ഈസാ നബിയുടെ ജന്മദിനം ആഘോഷിക്കാമോ?

ചോദ്യകർത്താവ്

സ്വദിഖ് അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഹാനായ ഒരു നബിയുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് അന്നേ ദിവസം പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനു വിരോധമൊന്നുമില്ല. മുഹര്‍റം പത്തിനു മൂസാനബി ഫിര്‍ഔനില്‍ നിന്ന് രക്ഷനേടിയ ദിനത്തിന് നന്ദി പ്രകടിപ്പിച്ച് കൊണ്ട് മദീനയില്‍ യഹൂദികള്‍ നോമ്പനുഷ്ടിച്ചിരുന്നു. അത് കണ്ട നബി പറഞ്ഞു മൂസാനബിയോട് ഏറ്റവും ബന്ധപ്പെട്ടവര്‍ നിങ്ങളാണ്, അത് കൊണ്ട് നിങ്ങളും നോമ്പനുഷ്ടിക്കുക  എന്ന് പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്. യഹൂദികളോട് എതിരാവുക എന്ന നിലയില്‍ മുഹര്‍റം ഒമ്പതിനു കൂടി നോമ്പ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈസാനബി ജനിച്ച തിയ്യതി പണ്ഡിതരാരും വിശദീകരിച്ചിട്ടില്ല. നിലവില്‍ പറയപ്പെടുന്ന ഡിസംബര്‍ 25 ഈസാ നബിയുടെ ജന്മദിനമല്ലെന്ന് തെളിവ് നിരത്തി ചരിത്രകാരന്മാര്‍ സ്ഥാപിക്കുന്നുമുണ്ട്. വിക്കിപീഡിയയില്‍ ഇങ്ങനെ കാണാം: ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാര്‍ക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ ഡിസംബര്‍ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികള്‍ക്കും പേഗന്‍ മതവിശ്വാസികള്‍ക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. റോമാ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്തുമസ് എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഐക്യമുണ്ട്‌. എന്നു മുതല്‍ എന്നതിലാണ്‌ തര്‍ക്കം.റോമന്‍ സംസ്കാരത്തില്‍ ഡിസംബര്‍ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്ന സോള്‍ ഇന്‍വിക്റ്റസ്‌. സോള്‍ ഇന്‍വിക്റ്റസ്‌ എന്നാല്‍ മറഞ്ഞിരിക്കുന്ന സൂര്യന്‍. ശൈത്യകാലത്ത്‌ ഇവര്‍ സൂര്യദേവന്റെ പുനര്‍ജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും സോള്‍ ഇന്‍വിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടര്‍ന്നത്‌. എന്നാല്‍ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമന്‍ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാര്‍ തങ്ങളുടെ പഴയ ആചാരങ്ങള്‍ മിക്കവയും നിലനിര്‍ത്തി. റോമന്‍ ആധിപത്യത്തിനു കീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങള്‍ പിന്തുടര്‍ന്നു. ഇക്കാരണങ്ങള്‍ കൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാന്‍ തുടങ്ങി എന്നു കരുതാം. പേഗന്‍ പാരമ്പര്യങ്ങളുടെ പിന്തുടര്‍ച്ചയായതിനാല്‍ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങള്‍ ഡിസംബര്‍ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താല്‍ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌. ഇതേ വിവരണം ക്രിസ്തുമസിനെ കുറിച്ച് പഠിച്ച ജെറാള്‍ഡ് എന്ന ചരിത്രകാരന്‍ തന്റെ ബൈബിള്‍ ആന്‍ഡ് പ്രൊഫറ്റ്സ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അള്ളാഹുവാണ് കൂടുതലറിയുന്നവന്‍. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter