സന്താന നിയന്ത്രണത്തിന്റെ ഇസ്ലാമിക വിധി എന്താണ് എന്ന് വിശദീകരിക്കാമോ
ചോദ്യകർത്താവ്
Yoosuf Parambath, Thiruvallur
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹം എന്നത് തന്നെ മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനുള്ള മാര്ഗ്ഗമാണെന്നതിനാല് കുട്ടികളുടെ എണ്ണത്തിന് യാതൊരു വിധ നിയന്ത്രണവും ഇസ്ലാം കല്പിക്കുകയോ അത് അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഭൂമിയിലെ വിഭവങ്ങള്‍ അവസാനനാള്‍ വരെ വരുന്ന മനുഷ്യസമൂഹത്തിന് മുഴുവനും പാകവും പക്വവുമാണെന്നും വിഭവങ്ങളിലെ അശാസ്ത്രീയ വിതരണമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായി ഭവിക്കുന്നതെന്നുമാണ് സത്യം. അത് കൊണ്ട് തന്നെ അക്കാരണത്താല്‍ സന്താനനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല. മാതാവിന്റെ ആരോഗ്യത്തിന് ഹാനികരമാവുമ്പോള് മാത്രമാണ് ശാശ്വത ഗര്‍ഭനിരോധനം അനുവദനീയമാവുന്നത്. എന്നാല്‍ ഇന്ദ്രിയം പുറത്തേക്ക് കളയുന്നത് പോലെയുള്ള താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ് എന്നാണ് ഇമാം റംലി പോലെയുള്ള പല പണ്ഡിതരുടെയും അഭിപ്രായം. ഭ്രൂണഹത്യ ശരീഅതില്‍ നിഷിദ്ധമാണ്. ന്യായമായ കാരണങ്ങളില്ലെങ്കില്‍, മനുഷ്യരൂപം പ്രാപിച്ചമുതല് ഏത് ഘട്ടത്തിലും അത് നിഷിദ്ധമാണ്. റൂഹ് (ആത്മാവ്) ഊതുന്നതോടെ അത് ശക്തമായ ഹറാം ആയിത്തീരുന്നു. മാതാവിന്റെ ജീവന് ഭീഷണിയാവുമ്പോള്‍ മാത്രമേ പിന്നീട് അത് അനുവദനീയമാവുന്നുള്ളൂ. മനുഷ്യരൂപം പ്രാപിക്കുന്നതിന് മുമ്പും (42 ദിവസത്തിന് മുമ്പ്) അത് നിഷിദ്ധമാണെന്നത് തന്നെയാണ് ഇമാം ഗസാലി (റ) അടക്കമുള്ള അധിക പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഭ്രൂണഹത്യയുടെ വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.