ഉസ്താദേ, ഞാൻ രണ്ട് കാര്യങ്ങളിൽ മറുപടി പ്രതീക്ഷിക്കുന്നു .. 1 - ഒരാളോട് ഞാൻ ഇന്നാലിന്ന കാര്യം ചെയ്യാം എന്ന് വള്ളാഹി എന്ന് പറഞ്ഞു സത്യം ചെയ്യുകയും, വിചാരിച്ച കാര്യം ചെയ്യാൻ ചില നിർബന്ധിത കാരണത്താൽ (ഒരിക്കലും അത് ചെയ്യാതിരിക്കാൻ ഉദ്ദേശിച്ചില്ല) ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്‌താൽ അല്ലാഹുവിന്റെ ഭാഗത്തുനിന്നും കുറ്റം ഉണ്ടാവുമോ? വള്ളാഹി പറഞ്ഞത് കൊണ്ട് അതിന് എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ? 2 - ഭാര്യയും ഭർത്താവും തമ്മിൽ സംസാരിച്ചിരിക്കുമ്പോൾ ആരുടെയെങ്കിലും മോശം സ്വാഭാവത്തെ കുറിച്ചു പരസ്പരം സംസാരിക്കുന്നത് ഗീബത് നമീമത് പോലോത്ത ദോഷങ്ങളാവുമോ? ഒരിക്കലും ഭാര്യയോ ഭർത്താവോ അതനുസരിച്ചു ആരുടെയാണോ കുറ്റം പറഞ്ഞത് അയാളോട് ചോദിക്കുകയോ മനസ്സിൽ വിദ്വേഷം വെക്കുകയോ ചെയ്യില്ല എന്നിരിക്കെ ?
ചോദ്യകർത്താവ്
Mansoor
Feb 11, 2019
CODE :Fin9144
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
1. അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യുകയെന്നത് സാർവ്വത്രികമായി ചെയ്യേണ്ട ഒരു കാര്യമല്ല. അത്രമേൽ അത് ചെയ്യാൻ പറ്റുമെന്ന ഉറപ്പും ആ കാര്യം സത്യം ചെയ്യൽ അനിവാര്യമാകുകയും ചെയ്തെങ്കിൽ മാത്രമേ അതിന് മുതിരാവൂ. അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്താൽ അത് പൂർത്തിയാക്കൽ നിർബ്ബന്ധമാണ്. അല്ലെങ്കിൽ പ്രായ്ശ്ചിത്തം നൽകണം. ഒന്നുകിൽ ഒരു അടിയെ മോചിപ്പിക്കുക, അല്ലെങ്കിൽ 10 മിസ്കീന്മാർക്ക് ഓരോ മുദ്ദ് വീതം ഭക്ഷണം നൽകുക, അതുമല്ലെങ്കിൽ 10 മിസ്കീന്മാർക്ക് ഓരോ വസ്ത്രം വീതം നൽകുക. ഇവയിൽ ഏതും തെരഞ്ഞെടുക്കാം ഇത് മൂന്നും ചെയ്യാൻ കഴിയില്ലെങ്കിൽ 3 ദിവസം നോമ്പ് നോൽക്കുക എന്നതാണ് പ്രായ്ശ്ചിത്തം (സൂറത്തുൽ മാഇദഃ). അനുവദനീയമായ കാര്യം ചെയ്യാൻ വേണ്ടിയുള്ള സത്യമായതിനാൽ ചോദ്യത്തിൽ പറയപ്പെട്ട സത്യം ലംഘിച്ചത് കുറ്റമല്ല, എന്നാൽ നല്ലതല്ല. അതോടൊപ്പം പ്രായ്ശ്ചിത്തം ചെയ്യൽ നിർബ്ബന്ധവുമാണ്. എന്നാൽ സാധാരണ ഗതിയിൽ സത്യം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയല്ലാതെ സംസാരത്തിൽ സംഭവിച്ചു പോകുന്ന വല്ലാഹീ, ലാ വല്ലാഹ് തുടങ്ങിയവക്ക് ഇത് ബാധകമല്ല. പക്ഷേ ഉദ്ദേശ്യത്തോടെയാണെങ്കിൽ ഇതും സത്യം ചെയ്യലായി പരിഗണിക്കും (തുഹ്ഫ).
2. അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്ത: ‘ഒരാൾക്ക് ഇഷ്ടമില്ലാത്ത് അയാളുടെ അഭാവത്തിൽ പറയലാണ് ഗീബത്ത്. അയാളെപ്പറ്റി ഉള്ളതാണ് പറഞ്ഞതെങ്കിൽ അത് ഗീബത്തും, ഇല്ലാത്തതാണ് പറഞ്ഞതെങ്കിൽ അയാൾക്കെതിരെ കളവ് കെട്ടിച്ചമക്കലുമാണത്’ (സ്വഹീഹ് മുസ്ലിം). അല്ലാഹു തആലാ പറയുന്നു: “നിങ്ങൾ പര്സ്പരം ഗീബത്ത് പറയരുത്. നിങ്ങളിലാരെങ്കിലും തന്റെ സഹോദരന്റെ ശവശരീരം പച്ചക്ക് തിന്നുന്നത് ഇഷ്ടപ്പെടുമോ?” (സൂറത്തുൽ ഹുജുറാത്ത്). നബി (സ്വ) അരുൾ ചെയ്തു: ‘നിങ്ങളിലാരെങ്കിലും തന്റെ സഹോദന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചാൽ ഉടനെ അദ്ദേഹത്തെക്കണ്ട് പൊരുത്തപ്പെടീച്ച് പ്രശ്നം പരിഹരിച്ച് തലയൂരണം, ഇല്ലെങ്കിൽ നാളെ ആഖിറത്തിൽ വെച്ച് തന്റെ സൽകർമ്മങ്ങൾ അയാൾക്ക് കൊടുക്കേണ്ടി വരും. സൽകർമ്മങ്ങളൊന്നും ബാക്കിയില്ലെങ്കിൽ അയാളുടെ തിന്മകൾ വഹിക്കേണ്ടി വരും (ബുഖാരി, മുസ്ലിം). ഭാര്യാ ഭർത്താക്കളായാലും ഒരാളെപ്പറ്റിയും (അയാളോട് വിദ്വേഷമുണ്ടെങ്കിലും ഇല്ലെങ്കിലും) ഗീബത്ത് പറയാൻ പാടില്ല. ഒരിക്കൽ ഒരു സ്ത്രീ നബി (സ്വ)യുടെ അടുത്ത് വന്ന് പോയപ്പോൾ ആഇശാ ബീവി (റ) അവർ ഉയരം കുറവുള്ളവളാണെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. തതവസരത്തിൽ നബി (സ്വ) അരുൾ ചെയ്തു. നീ അവളെക്കുറിച്ച് ഗീബത്താണ് പറഞ്ഞത് (ത്വബ്രി, അഹ്മദ്, ബൈഹഖീ). ഗീബത്ത് പറയപ്പെട്ടയാൾ മരണപ്പെടുകയോ എത്തിപ്പെടാൻ കഴിയാത്തിടത്ത് ആകുകയോ പൊരുത്തപ്പെടീക്കാൻ പ്രയാസം നേരിടുകയോ ഫിത്ന ഭയപ്പെടുകയോ ചെയ്താൽ അയാൾക്ക് വേണ്ടി പൊറുക്കലിനേ തേടുകയും പ്രാർത്ഥിക്കുകയം സൽകർമ്മങ്ങൾ ചെയ്യുകയും ചെയ്യുക (അദ്കാർ, മിൻഹാജുൽ ആബിദീൻ, അൽ ഹാവീ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.