ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുന്നതായി സ്വപ്നം കണ്ടു..ഈ സ്വപ്നത്തിനു എന്തെങ്കിലും വ്യാഖ്യാനം ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
ചോദ്യകർത്താവ്
Veeran Kutty
Jan 10, 2019
CODE :Fiq9057
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
നബി (സ്വ) അരുൾ ചെയ്തു: സ്വപ്നം മൂന്ന് തരമാണ്. ഒന്ന്: സത്യമായി പുലരുന്ന സ്വപ്നം. ഇത് അമ്പിയാക്കളും സ്വാലിഹീങ്ങളും കാണുന്നതും അല്ലാഹുവിൽ നിന്ന് ഉള്ളതുമാണ്. രണ്ട്: സ്വപ്നം കാണുന്നവനെ വിഷമിപ്പിക്കാൻ വേണ്ടി പിശാച് നേരിട്ട് ഇടപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കാണുന്ന (തനിക്കോ മക്കൾക്കോ മറ്റോ വലിയ വിപത്ത് വരുന്നതും താൻ ചിന്തിക്കാൻ ആഗ്രഹിക്കാത്ത് നടക്കുന്നതായും തന്റെ മനസ്സിനെ പിളർത്തുന്ന ദുരന്ത കാഴ്ചകൾ സംഭവിക്കുന്നതായും മറ്റുമുള്ള) ചീത്ത സ്വപ്നങ്ങളാണ്.ഇത് അസത്യമാണ്, ഇതിൽ വാസ്തവമില്ല. ഇങ്ങനെ വല്ലതും കണ്ടാൽ അല്ലാഹുവിനോട് കാവൽ ചോദിക്കുക, അത് ആരോടും പറയരുത്. കാരണം അത് ആരേയും ദോഷകരമായി ബാധിക്കില്ല. മൂന്ന്: ഉറങ്ങാത്ത സമയത്ത് മനസ്സിൽ പലപ്പോഴും മിന്നിമറയുകയും അലട്ടുകയോ സന്തോഷിപ്പികയോ ഒക്കെ ചെയ്യുന്ന കാര്യങ്ങൾ ഉറക്കത്തിൽ കാണലാണത് (ബുഖാരി, മുസ്ലിം).
ഇവിടെ ചോദ്യത്തിൽ കണ്ടുവെന്ന് പറയപ്പെട്ടത് ഒന്നുകിൽ രണ്ടാമത്തെ ഇനമായ പിശാചിന്റെ ഭാഗത്ത് നിന്നുള്ള പ്രയാസപ്പെടുത്തലിന്റെ ഭാഗമായ സ്വപ്നമോ അല്ലെങ്കിൽ മൂന്നാമത്തെ ഇനമായ ഭർത്താവിനോടുള്ള അമിത താൽപര്യവും ഭർത്താവ് വേറെ വല്ലവളേയും വിവാഹം കഴിക്കുമോയെന്ന (സാധാരണ സ്ത്രീകളിൽ കണ്ടു വരുന്ന) അനാവശ്യമായ ആശങ്ക ഉറങ്ങാത്ത സമയത്ത് വർദ്ധിച്ച തോതിൽ മനസ്സിൽ പലപ്പോഴും ഉണ്ടാകുന്നത് ഉറക്കത്തിലും കാണുന്നതോ ആകാം. ഇത് രണ്ട് ആയാലും ഭയപ്പെടേണ്ടതില്ല. പകരം നബി (സ്വ) നിർദ്ദേശിച്ച പ്രകാരം പ്രവർത്തിച്ചാൽ മതി. നബി (സ്വ) അരുൾ ചെയ്തു: ‘നിങ്ങളിലാരെങ്കിലും തനിക്ക് ഇഷ്ടപ്പെടുന്ന ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്ന് ഉള്ളതാണ്. അതിനാൽ അവൻ അല്ലാഹുവിനെ സ്തുതിക്കുകയും മറ്റുള്ളവരോട് അത് പറയുകയും ചെയ്യട്ടേ. ഇനി ഒരാൾ താൻ വെറുക്കുന്ന സ്വപ്നമാണ് കണ്ടതെങ്കിൽ അത് പിശാചിൽ നിന്നുള്ളതാണ്. അതിനാൽ അവൻ അല്ലാഹുവിനോട് കാവലിനെ തേടുകയും മറ്റുള്ളവരോട് പറയാതിരിക്കുകയും ചെയ്യട്ടേ, കാരണം അത് അവന് ഉപദ്രവകരമാകില്ല’. മറ്റൊരു സന്ദർഭത്തിൽ നബി (സ്വ) പറഞ്ഞു: ‘നല്ല സ്വപ്നം അല്ലാഹുവിൽ നിന്നും ചീത്ത സ്വപ്നം പിശാചിൽ നിന്നുമാണ് സംഭവിക്കുന്നത്. അതിനാൽ ആരെങ്കിലും താൻ വെറുക്കുന്ന വല്ലതും സ്വപ്നം കണ്ടാൽ തന്റെ ഇടത് ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം തുപ്പുകയും പിശാചിൽ നിന്ന് കാവൽ ചോദിക്കുകയും ചെയ്യട്ടേ, അത് അവനെ ഉപദ്രവിക്കില്ല. (ബുഖാരി, മുസ്ലിം).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.