ഇസ്ലാമില്‍ ഫസ്ഖിനുള്ള കാരണങ്ങള്‍ ഒന്നു വിശദീകരിക്കാമോ?

ചോദ്യകർത്താവ്

Niyaz

May 2, 2017

CODE :Fiq8507

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഫസ്ഖ് (വിവാഹം ദുര്‍ബലപ്പെടുത്തല്‍) പല തരത്തിലുണ്ട്. വധു നടത്തുന്ന ഫസ്ഖിനെപ്പറ്റി മാത്രമാണ് ഇവിടെ വിവരിക്കുന്നത്. ഇക്കാലത്ത് നമുക്കിടയില്‍ പ്രചാരത്തിലുള്ളത് മിക്കവാറും അത്തരത്തിലുള്ള ഫസ്ഖുകള്‍ മാത്രമാണ്. അതുതന്നെ രണ്ടു തരത്തിലുണ്ട്.

ഒന്ന്) ഭര്‍ത്താവ് ദരിദ്രനും ഭാര്യക്ക് ജീവിതച്ചെലവ് നല്‍കാന്‍ കഴിവില്ലാത്തവനുമായിത്തീര്‍ന്നതിനാല്‍ ഭാര്യ നടത്തുന്ന വിവാഹമോചനം. വിവാഹം നടക്കുന്നതോടുകൂടി ഭാര്യ ഫലത്തില്‍ ഭര്‍ത്താവിന്റെ അധീനവലയത്തിലായി. അക്കാരണത്താല്‍ തന്നെ അവളുടെ മുഴുവന്‍ ജീവിതച്ചെലവും നല്‍കേണ്ട ബാധ്യത ഭര്‍ത്താവില്‍ നിക്ഷിപ്തമാവുകയും ചെയ്തു. ഭര്‍ത്താവ് ദരിദ്രനും ജോലി ചെയ്തു മതിയായ കൂലി സമ്പാദിക്കുവാന്‍ കഴിയാത്തവനുമായാല്‍ ഭാര്യ എന്തു ചെയ്യും? അവളുടെ ജീവിതം എങ്ങനെ മുനോട്ടു പോകും? ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും  ജീവനാംശം അന്വേഷിച്ച് പകല്‍സമയത്ത് പുറത്തിങ്ങിപ്പോകുവാന്‍ അവകാശമുണ്ട്. രാത്രിയില്‍ വീട്ടിലേക്ക് തിരിച്ചെത്തണമെന്നു മാത്രം. അവള്‍ക്ക് സ്വന്തമായി ധനമുണ്ടെങ്കിലും വീട്ടിനകത്തിരുന്ന് ജോലി ചെയ്തു സമ്പാദിക്കുവാന്‍ അവസരമുണ്ടെങ്കിലും പുറത്തിറങ്ങിപ്പോകാന്‍ അവള്‍ക്കുള്ള ഈ അവകാശം നിഷേധിക്കപ്പെടുന്നില്ല. അവനു അവളെ വിലക്കാന്‍പാടുള്ളതുമല്ല. കാരണം, അവള്‍ക്ക് ജീവിതച്ചെലവ് നല്‍കല്‍ അവന്റെ ബാധ്യതയാണ്. അതവന് കഴിയുന്നില്ലല്ലോ. (ഫത്ഹുല്‍ മുഈന്‍) ഈ സാഹചര്യത്തില്‍ ഇതിനേക്കാള്‍ മേലെയുള്ള അവകാശം കൂടി ഇസ്‌ലാം വധുവിനു നല്‍കുന്നു. ഈ വിവാഹബന്ധം തന്നെ ദുര്‍ബലപ്പെടുത്തി ഭര്‍ത്താവിനെ ഉപേക്ഷിക്കുക എന്നതാണ് ആ അവകാശം. വേണമെങ്കില്‍ വധുവിന് അത് ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ കഴിവില്ലാത്ത ഭര്‍ത്താവിനെ തൃപ്തിപ്പെട്ടുകൊണ്ട് ജീവിതം തുടര്‍ന്നുപോവുകയുമാവാം. പക്ഷേ, ഒരു കാര്യം ശ്രദ്ധേയമാണ്. വധുവിനു വിവാഹന്ധം വേര്‍പ്പെടുത്തണമെങ്കില്‍ ഒരു ന്യായാധിപന്റെ (ഖാളിയുടെ) മുമ്പാകെ പ്രശ്‌നം സമര്‍പ്പിച്ച് ഖാളിയുടെ സമ്മതം നേടിയ ശേഷം മാത്രമേ അത് സാധ്യമാവുകയുള്ളൂ. നിക്കാഹ്, ത്വലാഖ് എന്നിവയ്‌ക്കൊന്നും ഖാളിയുടെ അനുമതി വേണ്ടതില്ലെങ്കിലും ഈ ഫസ്ഖിന്റെ കാര്യം അങ്ങനെയല്ല. ഇതിന്ന് വിധികര്‍ത്താവിന്റെ അനുമതി അനിവാര്യമാണ്. ഇന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഇതിനെ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. നാട്ടുകാര്‍ തെരഞ്ഞെടുത്ത ഖാളിയുടെ അനുമതി ഉണ്ടായാലും പോരാ, മറിച്ച് സര്‍ക്കാര്‍ കോടതിയില്‍ കേസ് കൊടുത്ത് അനുകൂലമായ കോടതിവിധി കൂടി വധു സമ്പാദിക്കണം. അതിനു ശേഷം മാത്രമെ പുനര്‍വിവാഹം പാടുള്ളൂ. ഇതാണ് സര്‍ക്കാര്‍ നയമം. സ്ത്രീകള്‍ അബലകളും വികാരജീവികളുമാണല്ലോ. അവര്‍ പലപ്പോഴും തത്രപ്പെട്ട് വല്ലതും ചെയ്‌തേക്കാം. പിന്നീടത് അവര്‍ക്കു തന്നെ വലിയ ദോഷമായി ഭവിക്കുകയും ചെയ്യും. ഇത് ഇല്ലാതാക്കാനായിരിക്കണം ഇവിടെ കോടതി ഇടപെടുന്നത്. സ്ത്രീ സംരക്ഷണത്തിന്റെ ഭാഗ മാണിതെന്നു പറയാം.

