"സ്ത്രീകളോട് സലാം പറയുന്നതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ് ?"
ചോദ്യകർത്താവ്
ISMAIL IBRAHIM
Feb 21, 2019
CODE :See9164
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്ത്രീകൾ തമ്മിലോ സ്ത്രീയും തന്റെ ഭർത്താവും തമ്മിലോ സ്ത്രീയും മഹ്റമുകളും തമ്മിലോ ഒക്കെ സലാം പറയൽ സുന്നത്തും മടക്കൽ നിർബ്ബന്ധവുമാണ്. അതു പോലെ കാണാൻ ഒരു നിലക്കു ഭംഗിയില്ലാത്ത കിഴവിയോട് സലാം പറയൽ സുന്നത്തും മടക്കൽ നിർബ്ബന്ധവുമാണ്. എന്നാൽ കാണാൻ കൊള്ളാവുന്ന സ്ത്രീ അന്യ പുരുഷനോട് സലാം പറയലും അയാൾ സലാം പറഞ്ഞാൽ മടക്കലും ഹറാമാണ്. അന്യ പുരുഷൻ അവളോട് സലാം പറയലും അവളുടെ സലാം മടക്കലും കറാഹത്തുമാണ്. ഇവിടെ അവളുടെ പറയലും മടക്കലും ഹറാമും അവന്റേത് കറാഹത്തുമാകാൻ കാരണം അവൾ ചൊല്ലുമ്പോഴും മടക്കുമ്പോഴും അവളുടെ ശബ്ദം ഇവനെ കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട് എന്നതാണ്. പുരുഷ സ്വരം അവളുടെ അത്ര തന്നെ കഴപ്പമുണ്ടാക്കാത്തതിനാൽ അവന്റേത് കറാഹത്താണ് (തുഹ്ഫ, അദ്കാർ). കഴപ്പം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നോട്ടം കൊണ്ടോ ചിന്ത കൊണ്ടോ മറ്റോ ഒക്കെ ചെറിയ രൂപത്തിലെങ്കിലും അറിഞ്ഞോ അറിയാതെയോ വൈകാരികമായ ആനന്ദം അനുഭവപ്പെടലാണ്. കാരണം അത്തരം സാഹചര്യം ഏതെങ്കിലും അവയവങ്ങൾക്കൊണ്ട് ഉണ്ടാകുന്നെങ്കിൽ അത് ആ അവയവത്തിന്റെ വ്യഭിചാരമാണെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ബുഖാരി, മുസ്ലിം). ഇനി ഒന്നിലധികം അന്യ സ്ത്രീകളുണ്ടെങ്കിൽ അവരോട് അന്യ പുരുഷന് സലാം പറയാം. അപ്പോൾ അവരിലൊരാൾ സലാം മടക്കൽ നിർബ്ബന്ധമാണ്. കാരണം ഒന്നിലധികം സ്ത്രീകളുണ്ടെങ്കിൽ അവിടെ കുഴപ്പമുണ്ടാകാനുള്ള സാധ്യത കുറവാണ് (തുഹ്ഫ). എന്നാൽ ഇന്നത്തെ കാലത്ത് കാണപ്പെടുന്ന ആധുനികത ബാധിച്ച് ഇസ്ലാമിക നിയമങ്ങളെ പുല്ലു പോലെ അവഗണിച്ച് നടക്കുന്ന നാണവും മാനവും തൊട്ടു തീണ്ടാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ബാധകമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാരണം അത്തരം സ്ത്രീകൾ തങ്ങളുടെ സൌന്ദര്യം പുരുഷാസ്വാദനത്തിന് വേണ്ടി പ്രകടിപ്പിക്കുകയും പുരുഷന്മാർ അത് കണ്ണു് കൊണ്ടും സംസാരം കൊണ്ടും ദുഷിച്ച ചിന്ത കൊണ്ടും മറ്റും ആവോളം നുകരുകയും ചെയ്യുകയെന്ന വലിയ കുഴപ്പം പൊതുവെ സാർവ്വത്രികമാണെന്ന് പറയാവുന്ന സാഹചര്യമാണ് ഇന്ന് പലയിടങ്ങളിലും ദൃശ്യമാകുന്നത്. അന്യ സ്ത്രീ പുരുഷന്മാർ തമ്മിൽ സലാം പറയലും മടക്കുലും അനുവദനീയമാകുന്നതും നിഷിദ്ധമാകുന്നതും അത് മൂലം നേരത്തേ പറയപ്പെട്ട തരത്തിലുള്ള കുഴപ്പം ഉണ്ടാകുമോ ഇല്ലയോ എന്നതിനെ ആശ്രിയച്ചാണിരിക്കുന്നത് (ഫതാവാ റംലി)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.