മനസിന്‌ സമാധാനം കിട്ടാന്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

രിസ്‍വി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സംഘര്‍ഷ ഭരിതമായ മനസ്സ് ഇന്ന് പലരുടേയും പ്രശ്നമാണ്. ഇബാദതുകളെയും മറ്റു പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുകയും ചെയ്യുന്നു. ദുഖവും സന്തോഷവും മനുഷ്യന്റെ കൂടെപ്പിറപ്പുകളാണെന്ന സത്യം നാം മറക്കാന്‍ പാടില്ല. എല്ലാം അള്ളാഹുവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ചാണ് നടന്നു വരുന്നതും. ഇത്തരം അവസ്ഥകള്‍ മാറി വരുമ്പോള്‍ അതില്‍ അസ്വസ്ഥരാവുകയെന്നത് സത്യവിശ്വാസിയുടെ ലക്ഷണമല്ല. നബി തങ്ങള്‍ പറയുന്നു:عجبًا لأمر المؤمن! إن أمره كله خير، وليس ذلك لأحد إلا للمؤمن، إن أصابته سراء شكر فكان خيرًا له، وإن أصابته ضراء صبر فكان خيرًا له മുഅ്മിനിന്റെ കാര്യം അത്ഭുദം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും മുഅ്മിനിനു നല്ലത് തന്നെ. അത് മുഅ്മിനിന്റെ മാത്രം പ്രത്യേകതയാണ്. അവന് സന്തോഷം ഉണ്ടായാല്‍ അവന്‍ അള്ളാഹുവിന് നന്ദി രേഖപ്പെടുത്തുന്നു. ദുഖം ഉണ്ടായാല്‍ ക്ഷമിക്കുകയും ചെയ്യുന്നു. അത് രണ്ടും അവര്‍ക്ക് ഖൈറായിത്തീരുകയും ചെയ്യുന്നു.  ഇതാണ് സത്യ വിശ്വാസിയുടെ അടയാളം. അതിനു ഈമാനിന്റെ മഥു നുകരാന്‍ മുഅ്മിനിനു സാധിക്കണം.റസൂല്‍ പറയുന്നു:ذَاقَ طَعْمَ الْإِيمَانِ مَنْ رَضِيَ بِاللهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا അള്ളാഹുവിനെ രക്ഷിതാവായും ഇസ്ലാമിനെ മതമായും മുഹമ്മദ് നബിയെ റസൂലായും തൃപ്തിപ്പെട്ടവന്‍ ഈമാനിന്റെ രുചി എത്തിച്ചവരാണ്. അഥവാ അള്ളാഹുവിനെ മാത്രം പ്രതീക്ഷിച്ചു ഇസ്ലാമിന്റെ വഴിയില്‍ മാത്രം പ്രവര്‍ത്തിച്ചു നബി തങ്ങളുടെ ശരീഅതിനനുസൃതമായ മാത്രം ജീവിതം നയിച്ചു അവനാണ് ഈമാനിന്റെ മധുരമറിഞ്ഞവന്‍. ഇത്തരം ആളുകളുടെ മനസ്സുകളില്‍ സംഘര്‍ഷത്തിനു ഇടമുണ്ടാവില്ല. അവന് വിഷമഘട്ടങ്ങളും ആരാധനക്കുള്ള അവസരങ്ങളാണ്. ഈ മധുരം നേടിയെടുക്കാനായിരിക്കണം നാം ആദ്യം ശ്രമിക്കേണ്ടത്. അതിനു പറ്റിയ മാര്‍ഗ്ഗം ഓരോ പ്രവര്‍ത്തനം ചെയ്യുമ്പോഴും നാം ആലോചിക്കുക ഇത് അള്ളാഹുവും റസൂലും ഇഷ്ടപ്പെടുമോയെന്ന്. അള്ളാഹുവിനെ കുറിച്ചുള്ള സ്മരണകള്‍ തന്നെയാണ് മനസ്സമാധാനത്തിന് ഉത്തമ ഔഷധം. അള്ളാഹു പറയുന്നു الا بذكر الله تطمئن القلوب അള്ളാഹുവിനെ സ്മരിക്കല്‍ കൊണ്ട് ഹൃദയത്തിന് ശാന്തി ലഭിക്കും. തെറ്റുകളിലേക്ക് പോവാനിരിക്കുമ്പോള്‍ അള്ളാഹുവിന്റെ ശിക്ഷയെ കുറിച്ചോര്‍ക്കണം. നന്മ ചെയ്യാന്‍ വിമുഖത് തോന്നുമ്പോള്‍ അള്ളാഹു നല്‍കുന്ന പ്രതിഫലത്തെ കുറിച്ച് ചിന്തിക്കണം. സന്താപവും ദുഖവും തോന്നുമ്പോള്‍ അത് അള്ളാഹുവിന്റെ വിധിയാണെന്നും അതില്‍ ക്ഷമിച്ചാല്‍ പ്രതിഫലം ലഭിക്കുമെന്നും ഓര്‍ക്കേണ്ടതാണ്. أن مع العسر يسرا പ്രയാസത്തിന് പിറകെ എളുപ്പം വരാനിരിക്കുന്നുവെന്ന അള്ളാഹുവിന്റെ വാഗ്ദാനം മനസ്സിലുറപ്പിക്കണം. സത്യ വിശ്വാസിക്ക് പ്രയാസം നേരിടുമ്പോള്‍ നബി തങ്ങള്‍ പഠിപ്പിച്ച ദുആ പതിവാക്കുകയും വേണം:اللَّهُمَّ إِنِّي عَبْدُكَ، وَابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّيദുഖമനുഭവിക്കുമെന്ന് മുഅ്മിന്‍ ഈ ദുആ നടത്തിയാല്‍ സന്തോഷം പകരം നല്‍കുക തന്നെ ചെയ്യുമെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ആ ദുആ പഠിക്കണോ എന്ന് സ്വഹാബത് അന്വേഷിച്ചപ്പോള്‍ അത് കേട്ടവരൊക്കെ അത് പഠിക്കല്‍ അത്യാവശ്യമാണെന്ന് നബി തങ്ങള്‍ മറുപടി പറയുകയും ചെയ്തു. അള്ളാഹു കരുണാനിധിയാണ് ആ കാരുണ്യത്തില്‍ നിരാശരാവാതിരിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter