‍ ചെയ്ത പിതാക്കളുടെ സന്തോഷത്തിനായി മക്കളെയും പിതാക്കളുടെ പദവിയിലേക്ക് അള്ളാഹു ഉയര്‍ത്തിക്കൊടുക്കുമെന്നാണ് ഇതിനു മുഫസ്സിറുകള്‍ വ്യാഖ്യാനം നല്‍കിയത്. عن ابن عباس قال: إن الله ليرفع ذرية المؤمن في درجته، وإن كانوا دونه في العمل، لتقر بهم عينه മുഅ്മിനുകളുടെ സന്താനങ്ങളെയും അവര്‍ക്കത്ര തന്നെ പ്രവര്‍ത്തനങ്ങളില്ലെങ്കിലും അവരുടെ പദവിയിലേക്ക് അവരുടെ സന്തോഷത്തിനായി അള്ളാഹു ഉയര്‍ത്തുമെന്ന് ഇബ്നു അബ്ബാസ് (റ) പറയുകയും ശേഷം പ്രസ്തുത ആയത് ഓതുകയും ചെയ്തു. ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ തന്റെ മാതാപിതാക്കള്‍ ഭാര്യ സന്താനങ്ങളെ ക്കുറിച്ച് അന്വേഷിക്കും. അപ്പോള്‍ അള്ളാഹു പറയും അവര്‍ നിന്റെ പദവിയിലെത്തിയിട്ടില്ല. അപ്പോള്‍ ആ വ്യക്തി പറയും അള്ളാഹുവേ ഞാന്‍ അവര്‍ക്കും എനിക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പോള്‍ അവരെക്കൂടി ഇദ്ദേഹത്തിന്റെ പദവിയിലേക്ക് അള്ളാഹു ഉയര്‍ത്തിക്കൊടുക്കുമെന്നും ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി കാണാം.  ഈ ആയതുകളില്‍ പറഞ്ഞതനുസരിച്ച് നബി (സ) യുടെ സന്താനങ്ങളും മറ്റു മുഅ്മിനീങ്ങളുടെ സന്താനങ്ങളും പിതാക്കളോടൊപ്പം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് ചില പണ്ഡിതന്മാര്‍ പറയാറുണ്ട്. പക്ഷെ ആയതില്‍ പറഞ്ഞ സന്താനങ്ങള്‍ ചെറിയ കുട്ടികളാണെന്ന് ചില വ്യഖ്യാതാക്കള്‍ പറയുന്നുണ്ട്. ഏതായാലും ഈ ആയതു കൊണ്ട് തങ്ങന്‍മാരും മറ്റു സജ്ജനങ്ങളുടെ മക്കളും തെറ്റ് ചെയ്താലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് ഉറപ്പിക്കാനാവില്ല. അതിന് വ്യക്തമായ തെളിവുകളില്ല. പുറമെ തെറ്റ് ചെയ്താല്‍ അള്ളാഹു പൊറുത്തു തന്നിട്ടില്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതിന് തെളിവുകള്‍ പരിപൂര്‍ണ്ണമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter