ഞാന്‍ അഖീഖത് അറുക്കാന്‍ വേണ്ടി അറുക്കുന്ന മൃഗത്തിന് വളര്‍ച്ച കുറവാണ് അതിനെ മാറ്റി മറ്റൊന്നിനെ അറുക്കാമോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഈ മൃഗം അഖീഖത് അറുക്കാനുള്ളതാണ് അല്ലെങ്കില്‍ ഈ മൃഗത്തെ അഖീഖ അറുക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്നോ സമാനമായതോ പറഞ്ഞാല്‍ ആ മൃഗത്തെ തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്. അത് പിന്നീട് നശിച്ച് പോയാല്‍ പിന്നീട് മറ്റൊന്നിനെ അറുക്കേണ്ടതില്ല. എന്നാല്‍ ചോദ്യത്തില്‍ പറയപ്പെട്ടത് പോലോത്ത ന്യൂനതകള്‍ നേര്‍ച്ചയാക്കുമ്പോള്‍ തന്നെ ഉണ്ടെങ്കില്‍ അതേ മൃഗത്തെ തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്. പക്ഷെ അത് അഖീഖതായി പരിഗണിക്കുകയില്ല. നേര്‍ച്ചയാക്കിയതിനു ശേഷമാണ് പറയപ്പെട്ട ന്യൂനത ഉണ്ടായതെങ്കിലും അതേ മൃഗത്തെ അറുക്കണം. എന്നാല്‍ അത് അഖീഖതായി പരിഗണിക്കപ്പെടുകയും ചെയ്യും. ഇത്തരം വാചകങ്ങളൊന്നും പറഞ്ഞിട്ടില്ല മറിച്ച് ആ മൃഗത്തെ അറുക്കാന്‍ കരുതുത മാത്രമേ ചെയതിട്ടുള്ളൂവെങ്കില്‍ അതിനെത്തന്നെ അറുക്കല്‍ നിര്‍ബന്ധമില്ല. അതിനു പകരം മറ്റു മൃഗത്തെയും അറുക്കാവുന്നതാണ്. കരുതുന്നത് മൂലം അറവ് തന്നെ നിര്‍ബന്ധമാവില്ല. ആദ്യം അഖീഖത് അറുക്കാന്‍ നേര്‍ച്ചയാക്കി പിന്നീട് അതിന് വേണ്ടി ഒരു മൃഗത്തെ നിശ്ചയിച്ചു. ന്യൂനതകളില്ലാത്ത മൃഗത്തെ തന്നെ നിശ്ചയിക്കല്‍ നിര്‍ബന്ധമാണ്. ശേഷം ആ മൃഗത്തിനു ഇത്തരം ന്യൂനതകള്‍ ഉണ്ടായാല്‍ ആ മൃഗത്തെ മാറ്റി മറ്റൊന്നിനെ അറുക്കേണ്ടതാണ്. നിശ്ചയിക്കപ്പെട്ട മൃഗത്തിനെ അവന്‍ ഉദ്ദേശിച്ച പോലെ അറുത്ത് സ്വദഖ ചെയ്യുകയോ വില്‍കുകയോ മറ്റോ ആവാം. ചുരുക്കത്തില്‍ ചോദ്യ കര്‍ത്താവ് ആ മൃഗത്തെ അറുക്കാന്‍ നേര്‍ച്ചയാക്കിയിട്ടില്ലെങ്കില്‍ ആ മൃഗത്തെ തന്നെ അറുക്കണമെന്നില്ല. മറ്റൊന്നിനെ അറുത്താലും മതി. നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ ആ മൃഗത്തെ അറുക്കാന്‍ നേര്‍ച്ചയാക്കിയതാണോ അതല്ല ആദ്യം നേര്‍ച്ചയാക്കി പിന്നെ ആ മൃഗത്തെ അറുക്കാനായി നിശ്ചയിച്ചു ഇങ്ങനെയാണോ എന്ന് നോക്കണം. ആ മൃഗത്തെ അഖീഖ അറുക്കാന്‍ നേര്‍ച്ചയാക്കിയതാണെങ്കില്‍ പറയപ്പെട്ട ന്യൂനത നേര്‍ച്ചയാക്കുന്ന സമയത്ത് തന്നെയുണ്ടോ ശേഷമുണ്ടായതാണോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. നേര്‍ച്ചയാക്കുന്ന സമയത്ത് തന്നെയുണ്ടെങ്കില്‍ ആ മൃഗത്തെ തന്നെ അറുക്കണം. അത് അഖീഖയായി പരിഗണിക്കുകയില്ല. ശേഷം ന്യൂനതയുണ്ടായതാണെങ്കില്‍ ആ മൃഗത്തെ തന്നെ അറുക്കേണ്ടതാണ്. അഖീഖതായി പരിഗണിക്കപ്പെടുകയും ചെയ്യും. ആദ്യം നേര്‍ച്ചയാക്കി പിന്നെ മൃഗത്തെ നിശ്ചയിച്ചതാണെങ്കില്‍ ന്യൂനതയുള്ളതിനെ നിശ്ചയിക്കാന്‍ പറ്റില്ല. നല്ലതിനെ നിശ്ചയിച്ചതിന് ശേഷം അതില്‍ ന്യൂനതയുണ്ടായതാണെങ്കില്‍ അതിനെ മാറ്റി മറ്റൊന്നിനെ അറുക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter