നബിയോ സ്വഹാബത്തോ മൌലിദ് ആഘോഷിച്ചതിന് ഏതെങ്കിലും ഒരു ഹദീസ് തെളിവായിട്ട്‌ ഉണ്ടോ ? ഒരു മുജാഹിദ് പ്രവര്‍ത്തകന് മറുപടി നല്‍കാനാണ്.

ചോദ്യകർത്താവ്

സല്‍മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൌലിദ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് നബി തങ്ങളുടെ അപദാനങ്ങള്‍ പാടിയും  പറഞ്ഞും പുകഴ്ത്തലാണല്ലോ. ഇത് നബിയും സ്വഹാബതും ധാരാളമായി ചെയ്തിട്ടുണ്ട്. നബി തങ്ങള്‍ തന്നെ നബിയെ കുറിച്ച് കവിത പറഞ്ഞതായി കാണാം.أنا النبي لا كذب أنا ابن عبد المطلب എന്നത് നബിതങ്ങള്‍ സ്വന്തത്തെ കുറിച്ച് പുകഴ്ത്തി പാടിയതാണ്.أنا سيد ولد آدم، ولا فخر എന്ന സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ഹസ്സാനുബ്നു സാബിത് (റ) വിന് നബിയെ കുറിച്ച് പാടാന്‍ പ്രത്യേകം സ്ഥലം തന്നെ നബി തങ്ങള്‍ ഒരുക്കിക്കൊടുത്തിരുന്നു. വിശ്വപ്രസിദ്ധമായ ബാനത് സുആദ പ്രവാചക പ്രകീര്‍ത്തന കാവ്യം ആലപിച്ച കഅ്ബ് (റ) ന് നബി തങ്ങള്‍ (സ) തന്റെ പുതപ്പ് സമ്മാനമായി നല്‍കിയതും സ്ഥിരപ്പെട്ടത് തന്നെ. ഇങ്ങനെ നബിയെ കുറിച്ച് പാടലും അവിടുത്തെ അപദാനങ്ങള്‍ പറയലും സ്വഹാബതിന്റെ പതിവായിരുന്നു. ഇന്ന് നാം ആഘോഷിക്കുന്ന രൂപത്തില്‍ നബിയോ സ്വഹാബത്തോ മൌലിദ് ആഘോഷിച്ചതായി ഹദീസുകളില്‍ വന്നിട്ടില്ല. പക്ഷെ നബിയും സ്വഹാബതും ചെയ്തത് മാത്രമേ ചെയ്യാവൂ എന്ന് ശാഠ്യം പിടിക്കുന്നത് വങ്കത്തമാണ്. പല വാര്‍ഷികാഘോഷങ്ങളും ഇന്ന് എല്ലാ വിഭാഗം മുസ്‍ലിംകളും നടത്തുന്നുണ്ടല്ലോ. നബി തങ്ങളോ സ്വഹാബതോ ഏതെങ്കിലും ഒരു സംരംഭത്തിന്റെ വാര്‍ഷികം ആഘോഷിച്ചതായി ഹദീസുകളില്‍ വന്നിട്ടില്ല. പിന്നെ നബിദിനത്തിന്റെ കാര്യത്തില്‍ മാത്രം സ്വഹാബതിന്റെ പ്രവര്‍ത്തനത്തെ അന്വേഷിക്കുന്നവര്‍ തറാവീഹിന്റെ റക്അതുകളുടെ എണ്ണത്തിലും ജുമുഅയുടെ രണ്ടാം ബാങ്കിലും സ്വഹാബതിനെ അംഗീകരിക്കുന്നുമില്ല. ദീനിന്റെ നിയമങ്ങളോട് എതിരാവാത്ത പുതിയ കാര്യങ്ങള്‍ ചെയ്യാവുന്നതാണ് എന്നത് ഇജ്മാഅ് ആണ് എന്ന് തന്നെ പറയാം. ഖുര്‍ആനിന് പുള്ളിയും ഹര്‍കതും നല്‍കിയത് നബിയോ സ്വഹാബതോ അല്ല. ഫിഖ്ഹ്, അഖീദ, തുടങ്ങി പല വിജ്ഞാന ശാഖകളും രൂപം കൊണ്ടത് സ്വഹാബതിന്റെ കാല ശേഷമായിരുന്നു. ഇവ്വിഷയകമായി കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  
 

ASK YOUR QUESTION

Voting Poll

Get Newsletter