ഓരോ ദിക്റും സ്വലാതും കാണുമ്പോള്‍ അത് പതിവാക്കാന്‍ ആഗ്രഹിക്കുന്നു..അടുത്തത് കാണുമ്പോള്‍ അതിലേക്ക് മാറുന്നു ...ഇങ്ങനെ പല ദിക്‌റും ചോല്ലുന്നതാണോ നല്ലത് ,അല്ലെങ്കില്‍ ഏതെങ്കിലും ഒന്ന് പതിവായി ചോല്ലുന്നതാണോ നല്ലത് ..

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏതു പ്രവര്‍ത്തനമാണെങ്കിലും പതിവായി ചെയ്യുന്നതാണ് നല്ലത്. كَانَ أَحَبُّ الْعَمَلِ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الَّذِي يَدُومُ عَلَيْهِ صَاحِبُهُ നബി (സ) പറഞ്ഞു; നബി (സ) ക്ക് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് പതിവായി ചെയ്യുന്ന അമലുകളായിരുന്നു. وَأَنَّ أَحَبَّ الأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ അള്ളാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട അമല്‍ പതിവായി ചെയ്യുന്നതാണ്. അതെത്ര കുറഞ്ഞാലും ശരി പതിവായ അമലുകളാണ് ഉത്തമം. കാരണം പതിവായി ചെയ്യുന്ന അമലുകള്‍ എന്നും ചെയ്തു കൊണ്ടിരിക്കും. ചെയ്യാന്‍ അഥവാ അവസരം കിട്ടിയില്ലെങ്കില്‍ തന്നെ അത് ചെയ്യണമെന്ന ഉറച്ച തീരുമാനമെങ്കിലുമുണ്ടായിരിക്കും. നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുന്നതും പ്രതിഫലാര്‍ഹം തന്നെ. പതിവാക്കാത്ത അമലുകള്‍ ചെയ്യണമെന്ന തീരുമാനം ഉണ്ടായിക്കൊള്ളണമെന്നില്ല. സമയം കിട്ടിയാല്‍ ചെയ്യണം എന്നേ ആരും കരുതൂ. അതിനു ഉറച്ച തീരുമാനം (عزم) ന്റെ പ്രതിഫലം ലഭിക്കില്ല. പതിവാക്കുമ്പോള്‍ തന്നെ സാധിക്കുന്നത് പതിവാക്കാന്‍ ശ്രദ്ധിക്കണം. നബി (സ) പറയുന്നു: عَلَيْكُمْ مِنَ الْأَعْمَالِ مَا تُطِيقُونَ നിങ്ങള്‍ക്കു സാധ്യമാവുന്ന രീതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുക. അപ്പോള്‍ പതിവാക്കാനുദ്ദേശിക്കുന്ന നിസ്കാരമായാലും ദിക്റായാലും നോമ്പായാലും നമുക്ക് സാധിക്കുമെന്ന് തോന്നുന്ന അളവനുസരിച്ച് പതിവാക്കാന്‍ കരുതുക. അവ എന്നും തുടരുകയും ചെയ്യുക. ഏതെങ്കിലും ദിവസം കൂടുതല്‍ സമയം ലഭിച്ചാല്‍ കൂടുതല്‍ ചെയ്യുകയുമാവാമല്ലോ. ഏതായാലും നാം പതിവാക്കാനുദ്ദേശിച്ചത് എന്നും നാം ചെയ്തിരിക്കും. അങ്ങനെ ഒരു പതിവ് ഇല്ലായെങ്കില്‍ അമലുകള്‍ തന്നെ ചെയ്തില്ല എന്നും വരാം. ദിക്റുകള്‍ പതിവാക്കുമ്പോള്‍ പതിവാക്കാന്‍ നബി (സ്വ) കല്‍പിച്ച ദിക്റുകള്‍ പതിവാക്കാന്‍ ശ്രമിക്കുക. രാവിലെയും വൈകുന്നേരവുമൊക്കെ പ്രത്യേക ദിക്റുകളും ദുആയും സ്ഥിരമായി ചെയ്യാന്‍ നബി (സ്വ) കല്‍പിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter