വലീമയെ കുറിച്ച് കൂടുതലറിയാനാഗ്രഹിക്കുന്നു. ആരെയെല്ലാമാണ് ക്ഷണിക്കേണ്ടത്. മുമ്പ് നമ്മെ ക്ഷണിച്ചവരെ വിളിക്കല്‍ കടമയാണോ?
ചോദ്യകർത്താവ്
AMEENA Beyah
May 2, 2017
CODE :Oth8358
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വലീമത്, അഥവാ നികാഹിനു ശേഷം (ലൈംഗിക ബന്ധത്തിനു ശേഷമാകലാണ് ഉത്തമം) നല്‍കുന്ന വിവാഹ സദ്യയിലേക്ക് എത്ര പേരെ വിളിക്കണമെന്നോ ആരെയെല്ലാം വിളിക്കണമെന്നോ എന്നത് നിര്‍ണ്ണിതമല്ല. അതെല്ലാം അവരവരുടെ കഴിവും സൌകര്യവും സാഹചര്യവും അനുസരിച്ചാകാവുന്നതാണ്. ഒരാടിനെയറുത്തെങ്കിലും വിവാഹ സദ്യയുണ്ടാക്കുക എന്ന പ്രവാചക കല്‍പനയനുസരിച്ച് ചുരുങ്ങിയത് ഒരാടെങ്കിലും അറുത്ത് സദ്യയൊരുക്കുന്നത് പൂര്‍ണ്ണതയുടെ ചുരുങ്ങിയ രൂപമാണെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതാ പിതാക്കള്‍, രക്തബന്ധമുള്ളവര്‍, അടുത്ത കുടുംബങ്ങള്‍, അയല്‍വാസികള്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നത് ശ്രേഷ്ടമാണ്. കാരണം ഇവരെ ക്ഷണിക്കുന്നതിലൂടെ കുടുംബ-അയല്‍പക്ക ബന്ധങ്ങള്‍ ചേര്‍ത്തതിന്‍റെ പ്രതിഫലവും ലഭിക്കുമല്ലോ. എന്നാല്‍ ഒരാള്‍ക്ക് തന്നെ അവഗണിച്ചെന്നോ മാറ്റി നിര്‍ത്തിയെന്നോ മാനസിക പ്രയാസം ഉണ്ടാകുന്ന രീതിയില്‍ അയാളെ ക്ഷണിക്കുന്നതില്‍ നിന്ന് ഒഴിവാക്കരുത്. അയല്‍വാസികളെയെല്ലാവരെയും വിളിക്കുമ്പോള്‍ ചിലരെ മാത്രം വിളിക്കാതിരിക്കുന്നത് ശരിയല്ല. അപ്രകാരം തന്നെ കുടുംബക്കാര്‍, കൂടെ ജോലി ചെയ്യുന്നവര്‍, പ്രത്യേകം വിഭാഗത്തില്‍ പെട്ടവര്‍ - ഇവിടെയെല്ലാം കഴിവിന്‍റെ പരമാവധി എല്ലാവരെയും ഉള്‍ക്കൊള്ളിക്കണം. അതുപോലെ സമൂഹത്തിലെ ധനാഢ്യരേയും പ്രമാണിമാരെയും മാത്രം സല്‍കരിക്കുന്നതും നബി (സ) നിരുത്സാഹപ്പെടുത്തിയതാണ്. അന്യ സ്ത്രീ മാത്രമുള്ളിടത്തേക്ക് പുരുഷനെ മാത്രം വിളിക്കുക, ഒരു പുരഷന്‍ മാത്രമുള്ളിടത്തേക്ക് സ്ത്രീയെ മാത്രം വിളിക്കുക തുടങ്ങിയ ഹറാം വന്നു ചേരുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. മുമ്പു വിളിച്ചവരെ വിളിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എങ്കിലും സൌഹൃദ-കുടുംബ ബന്ധങ്ങള്‍ക്ക് കോട്ടം സംഭവിക്കാവുന്ന കാര്യങ്ങള്‍ ഒഴിവാക്കണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.