ഹമ്പലി മദ്ഹബില്‍ സോക്സ് തടവി നിസ്കരിച്ചാല്‍ നിസ്കാരം ശരിയാകും എന്ന് പറഞ്ഞു കേള്‍ക്കുന്നു. വിശദമായ ഉത്തരം പ്രതീക്ഷിക്കുന്നു. പ്രവാസികളായ പലരും ഇതിനെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരത്തിനായി കാത്തിരിക്കുന്നുണ്ട്.
ചോദ്യകർത്താവ്
abdul salam koodaranji
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സോക്സിന്മേല് തടവുന്നതിനെക്കുറിച്ച് വിശദമായി നാം മുമ്പ് പറഞ്ഞുകഴിഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ഹമ്പലീ മദ്ഹബിലെ ഒരു അഭിപ്രായപ്രകാരം സോക്സിന്മേല് തടവാമെന്നുണ്ട് എന്ന് പറയപ്പെടാറുണ്ട്. അത് അല്പം വിശദമാക്കാം. അത്തരം ഒരു അഭിപ്രായം ഹമ്പലീ മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ മുഗ്നിയില്‍ ഇമാം ഇബ്നുഖുദാമ (റ) പറയുന്നതായി കാണാം, അവിടെ ഉപയോഗിച്ചിരിക്കുന്ന പദം ജൌറബ് എന്നാണ്, ഇന്ന് നാം ഉപയോഗിക്കുന്ന സോക്സിനും അറബിയില്‍ ജൌറബ് എന്നാണ് പറയാറ്, (അതില്‍നിന്ന് വന്നതായിരിക്കാം ഈ തെറ്റിദ്ധാരണ). ജൌറബിന്മേല്‍ തടവാം എന്ന് പറയുന്നിടത്ത് അത് അനുവദനീയമാവാന്‍ രണ്ട് നിബന്ധനകള്‍ അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്, ഒന്ന്, കാലിന്റെ കഴുകല്‍ നിര്‍ബന്ധമായ ഭാഗത്തില്‍നിന്ന് ഒന്നും വെളിവാകാത്ത വിധം കട്ടിയുള്ളതായിരിക്കണം, രണ്ട്, ചെരുപ്പൊന്നും കൂടാതെ അത് മാത്രം ധരിച്ചുകൊണ്ട് തുടര്‍ച്ചയായി നടക്കാന്‍ (യാത്രക്കാരന്റെ സാധാരണ ആവശ്യങ്ങള്‍ക്ക്) സാധിക്കുന്നതായിരിക്കണം. ഈ പറഞ്ഞതില്‍നിന്ന് തന്നെ, അവിടെ പറഞ്ഞ ജൌറബ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇന്ന് നാം ധരിക്കാറുള്ള സോക്സ് അല്ലെന്ന് വ്യക്തമാണല്ലോ. വീടിന്റെ അകം പോലോത്ത മൃദുലമായ പ്രതലത്തില്‍നിന്ന് പുറത്ത് അല്പം നടന്നാല്‍തന്നെ നമ്മുടെ സോക്സുകള്‍ കീറിപ്പോവുമെന്നതല്ലേ സത്യം. മറ്റുമൂന്ന് മദ്ഹബുകളും ചെരുപ്പോട് കൂടെ ധരിക്കുന്ന ജൌറബിന്മേല്‍ തടവുന്നത് അംഗീകരിക്കുന്നേ ഇല്ലെന്നും ജൌറബ് തന്നെ ചെരുപ്പ് പോലെ സ്വന്തമായി ഉപയോഗിക്കുമ്പോഴേ തടവാന്‍ അനുവാദമുള്ളൂ എന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. ചുരുക്കത്തില്‍ നാം ഇന്ന് ധരിക്കുന്ന സോക്സിന്മേല് തടവുന്നതിന് നാല് മദ്ഹബിലും അടിസ്ഥാനമില്ലെന്ന് വ്യക്തമായല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ. ഇബാദതുകള്‍ യഥാവിധി നിര്‍വ്വഹിക്കാനും അത് സ്വീകരിക്കപ്പെടാനും സൌഭാഗ്യം ലഭിക്കട്ടെ.