സ്ത്രീയിലെ ഇസ്തിഹാളത്തു രക്തം എന്നാല്എന്താണ്,ഏതു സമയത്തിലാണ്, ഏതുപ്രായത്തിലാണ് ഇതുണ്ടാവുക?
ചോദ്യകർത്താവ്
HASIF
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവ രക്തമോ പ്രസവരക്തമോ അല്ലാതെ സ്ത്രീകള്‍ക്കുണ്ടാവുന്ന രക്തമാണ് ഇസ്തിഹാളത്. ആര്‍ത്തവരക്തം ഏറ്റവും ചുരുങ്ങിയത് ഒരു ദിവസവും കൂടിയത് പതിന്ഞ്ച് ദിവസവുമാണ്. പ്രസവരക്തം ഏറ്റവും കുറഞ്ഞത് ഒരു സെകന്റും കൂടിയത് അറുപത് ദിവസവുമാണ്. ഈ രണ്ട് രക്തങ്ങളും അവയുടെ പരിധിയില്‍ കുറവോ കൂടുതലോ ആണെങ്കില്‍ അവയും ഇസ്തിഹാളത് ആയാണ് പരിഗണിക്കപ്പെടുക. ഇത് ഒരു തരം രോഗമാണ്, ഇതിന് രക്തം പോക്കെന്നോ ബ്ലീഡിംഗ് എന്നോ പറയുന്നു. ഇതിന് ചികില്‍സിക്കേണ്ടതാണ്. രോഗമായതിനാല്‍ തന്നെ, ഇതിന് പ്രത്യേക സമയപരിധിയോ പ്രായ പരിധിയോ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇസ്തിഹാളതിന്റെ അവസരത്തിലെ നിയമങ്ങള്‍ നിത്യഅശുദ്ധിക്കാരുടേത് പോലെയാണ്. അഥവാ, അതുണ്ടാകുമ്പോഴും നിസ്കാരവും നോമ്പും നിര്‍ബന്ധം തന്നെയാണ്. ഓരോ നിസ്കാരത്തിനും സമയം ആയ ശേഷം ആ ഭാഗം വൃത്തിയാക്കേണ്ടതും രക്തം പുറത്തേക്ക് വരാതിരിക്കാനായി ഗുഹ്യഭാഗത്ത് പഞ്ഞിയോ മറ്റോ വെച്ച് ഭദ്രമായി കെട്ടേണ്ടതുമാണ്. ശേഷം ഉടനെത്തന്നെ വുദു ചെയ്ത് പെട്ടെന്ന് തന്നെ നിസ്കാരം നിര്‍വ്വഹിക്കേണ്ടതുമാണ്. നോമ്പുള്ള സമയമാണങ്കില്‍, ഗുഹ്യ ഭാഗത്തിന്റെ ഉള്ളിലേക്ക് പഞ്ഞിപോലോത്തവ വെച്ചാല്‍ നോമ്പ് മുറിയുമെന്നതിനാല്‍ പകല്‍ സമയത്ത് അത് നിര്‍ബന്ധമില്ല. കൂടുതലറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.