അസ്സലാമു അലൈക്കും, കേരള സർക്കാർ വിപണിയിൽ ഇറക്കിയ 'നീര' എന്ന പാനീയം കുടിക്കൽ അനുവദനീയമാണോ..?
ചോദ്യകർത്താവ്
മുഹമ്മദ് ഹാസിഫ്
Dec 16, 2018
CODE :Fat9003
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പനയുടേയോ തെങ്ങിന്റേയോ പൂങ്കുലത്തണ്ട് ചെത്തിവക്കുമ്പോൾ അതിന്റെ പൂക്കുല കൂമ്പിൽ (ചൊട്ട) നിന്നും ഊറിവരുന്ന വിശിഷ്ട പാനീയമാണ് ‘നീര'. ഇതില്‍ തീരേ ലഹരിയില്ല. ഇത് സംഭരിച്ച് പുളിപ്പിച്ചുണ്ടാക്കുന്ന ലഹരി പാനീയമാണ് കള്ള്. നീര എന്ന പേരില്‍ അറിയപ്പെടുന്ന പാനീയത്തിലും പുളിപ്പിക്കാത്ത തനി നീര തന്നെയാണ് ഉപോയഗിക്കുന്നത്. അതില്‍ ലഹരി ഒട്ടുമില്ല, ദഹനസമയത്ത് പ്രശ്നമുണ്ടാക്കാവുന്ന സൂക്ഷ്മാണു സഞ്ചയത്തെ (മൈക്രോബിയൽ ലോഡ്) അരിച്ചുമാറ്റുന്നതല്ലാതെ മറ്റു ഇടപെടലുകളൊന്നും ആ ശുദ്ധ നീരയില്‍ നടത്തുന്നില്ല. 100 മില്ലിലീറ്റർ നീരയിൽ 75 കാലറി ഊർജ്ജം, 250 മില്ലിഗ്രാം പ്രോട്ടീൻ, 16 ഗ്രാം ഷുഗർ (14 ഗ്രാം സുക്രോസ്, ഗ്ലൂക്കോസ് 1.5 ഗ്രാം ഫ്രക്റ്റോസ് - 600 മി ഗ്രാം) എന്നവയാണ് അടങ്ങിയിരിക്കുന്നത്, മധുരമുണ്ടെങ്കിലും ഗ്ലൈസീമിക് ഇൻഡക്സ് (50 ൽ താഴെ) കുറവായതിനാൽ പ്രമേഹ രോഗികള്‍ക്കു അത് വരേ ഉപയോഗിക്കാം. അതു പോലെ വിറ്റാമിൻ എയും സിയും മുതൽ ബി വിറ്റാമിനുകൾ വരേ യഥേഷ്ടമുണ്ട്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് ഉൾപ്പെടെ ശരീരത്തിന് അവശ്യം വേണ്ട ധാതുക്കളാലും സമ്പുഷ്ടമാണ് നീര. മധുരകള്ളിൽ ആറുശതമാനത്തിലേറെ ആൽക്കഹോൾ അടങ്ങുമ്പോൾ നീരയിൽ അത് പൂജ്യം ശതമാനമാണ്. മൂന്നുമാസം വരെ നീര പുളിക്കാതെ സൂക്ഷിക്കാനാവുന്ന ബയോ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതു കഴിഞ്ഞ് നീര പുളിച്ചാൽ തന്നെ വിനാഗിരിയേ ആകൂ, കള്ളാവില്ല. നീരയിൽ നിന്നും പഞ്ചസാരയോ ശർക്കരയോ ഉണ്ടാക്കുകയും ചെയ്യാം എന്നൊക്കെയാണ് നീരയെക്കുറിച്ച് പറയപ്പെടുന്നത് (എസ് സിഎംഎസ് ബയോസയൻസ് ആന്റ് ബയോടെക്നോളി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്). ഇപ്പോഴും പരീക്ഷണ ഘട്ടത്തിലുള്ള നീരയെന്ന പാനീയത്തിന്റെ നിലവിലെ അവസ്ഥ ഈ പറയപ്പെട്ട വിധം ലഹരി മുക്തവും ശരീരത്തിന് ഹാനകരമാകുന്ന വസ്തുക്കള്‍ ഇല്ലാത്തതുമാണെങ്കില്‍ അത് അങ്ങനെ തുടരുന്ന കാലത്തോളം അത് കഴിക്കുന്നതിന് കുഴപ്പമില്ലെന്ന് മാത്രമല്ല, നമ്മുടെ വിപണിയിലുള്ള കോളകള്‍ അടക്കമുള്ള പല കൃത്രിമ പാനീയങ്ങളേക്കാളും എന്തു കൊണ്ടും മെച്ചവുമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.