ഭാരത്‌ മാതാ കീ ജയ് എന്ന് വിളിച്ചാല്‍ ഒരു മുസ്‍ലിമിന് വിശ്വാസപരമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ .. അങ്ങനെ വിളിക്കുന്നതിന്റെ ഇസ്ലാമിക മാനം എന്ത്..?

ചോദ്യകർത്താവ്

അബൂബക്ര്‍ സിദ്ദീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാതാവ് എന്നതിനു അറബിയില്‍ ഉമ്മ് എന്നാണ് പദം. ഉമ്മ് എന്ന പദം ജന്മം നല്‍കിയ മാതാവിന് പുറമെ മറ്റു പലതിനും ഉപയോഗിക്കാം.ഒരു സമൂഹം കാര്യമായി ആശ്രയിക്കുന്നഎല്ലാ വസ്തുക്കള്‍ക്കും അറബികള്‍ أم എന്ന് സ്ഥാനപ്പേര് നല്‍കിയിരുന്നു. ഖുര്‍ആനിലെ മുഹ്കമാത് ആയ ആയതുകള്‍ക്ക് അള്ളാഹു പേര് നല്‍കിയത്أم الكتاب  എന്നാണ്. ഫാതിഹക്ക്أم القرآن എന്നാണ് സ്ഥാനപ്പേര്. മക്ക ഉമ്മുല്‍ ഖുറാ എന്ന പേരിലറിയപ്പെടുന്നു. തലച്ചോറിന്أم الرأس എന്നാണ് സ്ഥാനപ്പേര്. പതാകക്ക് ഉമ്മ് എന്ന് പറയാറുണ്ട്. തന്റെ സന്താനങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന പുരുഷനും ഉമ്മ് എന്ന് സ്ഥാനപ്പേര് നല്‍കാറുണ്ട്. ഒരു വീട്ടിലെ ആളുകള്‍ ജീവിക്കാന്‍ ആശ്രയിക്കുന്ന ഒട്ടകം പശു എന്നിവയെ ഉമ്മ് എന്ന് വിളിക്കാറുണ്ട്. ശരീരത്തിന്റെ നിലനില്‍പിനത്യാവശ്യമായ വെള്ളത്തെ പിതാവെന്നും റൊട്ടിയെ (خبز) മാതാവെന്നും ഈസാ നബി (അ) വിളിക്കാറുണ്ടായിരുന്നുവെന്ന് നൈസാബൂരിയുടെ തഫ്സീറില്‍ കാണാം. ഇവിടെ പറയ്പ്പെട്ട അര്‍ത്ഥത്തില്‍ ഭൂമിയെ മാതാവ് എന്ന് വിളിക്കുന്നതിനു വിരോധമൊന്നുമില്ല. അങ്ങനെ ഭൂമിയെ മാതാവെന്ന് വിശേഷിപ്പിച്ച് ഹദീസും കാണാം. നബി (സ്വ) പറയുന്നു:تحفظوا من الأرض فإنها أمكم ഭൂമിയില്‍ തെറ്റു ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കുക, അത് നിങ്ങളുടെ മാതാവാണ്. ആ അര്‍ത്ഥത്തില്‍ തന്നെ ഇന്ത്യയെയും മാതാവ് എന്ന് പറയാം. ഈ അര്‍ത്ഥത്തില്‍ ആരെങ്കിലും ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞാല്‍ അവന്‍ ഇസ്‍ലാമിന് പുറത്ത് പോവുകയില്ല. എന്നാലും അത് മുസ്‍ലിമിനു യോചിച്ചതല്ല ഈ പദം. കാരണം ഹിന്ദുക്കള്‍ അവരുടെ മാതാചാരങ്ങളുടെ ഭാഗമായി ആരാധിക്കുന്നതാണ് ഭൂമി ദേവത. ഇതേ സങ്കല്‍പത്തില്‍ തന്നെ ഭാരതമാതാവിനെയും ചിത്രീകരിച്ച് അവര്‍ ആരാധന നടത്തുന്നു. ഭാരത മാതാവിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ വരെ ഉണ്ട്. ഈ ദൈവ സങ്കല്‍പത്തില്‍ രൂപപ്പെടുത്തിയെടുത്തതാണ് ഭാരത മാതാ കീ ജയ് എന്ന വാക്യം. മറ്റു മതാചാരങ്ങളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും വിട്ടു നില്‍കണമെന്നാണല്ലോ നബി (സ്വ) യുടെ കല്‍പന. മുസ്‍ലിംകളെ നിസ്കാരത്തെ കുറിച്ചറിയിക്കാന്‍ ഒരു വഴി അന്വേഷിച്ച നബി തങ്ങളോട് പല സ്വഹാബതും കൃസ്ത്യാനികളുടേയും ജൂതരുടേയും രീതി പറഞ്ഞപ്പോള്‍ നബി തങ്ങള്‍ അതിനോട് വിയോജിക്കുകയുണ്ടായി. എന്ന പോലെ മദീനയില്‍ വന്നപ്പോള്‍ മുഹര്‍റം പത്തിനു റസൂല്‍ (സ്വ) നോമ്പനുഷ്ടിക്കാറുണ്ടായിരുന്നു. അന്നേ ദിവസം യഹൂദികളും നോമ്പനുഷ്ടിക്കുന്നതിനാല്‍ യഹൂദികളോട് എതിരാവാന്‍ നബി (സ്വ) മഹര്‍റം ഒമ്പതിനു കൂടെ നോമ്പനുഷ്ടിക്കാന്‍ കല്‍പിക്കുകയുണ്ടായി. സൂര്യാരാധകര്‍ സൂര്യനെ ആരാധിക്കുന്ന സൂര്യന്‍ ഉദിക്കുന്ന അവസരത്തില്‍ നിസ്കാരം കറാഹതാക്കിയത് അവരോട് എതിരാവാന്‍ വേണ്ടിയാണ്. നബി തങ്ങള്‍ മസ്ജിദുല്‍ അഖ്സാ ഖിബ്‍ലയാക്കിയായിരുന്നു നിസ്കരിച്ചിരുന്നത്. അത് മുസ്‍ലിം സമുദായത്തെ പുണ്യ ഗേഹമാണെങ്കിലും യഹൂദികളുടെ ഖിബ്‍ലയായത് കൊണ്ട് നബി (സ്വ) ഖിബ്‍ല മാറ്റത്തിനു വല്ലതെ ആഗ്രഹിക്കുകയും നബിയുടെ ഇംഗിതമനുസരിച്ച് അള്ളാഹു അങ്ങനെ വിധിക്കുകയും ചെയ്തു. നബി (സ്വ) പറഞ്ഞു യഹൂദികളും കൃസ്ത്യാനികളും നരച്ച മുടിക്ക് ചായം നല്‍കാറില്ല. അത് കൊണ്ട് നിങ്ങള്‍ അവരോട് എതിരാവുക. (നിങ്ങള്‍ക്ക് നരച്ച മുടിക്ക് ചായം നല്‍കുക). യഹൂദികള്‍ صباح الخير എന്ന് അഭിവാദ്യം ചെയ്യുന്നത് കൊണ്ട് അത്തരം അഭിവാദ്യങ്ങള്‍ കറാഹതാണെന്ന് ഇമാം ഇബ്നു ഹജര്‍ (റ) പറഞ്ഞതായി കാണാം. ഇങ്ങനെ വാക്കിലും പ്രവര്‍ത്തിയിലും വേഷത്തിലും മറ്റു മതസ്ഥരെ അനുകരിക്കാതെ ഇസ്‍ലാമിന്റേതായ വഴി സ്വീകരിക്കാനാണ് നബിയും സ്വഹാബതും പണ്ഡിതരും നമ്മെ പഠിപ്പിച്ചത്. അപ്പോള്‍ ഭാരത മാതാ കീ ജയ് എന്ന പദവും നാം വര്‍ജ്ജിക്കേണ്ടതാണ്. ഭാരതമാതാവ് ദൈവമാണെന്ന സങ്കല്‍പം വെച്ച് ഉണ്ടാക്കിയ മുദ്രാവാക്യമാണത്. അത്തരം പദങ്ങളൊഴിവാക്കി ജയ് ഹിന്ദ് എന്നോ സമാനമായതോ മുസ്‍ലിമിനു ഉപയോഗിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter