അശീല ചിന്തകള്‍ മനസ്സില്‍ നിന്നും പോകാന്‍ എന്തു ചെയ്യണം?

ചോദ്യകർത്താവ്

ANU

Feb 12, 2019

CODE :Oth9147

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഈമാൻ നിലനിർത്താനും അശ്ലീല ചിന്തകൾ മനസ്സിൽ നിന്ന് പോകാനും ഏറ്റവും പ്രധാനമായി വേണ്ടത് നമുക്ക് ജീവിതവും മരണവും രക്ഷയും ശിക്ഷയും നൽകാൻ കഴിവുള്ള ഏകനായ അല്ലാഹു നമ്മെ എപ്പോഴും നിരീക്ഷിക്കുന്നുണ്ട് (സൂറത്തുൽ ഫജർ) എന്ന അല്ലാഹുവിന്റെ മുന്നറിയിപ്പ് സദാ ഓർക്കുകയാണ്. ദുഷ്ചിന്തകൾ അറിയാതെ മനസ്സിൽ കടന്നു വരുന്നത് തെറ്റല്ല. എന്നാൽ അത്തരം ചിന്തകൾ ബോധപൂർവ്വം മനസ്സിൽ കുടിയിരുത്താനോ ആനന്ദിക്കാനോ പാടില്ലെന്നും അത് തെറ്റാണെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തുൽ ബഖറ).അല്ലാഹുവിലും അന്ത്യ നാളിലുമുള്ള വിശ്വാസവും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവർക്ക് മാത്രമേ അവന്റെ തിരു നോട്ടവും ജീവിത വിജയവും സ്വർഗവും കരകതമാകൂ എന്നുള്ള യാഥാർത്ഥ്യവും ഒരു ബോധ്യമായിട്ട് മനസ്സിൽ വരണം.  അല്ലാഹു തആലാ പറയുന്നു: “സ്വർഗം നാം അനന്തരമായി നൽകുകു നമ്മുടെ അടിമകളിൽ നിന്ന് നമ്മെ സൂക്ഷിച്ച് ജീവിച്ചവർക്ക് മാത്രമാണ്” (സൂറത്തു മർയം). “മനസ്സിന്റെ ഇച്ഛകളെ നിയന്ത്രിക്കാനും അവയേക്കാൽ അല്ലാഹുവിന്റെ വചനങ്ങൾക്ക് പ്രാധാന്യം കൊടുക്കാനും കഴിയുന്നവർ മാത്രം ചെന്നെത്തുന്ന സ്ഥലമാണ് സ്വർഗം” (സൂറത്തുന്നാസിആത്ത്). സകല സുഖങ്ങളുടേയും പറുദീസയായ സ്വർഗം കരസ്ഥമാക്കണോ അതല്ല അത് നിഷേധിക്കപ്പെടണോ എന്ന ചോദ്യം എപ്പോഴും സ്വന്തത്തോട് ചോദിക്കുന്നത് നന്നാകും.

ശരീരം കൊണ്ട് ചെയ്യുന്ന കർമ്മങ്ങളിൽ വെച്ച് ഏറ്റവും സ്രേഷ്ഠമായത് നിസ്കാരമാണ്. അത് അല്ലാഹുവുമായുള്ള ഒരു മുഅ്മിനിന്റെ മിഅ്റാജാണ്. അത് അർത്ഥം മനസ്സിലാക്കി അല്ലാഹുവിനെ മുന്നിൽ കണ്ട് അവനോട് സംംവദിച്ചു കൊണ്ട് ദിവസം അഞ്ചു നേരം നിർവ്വഹിക്കുന്നവന് പിന്നെ അതിനിടയിലുള്ള സമയം ആ അല്ലാഹുവിനെ മറന്ന് പിശാചിന്റെ അടിമയാകാൻ കഴിയില്ല. അതു കൊണ്ടാണ് “നിസ്കാരം വൃത്തികേടുകളിൽ നിന്നും തിന്മകളിൽ നിന്നും തടയും” (സൂറത്തുൽ അൻകബൂത്ത്) എന്നും “തെറ്റുകളെ മായ്ച് കളഞ്ഞ് നന്മകളെ നിറക്കുമെന്നും” (സൂറത്തു ഹൂദ്) അല്ലാഹു തആലാ പറഞ്ഞത്. അതിനാൽ പൂർണ്ണ ബോധ്യത്തോടെയും മനസ്സും ശരീരവും അല്ലാഹുവിൽ ലയിപ്പിച്ചും നിസ്കരിച്ചാൽ ഇമാൻ കൂടുതൽ പ്രശോഭിതമായി നിലനിൽക്കുകയും ചീത്ത വിചാരങ്ങളിൽ നിന്ന് മനസ്സും ശരീരവും മുക്തമാകുകയും ചെയ്യും.

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: “ഏതൊരാൾക്കും  വ്യഭിചാരത്തിൽ നിന്ന് ഒരു വിഹിതം എഴുതപ്പെട്ടിരിക്കും. അതിന്റെ പ്രതിഫലനം അവൻ കാണുക തന്നെ ചെയ്യും., അതിനാൽ ശ്രദ്ധിക്കുക, കണ്ണുകളുടെ വ്യഭിചാരം അവയുടെ നോട്ടവും കാതുകളുടേത് ശ്രദ്ധിച്ചു കേൾക്കലും നാവിന്റേത് സംസാരവും കയ്യിന്റേത് പിടിക്കലും കാലിന്റേത് നടത്തവും ഹൃദയത്തിന്റേത് മനസ്സിന്റെ മോഹവും ആഗ്രഹവുമാണ്. ഇതിനെ ഗുഹ്യഭാഗം ഒന്നുകിൽ അനുകൂലിക്കും അല്ലെങ്കിൽ പ്രതികൂലിക്കും” (ബുഖാരി, മുസ്ലിം). അഥവാ ഈ ഒരു സാഹചര്യം ഏതൊരാളും അഭിമുഖീകരിക്കും. ആ സമയത്ത് അല്ലാഹുവിന്റെ മുന്നിൽ നിൽക്കണമെന്ന ചിന്തക്ക് മുൻതൂക്കം നൽകി ദേഹത്തിന്റെ ആ ഇച്ഛയെ അവഗണിക്കുന്നവന് വാഗ്ദാനം ചെയ്യപ്പെട്ടത് രണ്ട് സ്വർഗീയ ആരാമങ്ങളാണെന്ന് അല്ലാഹു തആലാ പറഞ്ഞിട്ടുണ്ട് (സൂറത്തുർറഹ്മാൻ).ഇത് നിയന്ത്രിക്കൽ പലപ്പോഴും പ്രയാസകരമായി അനുഭവപ്പെടാമെങ്കിലും അത് തന്റെ മഹത്തായ വിജയവും ദയനീയമായ പരാജയവും തീരുമാനിക്കുന്ന വലിയ പരീക്ഷ ഘട്ടമാണെന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്.

നല്ല ആളുകളുമായി സഹവസിക്കുയും ദീനി സദസ്സുകളിൽ പങ്കെടുക്കുയും ചെയ്താൽ മനസ്സ് ദീൻ സ്വീകരിക്കുവാനും ഈമാൻ പ്രവേശിക്കുവാനും അല്ലാഹുവിന് കീഴ്പ്പെടുവാനും പാകപ്പെടും. കാരണം നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്: ‘ജനങ്ങളിൽ ചിലർ നന്മകൾ തുറക്കുന്നവരും തിന്മകൾ അടക്കുന്നവരുമാണ്’ (ഇബ്നുമാജ്ജഃ) അവരാണ് സ്വാലിഹീങ്ങൾ. സകല നന്മകളും നമ്മുടെ ഹൃദയത്തിലേക്ക് തുറക്കാനുള്ള ചാവികളാണവർ. അതോടെ നമ്മിലുള്ള സകല തിന്മകളേയും പുറം തള്ളി ഹൃദയത്തിന്റെ വാതിലുകൾ കൊട്ടിയടക്കുകയും ചെയ്യും. മാത്രമല്ല നാളെ മുത്തഖീങ്ങളായ ഈ കൂട്ടുകാരുടെ സഹായം ആഖിറത്തിൽ നമുക്ക് ഉപകാരപ്പെടുകയും ചെയ്യുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തുസ്സുഖ്റുഫ്). എന്നാൽ ചീത്ത കൂട്ടുകെട്ടിലകപ്പെട്ടവർ നാളെ അല്ലാഹുവിന്റെ ഭയാനകമായ ശിക്ഷ മുന്നിൽ കാണുമ്പോൾ എന്തിനായിരുന്നു ഈ നീചന്മാരരുടെ കൂടെക്കൂടിയത് എന്ന് പറഞ്ഞ് വിലപിക്കുമെന്നും ആ വിലാപം അപ്പോൾ ഉപകരിക്കില്ലെന്നും പിശാചാണ് അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നതെന്നും അവൻ ചതിയനാണെന്നും അവനെ കരുതിയിരിക്കണമെന്നും അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (സൂറത്തുൽ ഫുർഖാൻ).

ഏറേ ഗൌരവത്തോടെ മനസ്സിലാക്കേണ്ട കാര്യം, തെറ്റുകൾ ചിന്തിക്കുകയും ചെയ്യുകുയും ചെയ്യുന്നവർക്ക് അതിനുള്ള അവസരവും സാഹചര്യങ്ങളും കൂടുതൽ കൂടുതൽ എളുപ്പമാക്കിക്കൊടുക്കുമെന്നും (സൂറത്തുല്ലൈൽ) അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും വിശുദ്ധ ഖുർആനിനെക്കുറിച്ചും നിസ്കാരത്തെക്കുറിച്ചുമൊക്കെ തികഞ്ഞ അവഗണന അവനിൽ നിലനിൽക്കും വിധവും ഈമാൻ പ്രവേശിക്കുന്നതിനെ തടയും വിധവും അവന്റെ ഹൃദയങ്ങളിൽ പാപക്കറ കെട്ടിനിൽക്കുമെന്നും (സൂറത്തുൽ മുത്വഫ്ഫിഫീൻ) അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നതാണ്. ഈ അവസ്ഥയാണ് നമ്മെ പിടികൂടിയതെങ്കിൽ പെട്ടെന്ന്അതിൽ നിന്ന് രക്ഷപ്പെടുക പ്രയാസമാണ്. അതിനാൽ നമ്മുടെ ഉണർച്ചയിലും ഉറക്കത്തിലും സദാ നമ്മുടെ ശരീരത്തിന്റെ ഓരോ സൂക്ഷ്മമായ പ്രവർത്തനങ്ങളേയും കാരുണ്യത്തോടെ സംവിധാനിക്കുന്ന, നമുക്ക് ഭൂമിയിൽ വാസയോഗ്യവും ജീവൻ നിലനിർത്താൻ പ്രാപ്തമാകും വിധവും ഈ ഭൂമിയേയും ആകാശങ്ങളേയും സംവിധാനിക്കുകുയും ചെയ്ത, ഒരു നാൾ ഇവയെല്ലാം തകർത്ത് ഒരു പുനർ ജന്മത്തിലൂടെ നമ്മുടെ ചെയ്തികളേ വിചാരണ ചെയ്യുകയും രക്ഷാ ശിക്ഷകൾ വിധിക്കുകയും ചെയ്യുന്ന സർവ്വ ശക്തനായ അല്ലാഹുവും അവൻ നമ്മുടെ കൂടെ നടന്ന് നാം ചെയ്യുന്ന നന്മ തിന്മകൾ കൃത്യമായി രേഖപ്പടുത്താൻ ഏൽപ്പിച്ച മലക്കുകളും തന്നെ സദാ നിരീക്ഷിച്ചു കൊണ്ട് കൂടെയുണ്ടെന്നുമുള്ള യാഥാർത്ഥ്യം മനസ്സിലാക്കിയും ദുനിയാവിന്റേയും ദേഹേച്ഛയുടേയും താൽകാലിക സുഖങ്ങളെ വലിച്ചെറിഞ്ഞും ഏകാനായ അല്ലാഹുവിന്റെ മുന്നിൽ സ്രാഷ്ടാംഗം ചെയ്ത് ഹൃദയം പൊട്ടി കരഞ്ഞ് മാപ്പിരന്ന് മനോവേദനയോ ഖേദിച്ചു മടങ്ങി പുതിയ ജീവിതത്തിന് തുടക്കം കുറിക്കാൻ ഇനിയും വൈകിക്കൂടാ. അല്ലാഹു തആലാ പറയുന്നു. : “തെറ്റു കുറ്റങ്ങൾ പരിധിക്കപ്പുറം ചെയ്ത് സ്വന്തത്തോട് അതിക്രമം കാണിച്ച എന്റെ അടിമകളേ, നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യം ഇനിയും തന്നെ കടാക്ഷിക്കുമോ എന്നോർത്ത് നിരാശരാകരുത്. അവൻ എല്ലാ തെറ്റുകളും പൊറുത്ത് തരും, തീർച്ചയായും അവൻ ധാരാളമായി പൊറുത്തു തരുന്നവനും അളവറ്റ കാരുണ്യം ചൊരിയുന്നവനുമാണ്(സൂറത്തുസ്സമർ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter