അസൂയയും പരദൂഷണവും ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമെന്താണ്?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹസദ് അഥവാ അസൂയ എന്നാല്‍ ഒരാള്‍ക്ക് അള്ളാഹു ചെയ്ത അനുഗ്രഹം നീങ്ങിപ്പോവാന്‍ ആഗ്രഹിക്കലാണ്. അള്ളാഹുവിന്റെ നിഅ്മത് ഇല്ലാതെയാവണം എന്നാണ് ഇവിടെ അവന്‍ ആഗ്രഹിക്കുന്നത്. അത് ഹൃദയ രോഗങ്ങളില്‍ പെട്ടതാണ്. ഹൃദയരോഗങ്ങളുടെ മരുന്ന് അറിവും പ്രവര്‍ത്തിയുമാണ്. അസൂയ ദീനിലും ദുന്‍യാവിലും അസൂയാലുവിന് നഷ്ടമാണ് എന്ന് മനസ്സിലാക്കണം. മറിച്ച് അസൂയ വെക്കപ്പെടുന്ന ആള്‍ക്ക് അത് ദീനിലും ദുന്‍യാവിലും ഉപകാരവുമാണ്. എങ്ങനെയാണ് അസൂയ അയാളുടെ ദീനിലും ദുന്‍യാവിലും നഷ്ടമുണ്ടാക്കുന്നതെന്ന് നോക്കാം. അസൂയ കൊണ്ട് അസുയാലു ചെയ്യുന്നത് അള്ളാഹുവിന്റെ വിധിയെ ദേഷ്യത്തോടെ സമീപിക്കലാണ്. തന്റെ അടിമകളില്‍ അള്ളാഹു ചെയ്ത അനുഗ്രഹം വെറുക്കലാണ്. അള്ളാഹുവിന്റെ ഹിക്മത് പ്രകാരം അള്ളാഹു ചെയ്ത നീതിയോട് വിദ്വേഷം പ്രകടിപ്പിക്കലാണ്. അസൂയ കൊണ്ട് ഈമാന്‍ തന്നെ കറപിടിച്ചതായിത്തീരുന്നു. മാത്രമല്ല ഒരു വ്യക്തിയെ വഞ്ചിക്കുക മറ്റൊരാള്‍ക്ക് ഗുണം കാംക്ഷിക്കാതിരിക്കുക അമ്പിയാക്കളും ഔലിയാക്കളും മറ്റൊരാള്‍ക്ക് അനുഗ്രഹമുണ്ടാവുമ്പോള്‍ സന്തോഷിക്കുമായിരുന്ന മാര്‍ഗ്ഗം ഉപേക്ഷിച്ച് മനുഷ്യന് ദോഷം മാത്രം ആഗ്രഹിക്കുന്ന ഇബ്‍ലീസിന്റെ മാര്‍ഗ്ഗം അവലംഭിക്കുക തുടങ്ങി അപകടങ്ങളും അസൂയയില്‍ പതിയിരിക്കുന്നു. ഒരാള്‍ അസൂയ വെച്ചത് കാരണം മറ്റൊരാളുടെ അനുഗ്രഹം നീങ്ങിപ്പോവില്ലല്ലോ. അതു മൂലം ഹൃദയ വേദനയും തീര്‍ത്താല്‍ തീരാത്ത ഖേദവുമായി ജീവിക്കേണ്ടി വരുന്നു അസൂയാലു. താന്‍ അസൂയ വെക്കുന്ന ആരിലും ഏത് അനുഗ്രഹം കണ്ടാലും അതിനു വേണ്ടി ദുഖം കടിച്ചിറക്കി ജീവിക്കേണ്ടി വരുന്നു. ഇത്തരം കാര്യങ്ങളെല്ലാം ആത്മാര്‍ത്ഥതയോടെ ചിന്തിച്ചാല്‍ അസൂയാഗ്നി അണഞ്ഞെന്ന് വരാം. ഇതെല്ലാം വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മറ്റു ചില കര്‍മ്മങ്ങള്‍ കൊണ്ടും അസൂയയെ ഇല്ലാതെയാക്കാം. അസൂയ വെക്കപ്പെടുന്നവനെ കുറിച്ച് മോശമായി പറയാന്‍ ഒരു പക്ഷെ ആഗ്രഹം തോന്നിയേക്കാം. അപ്പോള്‍ അവനെ കുറിച്ച് മോശത്തരം പറയാതെ അവനെ പുകഴ്ത്തുകയും അവനെ കുറിച്ച് നന്മ മാത്രം പറയുകയും ചെയ്യുക. അവന്റെ മുന്നില്‍ അഹങ്കരിക്കാന്‍ തോന്നുമ്പോള്‍ താഴ്മ കാണിക്കുക. അവനു ഒന്നും നല്‍കരുതെന്ന് നഫ്സ് പറയുമ്പോള്‍ അവനു അധികമായി നല്ലത് നല്‍കിക്കൊണ്ടിരിക്കുക. ഇങ്ങനെ തുടര്‍ച്ചയായി സ്വയം ആഗ്രഹമില്ലാതെ ശരീരം  ചെയ്താല്‍ അവസാനം അത് ആഗ്രഹത്തോടെ ചെയ്യാന്‍ തുടങ്ങും. അങ്ങനെ രണ്ടാളും തമ്മില്‍ സ്നേഹം ഉടലെടുക്കുകയും അസൂയ ഇല്ലാതാവുകയും ചെയ്യും. ഇമാം ഗസാലി (റ) തന്റെ ഇഹ്‍യാഇല്‍ പറഞ്ഞ ചികിത്സയാണിത്. പരമപ്രധാനമായി അള്ളാഹുവിന്റെ അടിമകളില്‍ മറ്റെല്ലാവരേക്കാളും ചെറിയവന്‍ നിന്ദ്യന്‍ താനാണെന്ന് മനസ്സിലാക്കിയാല്‍ തന്നെ അസൂയ തുടങ്ങിയുള്ള എല്ലാം ദുസ്വഭാവവും ഇല്ലാതെയാവും. അതിനു അവനിലുള്ള നന്മ ഓര്‍ത്താല്‍ തന്നെ മതി. നമ്മിലില്ലാത്ത ധാരാളം നന്മകള്‍ മറ്റുള്ളവരിലുണ്ടാകും. അപ്പോള്‍ നമുക്ക് വ്യക്തമായി ബോധ്യപ്പെടും നാം ആരുമല്ലെന്ന്. പരദൂഷണം നാവ് കൊണ്ട് ചെയ്യുന്ന കുറ്റങ്ങളില്‍ പെട്ട വലിയ പാപമാണ്. മറ്റുള്ളവന്റെ ശരീരത്തില്‍ കുടുംബത്തില്‍ സ്വഭാവത്തില്‍ പ്രവര്‍ത്തനത്തില്‍ വസ്ത്രത്തില്‍ തുടങ്ങി അവരിഷ്ടപ്പെടാത്തത് അവരെ കുറിച്ച് പറയലാണ്. എഴുത്ത് കൊണ്ടോ ആംഗ്യം കൊണ്ടോ മറ്റേതെങ്കിലും നിലക്ക് മറ്റുള്ളവന്റെ തിന്മകള്‍ കുറവുകള്‍ അപരന് മനസ്സിലാക്കിക്കൊടുക്കുന്നതെല്ലാം ഗീബത് തന്നെ. സ്വന്തം ഉന്നതനാണെന്ന് ഭാവിച്ചത് കൊണ്ടാണ് മനുഷ്യന്‍ പരദൂഷണത്തിന് മുതിരുന്നത്. സ്വന്തം ശരീരത്തിലും അത്തരം അതല്ലെങ്കില്‍ മറ്റു നിലക്കുള്ള ദുഷ്‍പ്രവണതകള്‍ ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ പിന്നെ മറ്റുള്ളവരെ കുറിച്ച് ദോഷം പറയില്ലല്ലോ. ഗീബതിനെയും ചികിത്സിക്കേണ്ട് നേരത്തെ പറഞ്ഞ പോലെ ഇല്‍മ് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും തന്നെ. ഗീബത് കാരണമായി ഉണ്ടാവുന്ന അപകടങ്ങള്‍ മനസ്സിലാക്കുക. വളരെ ബുദ്ധിമുട്ടി നാം ദുന്‍യാവില്‍ വെച്ച് ചെയ്ത സല്‍പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കലാണല്ലോ അത്. നമ്മുടെ സമ്പത്തും സമയവും ചെലവഴിച്ച് ഒരു അമലുമില്ലെങ്കില്‍ നാം നമ്മുടെ മക്കള്‍ക്കും ഭാര്യക്കും മാതാപിതാക്കള്‍ക്കും ചെലവ് നല്‍കിയതിന്റെ പ്രതിഫലം പോലും ദുന്‍യാവില്‍ നമുക്ക് ഒരു നന്മയും ചെയ്ത് തരാത്തവന് നല്‍കേണ്ടി വരുന്നു. ഞാന്‍ ആരെയെങ്കിലും പരദൂഷണം പറയുമായിരുന്നെങ്കില്‍ എന്റെ ഉമ്മയെ കുറിച്ച് പറയുമായിരുന്നെന്ന് മഹാന്മാര്‍ പറഞ്ഞതായി കാണാം. മറ്റുള്ളവരുടെ ന്യൂനതകള്‍ കണ്ടെത്തി അതിലൂടെ വന്‍ നഷ്ടം വിളിച്ച് വരുത്തന്നതിനേക്കാള്‍ നല്ലത് സ്വന്തം വീഴ്ചകള്‍ മനസ്സിലാക്കി ലാഭം കൊയ്യുന്നതല്ലേ. നമ്മെ മറ്റാരെങ്കിലും ഗീബത് പറയുന്നത് നാമിഷ്ടപ്പെടുമോ അത് പോലെയായിരിക്കണം നാമും. ഇത്തരം കാര്യങ്ങളും ഗീബതിന്റെ ശിക്ഷയും വ്യക്തമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ പരദൂഷണം ഒഴിവാക്കാനാവും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter