അസ്സലാമുഅലൈക്കും ജോലിയിൽ ബറക്കത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള ദിഖ്‌ർ ഖുർആൻ സൂക്തം ഒന്ന് വിവരിച്ചാലും

ചോദ്യകർത്താവ്

Muhammad Saheer

Dec 11, 2018

CODE :Oth8992

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

അല്ലാഹു തആലാ പറയുന്നു: വിശ്വസിക്കുകയും തഖ് വയോടെ ജീവിക്കുകുയും ചെയ്താൽ നാം ആകാശാ ഭൂമികളിലുള്ള ബറക്കത്തുകൾ അവർക്ക് തുറന്നു കൊടുക്കും (സൂറത്തുൽ അഅ്റാഫ്). ജീവിതത്തിന്റെ നിഖില മേഖലകളിൽ ബറകത്തും റാഹത്തും സ്വസ്ഥതയും സന്തോഷവും വേണമെങ്കിൽ ആദ്യം വേണ്ടത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും ആ വിശ്വാസത്തെ സാക്ഷ്യപ്പെടുത്തും വിധമുള്ള തഖ് വയോടെയുള്ള ജീവിതം നയിക്കലുമാണ്. വിശുദ്ധ ഖുർആനുമായി നിരന്തരം സഹവസിച്ചാൽ ജീവിതത്തിൽ ബറകത്തുണ്ടാകും. കാരണം അത് ബറകത്തുള്ള ഗ്രന്ഥമാണ് എന്ന് അല്ലാഹു വിവരിച്ചിട്ടുണ്ട് (സൂറത്തു സ്വാദ്, അൻആം) ബറകത്തുള്ളതിനോട് സഹവസിച്ചാൽ അതിലെ ബറകത്ത് നമ്മുടെ കാര്യങ്ങളിലേക്കൊക്കെ പ്രവഹിക്കുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്(ബുഖാരി, മുസ്ലിം). സാമൂഹികമായ ഇടപാടുകളിൽ സത്യസന്ധത പുലർത്തിയാൽ ആ ഇടപാടുകളിൽ ബറകത്തുണ്ടാകും. നബി (സ്വ) അരുൾ ചെയ്തു: വ്യവഹാരങ്ങളിൽ സത്യസന്ധത പുലർത്തിയാൽ അതിൽ ബറകത്തുണ്ടാകും. ഇല്ലെങ്കിൽ ബറകത്ത് തുടച്ചു നീക്കപ്പെടും (ബുഖാരി, മുസ്ലിം). അധാർമ്മിക ചിന്തകളും പ്രവൃത്തികളും ഒഴിവക്കിയാലേ ബറകത്തിനും റാഹത്തിനും വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനയും ദിക്റും അടക്കം ഏത് ഇബാദത്തും സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് അല്ലാഹു അടിവരയിട്ട് പറഞ്ഞിട്ടുണ്ട് (സൂറത്തുത്തൌബ). ഏതെങ്കിലും കാര്യം ചെയ്യുന്നതിൽ ആശങ്കയുളവാകുമ്പോൾ ഇസ്തിഖാറത്തിന്റെ നിസ്കാരം നിർവ്വഹിച്ചാൽ അല്ലാഹു ആ കാര്യത്തിൽ ബറകത്ത് ചെയ്യും എന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ബുഖാരി). ഇങ്ങനെ ദൈവശാസനകൾ അപ്പടി ജീവിതത്തിൽ പാലിച്ചു കൊണ്ട് പ്രാർത്ഥിക്കുക കൂടി ചെയ്താൽ ജോലിയിൽ മാത്രമല്ല വീട്ടിലും കുടുംബത്തിലും അറിവിലും രിസ്ഖിലും ദുനിയാവിലും ആഖിറത്തിലുമൊക്കെ ബറകത്തും റാഹത്തും ലഭിക്കും. നബി (സ്വ) ബറകത്ത് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ചതായി സ്വഹീഹായ ഹദീസുകളിൽ വന്ന ചില പ്രാർത്ഥനകൾ താഴെ കൊടുക്കുന്നു.

  • اللّهُمَّ إنِّي أَعُوذُ بِكَ مِنَ الْفَقْرِ، وَالْقِلَّةِ، وَالذِّلَّةِ، وَأَعُوذُ بِكَ مِنْ أَنْ أَظْلِمَ أو أُظْلَمَ
  • اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ الْأَرْضِ، وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ.
  •  اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter