വസ്ത്രം ധരിക്കുമ്പോള്‍ ഏതെങ്കിലും പ്രത്യേക കളര്‍ നബി (സ) നിര്‍ദ്ദേശിച്ചിട്ടുണ്ടോ? നിസ്കാരത്തിലും പുറത്തും സ്ത്രീക്കും പുരുഷനും പ്രത്യേകം കളറുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടോ? പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഇസ്‌ലാമിക വസ്ത്രധാരണ രീതി ഒന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
മുഹമ്മദ് ശാഫി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വസ്ത്രധാരണത്തില്‍ പുരുഷന്മാര്‍ക്ക് വെള്ള വസ്ത്രമാണ് ഉത്തമമെന്നതല്ലാതെ മറ്റു പ്രത്യേക കളറുകളെല്ലാം തുല്യം തന്നെയാണ്. ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക, അത് വസ്ത്രങ്ങളില്‍ ഏറ്റവും നല്ലതാണ്, മരിച്ചവരെ അതില്‍ കഫന്‍ ചെയ്യുകയും ചെയ്യുക (ബുഖാരി, മുസ്ലിം, ഇബ്നുമാജ, തുര്‍മുദി, അബുദാവൂദ്) പുരുഷന്‍ മുട്ടു-പൊക്കിളിനിടയിലുള്ള ഭാഗം പൂര്‍ണ്ണമായും മറക്കണമെന്നതാണ് നിര്‍ബന്ധം. സ്ത്രീക്ക്, മുഖവും മുന്‍കൈയ്യുമല്ലാത്ത ഭാഗങ്ങളെല്ലാം നിസ്കാരത്തില്‍ മറക്കല്‍ നിര്‍ബന്ധമാണ്. അന്യപുരുഷന്മാരുടെ മുമ്പില്‍ ശരീരം മുഴുവനും മറക്കണമെന്നതാണ് പ്രബലാഭിപ്രായം. മുഖം മറക്കേണ്ടതില്ല എന്ന് പറയുന്നവരുമുണ്ട്. വിശദമായ വിവരത്തിന് വസ്ത്രം-ഫാഷന്‍ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.