6 മക്കളുള്ള പിതാവ് മറ്റു മക്കളുടെ സമ്മതമില്ലാതെ തന്റെ സ്വത്തുകള്‍ മറ്റു രണ്ടു മക്കള്‍ക്ക് മാത്രം എഴുതികൊടുക്കാന്‍ സാധിക്കുമോ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്നതിലെല്ലാം തുല്യത പാലിക്കല്‍ സുന്നതാണ്. ചില മക്കള്‍ക്ക് മാത്രം അധികമായി നല്‍കുന്നത് കറാഹതാണ്. അത് ഹറാമാണെന്നും ഒരു വിഭാഗം പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ നല്‍കപ്പെട്ട മകന്‍ ആവശ്യം കൊണ്ടോ ഇല്‍മ് പോലോത്ത ശ്രേഷ്ടത കൊണ്ടോ അതിനു അര്‍ഹനാണെങ്കില്‍ അധികമായി നല്‍കുന്നത് കറാഹതല്ല. അത് പോലെ ചില മക്കള്‍ ഫാസിഖുകളാണെങ്കില്‍ ഫിസ്ഖില്‍ ചെലവഴിക്കുന്നത് തടയാനായി അവര്‍ക്കു മാത്രം നല്‍കാതിരിക്കുന്നതും കറാഹതല്ല. പിതാവിന് തന്റെ ജീവിത കാലത്ത് ഏത് നിലയിലുള്ള സ്വദഖയും ചെയ്യാം. അത് മക്കള്‍ക്കോ അല്ലാത്തവര്‍ക്കോ ആവാം. കാരണം അത് അദ്ദേഹത്തിന്റെ മാത്രം സമ്പത്താണ്. അത് ചെലവഴിക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കേണ്ടത് സമ്പത്തിന്റെ ഉടമ തന്നെയാണ്. മറ്റുള്ളവര്‍ക്ക് അതില്‍ അവകാശമില്ല. ചോദ്യത്തില്‍ പറയപ്പെട്ട പോലെ 6 മക്കളുള്ള പിതാവ് തന്റെ രണ്ട് മക്കള്‍ക്ക് സമ്പത്ത് മുഴുവന്‍ സ്വദഖയായി നല്‍കുന്നത് കറാഹതാണെങ്കിലും ശരിയാവുന്നതാണ്. നേരത്തെ പറയപ്പെട്ട കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ കറാഹതുമില്ല. ആരോഗ്യ കാലത്ത് സ്വദഖ ചെയ്താലുള്ള വിധിയാണിത്. എന്നാല്‍ പിതാവോ അല്ലാത്തവരോ തന്റെ മരണരോഗത്തില്‍ സ്വദഖ ചെയ്താല്‍ മൂന്നിലൊന്നില്‍ മാത്രമേ ശരിയാവൂ. മൂന്നിലൊന്നിലധികമുള്ളത് അനന്തരവകാശികള്‍ സമ്മതിച്ചാല്‍ മാത്രമേ ശരിയാകൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.