അസ്സലാമു അലൈകും, ഇസ്ലാമിക നശീദുകൾ ഇന്റർനെറ്റിൽ ഒഫീഷ്യൽ അല്ലാത്ത വെബ്‌സൈറ്റിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്യുന്നതിന്റെ വിധി എന്താണ്? ഉദാഹരണം അഹ്‌മദ് ബുഖാതിർ എന്നവരുടെ നഷീദ്.
ചോദ്യകർത്താവ്
Noor Muhammed
Oct 4, 2018
CODE :Fiq8920
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഇമാം ശാഫിഈ (റ) പറയുന്നു: കവിതയെന്നാൽ അത് സംസാരമാണ്. അതിലെ നല്ലത് നല്ലതും ചീത്ത ചീത്തയുമണ് (കിതാബുൽ ഉമ്മ്).അഥവാ ഇസ്ലാമിക കവിതകൾ നല്ലതാണ് എന്നർത്ഥം. എന്നാൽ അത് നശീദകൾ ഇന്നും പലരും പാടുന്ന രൂപത്തിൽ സംഗീതാത്മകമായി പാടാമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. പരിശുദ്ധ ഖുർആൻ അതിന്റെ തർത്തീലായ ഓത്ത് വിട്ട് സംഗീതാത്മകമായി ഓതുന്നത് ഖിയാമത്തിന്റെ അടയാളമാണെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്(തിർമ്മിദി, ത്വബ്റാനി). പാട്ടിനും പ്രസംഗത്തിനും അവതരണത്തിനും വരാനും പോകാനും സ്വീകരിക്കാനും എല്ലാറ്റിനും സംഗീത സ്വഭാവം കാണിക്കുന്ന ഈ കാലത്ത് വിശുദ്ധ ഖുർആനും അതിലെ പല ആയാത്തുകളും പാട്ടുകാരും അല്ലാത്തവരും സംഗീത ഭാവത്തിൽ ഓതുന്നത് മനപ്രയാസമുണ്ടാക്കുന്നില്ലെങ്കിൽ ഈ കാലം ഖിയാമത്തിനോട് അടുത്തുവെന്ന് പറയാതെ വയ്യ. ചെറിയ രൂപത്തിലാണ് സംഗീത താളത്തിലേക്ക് ഓത്തിന്റെ ശൈലി പോകുന്നതെങ്കിൽ അത് കറാഹത്താണെന്ന് നാല് മദ്ഹബിന്റേയു ഇമാമുമാർ പറഞ്ഞിട്ടുണ്ട്. പരിധി വിട്ട സംഗീതാത്മക തുളുമ്പുന്ന ഓത്താണെങ്കിൽ ഹറാമും ശിക്ഷാർഹവുമാണെന്ന് ഇമാം നവവി (റ) ഫത് വ കൊടുത്തിട്ടുണ്ട് (റൌള). ഖുർആനിന്റെ ചിന്തിയിൽ നിന്ന് സംഗീത്തിന്റെ ചിന്തയിലേക്ക് മനസ്സിനെ കൊണ്ടു പോകുന്നുവെന്നതാണ് അതിന് കാരണം. വിശുദ്ധ ഖുർആനിന്റെ അവസ്ഥയിതാണെങ്കിൽ മറ്റു കവിതകളും നശീദകളും പാട്ടുകളും അവയുടെ ഇസ്ലാമിക ആശയം മനസ്സിൽ തറക്കുന്ന ആലാപന ശൈലി വിട്ട് സംഗീതാത്മകമായി ചൊല്ലുമ്പോൾ അതിലെ ഇസ്ലമാക ആശയങ്ങളിൽ നിന്നും ദൈവിക ചിന്തിയിൽ നിന്നും മനസ്സ് സംഗീത താളത്തലേക്ക് വഴിമാറുമെന്നും അത് ഏറേ ഗൌരവപ്പെട്ടതാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു വിശ്വാസിക്ക് കേൾക്കാനും ചിന്തിക്കുവാനും പാഠമുൾക്കൊള്ളുവാനും ആസ്വദിക്കാനും പറ്റിയ ശൈലിയും സാഹിത്യവും വരികളും ഇമ്പവും ആസ്വാദ്യതയും ലഭിക്കാവന്ന വിധത്തിലാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായതെന്ന ആശയം വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട് (സൂറത്തുസ്സമർ).അതുകൊണ്ടാണ് നബി (സ്വ)യും സ്വഹാബത്തും മുൻകാമികളായ മഹാന്മാരും എപ്പോഴും വിശുദ്ധ ഖുർആൻ ഓതുകയും കേൾക്കുയും ചെയ്യാനും എന്നും ഖത്തം തീർക്കാനും സമയം കണ്ടെത്തിയിരുന്നത്. ഇക്കാര്യത്തിൽ സഹൃദയത്വം നഷ്ടപ്പെടുന്നവരാണ് ഖുർആൻ വിട്ട് മറ്റു പാട്ടുകളിലും കവിതകളിലും നശീദകളിലും കൂടുതലായി ആസ്വാദ്യത കണ്ടെത്തുന്നത്.
ഇപ്പറഞ്ഞതൊക്കെ മ്യൂസിക്ക് ഉപകരണങ്ങൾ ഉപയോഗിക്കാത്ത സംഗീത സ്വഭാവത്തെക്കുറിച്ചാണ്. ഇമാം ഇബ്നു ഹജർ അൽഹൈത്തമി (റ) പറയുന്നു: ഇന്ന് മ്യൂസിക് രംഗത്ത് അറിയപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന എല്ലാ സംഗീതോപകരണങ്ങളും ഹറാമാണെന്ന കാര്യത്തിൽ ഇസ്ലാമിക ലോകത്ത് അഭിപ്രായ വ്യത്യാസമില്ല. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന്, ചില പണ്ഡിതന്മാരുടെ വചനങ്ങൾ പിടിച്ച്, സ്ഥാപിക്കാൻ ശ്രമിക്കുന്നത് തികച്ചും തെറ്റാണ്. സ്വന്തം ദേഹേച്ഛയാൽ കീഴടക്കപ്പെട്ടനും അല്ലാഹു ആത്മീയമായി അന്ധനും ബധിരനുമാക്കിയവനും മാത്രമേ മ്യൂസിക് ഹലാലാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയുള്ളൂ (കഫ്ഫുർറആഅ്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.