രണ്ട്) ഭര്‍ത്താവില്‍ കാണപ്പെട്ട ന്യൂനതകള്‍  കാരണം ഭാര്യ നടത്തുന്ന വിവാഹമോചനം. ഗൗരവതരങ്ങളായ ന്യൂനതകള്‍ കാരണവും വധുവിന് വരനെ ഒഴിവാക്കാന്‍ അവകാശമുണ്ട്. പക്ഷേ, എന്തൊക്കെ ന്യൂനതകളാണ് അവയെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ തിട്ടപ്പെടുത്തി പറഞ്ഞിട്ടുണ്ട്. അവയില്‍ അപ്പുറം പറ്റുകയില്ല. എല്ലാ ന്യൂനതകളും രോഗങ്ങളും കാരണമായി ഫസ്ഖ് പറ്റുകയില്ലെന്ന് സാരം. ശണ്‍ഠത, ലിംഗഛേദം, ഭ്രാന്ത്, കുഷ്ഠ രോഗം, വെള്ളപ്പാണ്ട് രോഗം എന്നിവ ഫസ്ഖിന് കാരണമായി എടുത്തുപറഞ്ഞവയാണ്. ഇപ്പറഞ്ഞ ദൂഷ്യങ്ങള്‍ കാരണമായി വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോഴും ഖാളിയെ സമീപിക്കല്‍ അനിവാര്യമാണെന്നത് സ്മരണീയമാണ്.

 

നിസ്കരിക്കാതിരിക്കുക തുടങ്ങിയ ചീത്ത സ്വഭാങ്ങള്‍ ഫസ്ഖ് ചെയ്യാനുള്ള കാരണങ്ങളില്‍ എണ്ണിയിട്ടില്ല. അതിനാല്‍ ഫസ്ഖ് ചെയ്തു വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പറ്റുകയില്ല.  ഇത്തരം സ്വഭാവ ദൂഷ്യങ്ങള്‍ മാറ്റിയെടുക്കാവുന്നതും അവ ഉപേക്ഷിച്ച് നല്ല നടപ്പുകാരനാകാവുന്ന സാധ്യതയുമുണ്ടല്ലോ. അതിനാല്‍ ഭര്‍ത്താവിനെ ഗുണദോഷിക്കുകയും ചീത്ത സ്വഭാവങ്ങള്‍ മാറ്റിയെടുക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യുന്നതാണ് ഉത്തമം. ഇനി പ്രതീക്ഷകള്‍ കുറവാണെങ്കില്‍ വിവാഹ മോചനത്തിനായി ഭര്‍ത്താവിനോടു് ആവശ്യപ്പെടാം. പ്രതിഫലം നല്‍കി വിവാഹ മോചനം ചോദിച്ചു വാങ്ങാം. ഭര്‍ത്താവില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരെ ഉപയോഗിച്ച് നിര്‍ബന്ധിച്ചു ഥലാഖു ചൊല്ലിക്കാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും അനുയോജ്യമായ തീരുമാനമെടുക്കാന്‍ നിപുണരായ പണ്ഡിതന്മാരുടെയും പരിചയ സമ്പന്നരായ കൈകാര്യകാര്‍ത്തക്കളുടെയും ഉപദേശവും നിര്‍ദ്ദേശവും തേടുകുകയും നേരിട്ടു ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തുകയുമാണ് വേണ്ടത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter