ജനാബത്ത് കുളിയുടെ പൂര്‍ണ്ണരൂപം മനസിലാക്കുന്നതിന് മുമ്പ് നിസ്കരിച്ച നിസ്കാരങ്ങള്‍ ശരിയാവുമോ? അറിവില്ലായ്മ കൊണ്ട് ചെയ്ത് പോയതാണ്. ആ നിസ്കാരങ്ങള്‍ ഖളാ വീട്ടണോ?
ചോദ്യകർത്താവ്
ANU
Feb 12, 2019
CODE :Oth9145
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജനാബത്ത് കുളിയുടെ ഫർളുകൾ രണ്ടെണ്ണമാണ്. ഒന്ന് ജനാബത്തിനെ ഉയർത്തുന്നവെന്ന നിയ്യത്തും, രണ്ട് ശരീരം മുഴവൻ വെള്ളം വ്യാപിപ്പിക്കലുമാണ്. വെള്ളം ത്വഹൂറായിരിക്കുക, വെള്ളം കൊണ്ട് ശരീരത്തിൽ തടവാതെ വെള്ളം ഒലിപ്പിക്കുക, വെള്ളത്തെ പകർച്ചയാക്കുന്ന വസ്തുവോ തടയുന്ന വസ്തുവോ ശരീരത്തിൽ ഇല്ലാതിരിക്കുക എന്നീ നിബന്ധനകൾ ശ്രദ്ധിക്കുക കൂടി ചെയ്യണം. ഇത് പാലിക്കാതെയാണ് കുളിച്ചതെങ്കിൽ വിട്ടു വീഴ്ച ചെയ്യപ്പെടില്ല. കാരണം ഇസ്ലാമിക ദൃഷ്ട്യാ ഒരാൾ വിവരമില്ലാതെ ഒരു കാര്യം ചെയ്തുവെന്ന് പരിഗണിക്കപ്പെടണമെങ്കിൽ ഒന്നുകിൽ അയാൾ ഇപ്പോൾ മുസ്ലിമാകുകയും കുളിയുടെ നിയമങ്ങൾ പഠിക്കാനുള്ള സമയം ലഭിക്കാതിരിക്കുകയും ചെയ്യണം, അല്ലെങ്കിൽ ഇക്കാര്യം അറിയുന്നവരൊന്നും ഇല്ലാത്ത ഒരു സ്ഥലത്ത് ജനിച്ചു വളരുകയും അവ അറിയാനുള്ള വഴികളൊന്നും ഇല്ലാതിരിക്കുകയും ചെയ്യണം. ഈ രണ്ടു വിഭാഗം അല്ലാത്ത എല്ലാവരും ദീനിന്റെ ഏതു കാര്യവും എത്രയും പെട്ടെന്ന് അറിവുള്ളവരിൽ നിന്ന് പഠിച്ച് മനസ്സിലാക്കണം. അത് കടമയാണ്. അത് ചെയ്യാതെ എനിക്ക് വിവരമില്ലായിരുന്നു എന്ന് പറഞ്ഞാൽ അത് ദീനിൽ പരിഗണിക്കപ്പെടില്ല (തുഹ്ഫ). അതിനാൽ ചോദ്യത്തിൽ പറയപ്പെട്ട വിധമുള്ള നിസ്കാരങ്ങൾ ഖളാഅ് വീട്ടൽ നിർബ്ബന്ധമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.