മനപൂര്‍വ്വമല്ലാതെ മറ്റൊരാള്‍ക്കെതിരെ അക്രമം പ്രവര്‍ത്തിച്ചു. അയാളോട് മാപ്പ് ചോദിച്ചിട്ടും നല്‍കുന്നില്ല. ഇനി എന്ത് ചെയ്യണം?
ചോദ്യകർത്താവ്
റിസ്‍വി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നബി തങ്ങളുടെ ഒരു ഹദീസ് ശ്രദ്ധിക്കുകمَنْ كَانَتْ عِنْدَهُ مَظْلِمَةٌ لِأَخِيهِ فَلْيَتَحَلَّلْهُ مِنْهَا، فَإِنَّهُ لَيْسَ ثَمَّ دِينَارٌ وَلاَ دِرْهَمٌ، مِنْ قَبْلِ أَنْ يُؤْخَذَ لِأَخِيهِ مِنْ حَسَنَاتِهِ، فَإِنْ لَمْ يَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ: سَيِّئَاتِ أَخِيهِ فَطُرِحَتْ عَلَيْهِ തന്റെ സഹോദരന് ആരെങ്കിലും അക്രമം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ തന്റെ നന്മകള്‍ അവന് വേണ്ടി പിടിക്കപ്പെടുന്നതിനു മുമ്പ് അപരന്റെ തിന്മകള്‍ ഇവന്റെ മേല്‍ ചുമത്തപ്പെടുന്നതിനു മുമ്പ് അതിന് പൊരുത്തം വാങ്ങിക്കൊള്ളട്ടെ. ആഖിറതില്‍ ദീനാറും ദിര്‍ഹമുമുണ്ടാവില്ല.
ആരെയെങ്കിലും ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ അക്രമിച്ചാല്‍ എത്രയും പെട്ടെന്ന് അവരോടു മാപ്പു പറഞ്ഞു പൊരുത്തം വാങ്ങല്‍ നിര്‍ബന്ധമാണ് എന്നാണ് ഈ ഹദീസിന് പണ്ഡിതര്‍ വിശദീകരണം നല്‍കിയത്. അങ്ങനെ ചെയ്താല്‍ മാത്രമേ ആ വിഷയത്തില്‍ നമ്മുടെ തൌബ അല്ലാഹു സ്വീകരിക്കുകയുള്ളൂ. അക്രമിക്കപ്പെട്ടവന്‍ പൊരുത്തം ചോദിക്കുന്നവന് അത് നല്‍കണമെന്ന് നിര്‍ബന്ധമില്ല. കാരണം അതൊരു സൌജന്യദാനമാണ്. അത് ദാതാവിന്റെ ഇഷ്ടത്തിനനുസരിച്ച് നല്‍കിയാല്‍ മതി. എന്നാലും മാപ്പ് നല്‍കലാണ് ഉത്തമം. മാപ്പ് നല്‍കുന്നത് ഭക്തരായ മുഅ്മിനീങ്ങളുടെ വിശേഷണമായി ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.
അക്രമിക്കപ്പെട്ടവന്‍ മാപ്പ് തരാത്ത അവസരത്തിലും അക്രമി മാപ്പപേക്ഷിച്ചു കൊണ്ടിരിക്കണമെന്നാണ് പണ്ഡിതര്‍ വിശദീകരിക്കുന്നത്. അവനെ പുകഴ്ത്തിയും കാരണം ബോധിപ്പിച്ചും പരമാവധി അനുനയിപ്പിക്കാന്‍ ശ്രമിക്കണം. എന്നിട്ടും അവന്‍ മാപ്പ് തന്നില്ലെങ്കില്‍ നമ്മുടെ മാപ്പപേക്ഷയും കാരണം ബോധിപ്പിക്കലും ആത്മാര്‍ത്തമാണെങ്കില്‍ അത് നമ്മുടെ വലിയ ഒരു സല്‍കര്‍മ്മമാണ്. അക്രമിയുടെ നന്മകള്‍ അക്രമിക്കപ്പെട്ടവന് നല്‍കുമെന്നാണല്ലോ ഹദീസില്‍ വന്നത്. നമ്മുടെ ആ തെറ്റിന് പകരമുള്ള നന്മയായി നമ്മുടെ മാപ്പപേക്ഷയുണ്ടാവും. നമ്മുടെ മറ്റു സല്‍പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം ഇന്‍ശാഅല്ലാഹ് നമുക്ക് തന്നെ ആസ്വദിക്കുകയും ചെയ്യാം. ഒരാളോട് അക്രമം പ്രവര്‍ത്തിച്ച് അവനോട് മാപ്പ് ചോദിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവന് വേണ്ടി പൊറുക്കലിനെ തേടുകയും പരമാവധി നന്മകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.
മനപൂര്‍വ്വമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റമില്ല. നബി പറയുന്നു മറവിയുടേയും പിഴവിന്റേയും ശിക്ഷ എന്റെ സമുദായത്തിന് ഉണ്ടാവില്ല. അങ്ങനെ മനപൂര്‍വ്വമല്ലാതെ നമ്മില്‍ നിന്ന് വല്ല ബുദ്ധിമുട്ടും അപരന് നേരിട്ടാല്‍ അവനെ അത് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മനപൂര്‍വ്വമല്ലെങ്കിലും സാമ്പത്തികമായോ ശാരീരികമായോ നഷ്ടം വരുത്തിയിട്ടുണ്ടെങ്കില്‍ അത് വക വെച്ച് കൊടുക്കല്‍ നിര്‍ബന്ധമാണ്. അത് മൂലമുണ്ടാവുന്ന അള്ളാഹുവിന്റെ ശിക്ഷയില്‍ മാത്രമാണ് ഇളവുണ്ടാവുക
കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