ലഹരി ഉപയോഗിക്കുന്ന പിതാവിനോട് മിണ്ടാതെ പിണങ്ങി നില്കാമോ

ചോദ്യകർത്താവ്

ജസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മാതാപിതാക്കളെ വെറുപ്പിക്കുന്നത് വലിയ തെറ്റാണ്. അവര്‍ അമുസ്‍ലിംകളാണെങ്കില്‍ പോലും അവരെ വെറുപ്പിക്കരുതെന്നാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്. وَإِنْ جَاهَدَاكَ عَلَى أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلا تُطِعْهُمَا وَصَاحِبْهُمَا فِي الدُّنْيَا  مَعْرُوفًا മാതാപിതാക്കള്‍ ശിര്‍ക് കൊണ്ട് കല്‍പിച്ചാല്‍ അവരെ അംഗീകരിക്കേണ്ടതില്ല, എന്നാല്‍ ദുന്‍യാവില്‍ അവരോട് നല്ല നിലയില്‍ സമ്പര്‍ക്കം പുലര്‍ത്തുയെന്നാണ് അള്ളാഹു പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ പിതാവിനോട് പിണങ്ങി നില്‍കുന്നതും പിതാവിനെ വെറുപ്പിക്കുന്നതും അനുവദനീയമല്ല. പിതാവിനെ അനുനയത്തില്‍ അനുകമ്പയോടെ ഉപദേശിച്ച് നന്നാക്കലാണ് ഇത്തരം സാഹചര്യത്തില്‍ നാം പിതാവിന് ചെയ്തു കൊടുക്കേണ്ട ഏറ്റവും വലിയ നന്മ. വീണ്ടും വീണ്ടും ഉപദേശിച്ചും മറ്റുള്ളവരെ കൊണ്ട് ഉപദേശിപ്പിച്ചും ദുആ ചെയ്തും പിതാവിന്റെ ദുഷ്ചെയ്തികള്‍ മാറ്റിയെടുക്കുക. കാഫിറായ പിതാവിനെ പോലും വെറുപ്പിക്കല്‍ ഹറാമാണെങ്കില്‍ പിന്നെ മറ്റുള്ള തെറ്റുകളൊക്കെ ഇതിനു താഴെയാണല്ലോ. എന്നാല്‍ മകന്‍ പിണങ്ങിയാല്‍ പിതാവ് നന്നാവുമെന്ന് തോന്നിയാല്‍ പിതാവിന്റെ മസ്‍ലഹതിനായി പിണങ്ങി നില്‍കാമെന്നാണ് മനസ്സിലാവുന്നത്.  പിതാവിന് ചെയ്ത് കൊടുക്കേണ്ട ചിലവ് പോലോത്ത നിര്‍ബന്ധ ബാധ്യതകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പിണക്കം ഒരു നിലക്കും പാടില്ല. ഇത്തരത്തിലുള്ള പിണക്കം കൊണ്ട് പിതാവ് തെറ്റില്‍ നിന്ന് വിട്ടു നില്‍കില്ലെന്ന് കണ്ടാല്‍ പിന്നെ പിണക്കം മാറ്റി നല്ല നിലയില്‍ തന്നെ പിതാവിനോട് വര്‍ത്തിക്കേണ്ടതാണ്. മാതാപിതാക്കളോടുള്ള ബാധ്യതകളും കടമകളും ഏറെ പ്രധാനമാണ്. അനസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, എല്ലാ പാപങ്ങളും അല്ലാഹു അതിന്‍റെ ശിക്ഷ അവന്‍ ഉദ്ദേശിക്കുന്നത്ര പിന്തിച്ചേക്കാം, എന്നാല്‍ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചവന് ഇഹലോകത്ത് വെച്ച് തന്നെ മരിക്കുന്നതിന് മുമ്പായി അതിന്‍റെ ശിക്ഷ നല്‍കുന്നതാണ്. മാതാപിതാക്കളോടെ വെറുപ്പിക്കുക എന്നത് തന്നെ ഏറെ ഗൌരവത്തോടെയാണ് കാണുന്നത്. തന്‍റെ മാതാവിനേക്കാള്‍ മനസ്സാ ഭാര്യക്ക് മുന്‍ഗണന നല്‍കിയിരുന്ന അല്‍ഖമ (റ)വിന്‍റെ ചരിത്രം വളരെ പ്രസിദ്ധമാണല്ലോ. അവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നും തന്നെ ചെയ്തുകൂടാ. അത് എന്നെന്നേക്കും നമ്മുടെ നാശത്തിനും ദുഖത്തിനും കാരണമാകുമെന്നതില്‍ സംശയമില്ല. ഇത്തരം പൊരുത്തക്കേടുകളെ കുറിച്ച് പണ്ഡിതര്‍ പറയുന്നത്, അവ വിഷം കഴിക്കുന്ന പോലെയാണ് എന്നാണ്. വിഷമാണെന്ന് അറിയാതെ കഴിച്ചാല്‍ പോലും അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരുമല്ലോ. അതുപോലെയാണ് ബഹുമാനിക്കേണ്ടവരെ അവമാനിച്ചാലുണ്ടാകുന്ന ഫലങ്ങളും, വിശിഷ്യാ മാതാപിതാക്കളെ. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്ത്, അവര്‍ കാരണം സ്വര്‍ഗ്ഗം ലഭിക്കുന്നത് മക്കളില്‍ അല്ലാഹു നമ്മെയും നമ്മുടെ മക്കളെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter