തൗബ എങ്ങനെ യാണ്? നമ്മുടെ വീടുകളിൽ ഉള്ള ദിഖുറുകൾ ഉള്ള കിത്താബുകളിൽ ഉള്ള തൗബ ചെല്ലിയിൽ മതിയാവുമോ?
ചോദ്യകർത്താവ്
Yoosuf
Feb 25, 2019
CODE :Fiq9173
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഏടുകളിൽ കാണുന്നത് തൌബ ചെയ്യുമ്പോൾ ചൊല്ലുന്ന ദിക്റുകളും ദുആകളുമാണ്. അത് ചൊല്ലേണ്ടത് അതിന് പറ്റിയ രീതിയിൽ മനസ്സിനെ പാകപ്പെടുത്തിയിട്ടാകണം. തെറ്റു ചെയ്താൽ എങ്ങനെ തൌബ ചെയ്യണമെന്ന് അല്ലാഹുവിന്റെ റസൂൽ (സ്വ) നമ്മെ പഠിപ്പിക്കുന്നു: ‘ആരെങ്കലും വല്ല തെറ്റും ചെയ്താൽ അതിൽ പശ്ചാതപിച്ചു കൊണ്ട് വുളൂഅ് എടുത്ത് രണ്ട് റക്അത്ത് നിസ്കരിക്കുകയും തുടർന്ന് ചെയ്ത തെറ്റിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കും.’ എന്നിട്ട് നബി (സ്വ) (തൌബയുടെ രീതി അല്ലാഹു വിശദീകരിക്കുന്ന ആലു ഇംറാൻ സൂറത്തിലെ) ഈ ആയത്ത് ഓതി: “അവർ വല്ല തെറ്റും ചെയ്യുകയോ തങ്ങളുടെ ശരീരത്തോട് അക്രമം പ്രവർത്തിക്കുകയോ ചെയ്താൽ അവർ അല്ലാഹുവിനെ സ്മരിക്കും (നിസ്കരിക്കും) എന്നിട്ട് അല്ലാഹുവിനോട് അവരുടെ പാപങ്ങൾ പൊറുക്കാൻ വേണ്ടി തേടും. അല്ലാഹു അല്ലാതെ മറ്റാരാണ് ദോശങ്ങൾ പൊറുത്തു കൊടുക്കുക. തൌബ ചെയ്തു കഴിഞ്ഞാൽ പിന്നെ അറിഞ്ഞു കൊണ്ട് അവർ ആ തെറ്റിൽ വിണ്ടും തുടരില്ല” (അബൂ ദാവൂദ്).
അതു പോല നബി (സ്വ) അരുൾ ചെയ്തു: ‘തൌബയെന്നാൽ ചെയ്ത തെറ്റിൽ ഖേദിച്ചു മടങ്ങലാണ്’ (മുസ്നദ് അഹ്മ്ദ്). അഥവാ അല്ലാഹുവോട് ഖേദിച്ചു മടങ്ങലാണ് തൌബയുടെ മുഖ്യ ഭാഗം. ഇത് നേരാം വണ്ണം ഉണ്ടായാൽ ബാക്കി ഘടകങ്ങളായ ശരീരത്തെ തെറ്റുകളിൽ നിന്ന് അകറ്റി നിർത്തുക, ഇനിയൊരിക്കലും ഇത്തരം തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൃഢ നിശ്ചയം ചെയ്യുക, നിസ്കാരം, നോമ്പ് പോലെയുള്ള അല്ലാഹുവിനോടുള്ള ബാധ്യതകളും കടം, മനസ്സും ശരീരവും വേദനിപ്പിക്കൽ തുടങ്ങിയ മനുഷ്യരോടുള്ള ബാധ്യതകളും നിറവേറ്റുക തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലെ പശ്ചാതാപം ശരിയായ രീതിയിൽ ഉണ്ടായാലേ നിർവ്വഹിക്കപ്പെടുകയുള്ളൂ (മിർഖാത്ത്)
ചുരുക്കത്തിൽ തൌബയെന്നാൽ നാവു കൊണ്ട് തൌബയുമായി ബന്ധപ്പെട്ട ദിക്റുകളും ദുആകളും അർത്ഥമറിയാതെ ഉരുവിടൽ മാത്രമല്ല. മറിച്ച് മനസ്സുകൊണ്ട് ഖേദിച്ചു മടങ്ങുകയും ഇനിയൊരിക്കലും അതിലേക്ക് മടങ്ങുകയില്ലെന്ന് ദൃഢ നിശ്ചയം ചെയ്യുകയും ശരീരം കൊണ്ട് തെറ്റുകളിൽ നിന്നു വിട്ടു നിൽക്കുകയും പടച്ചവനോടും പടപ്പുകളോടുമുള്ള ബാധ്യകൾ ചെയ്തു തീർക്കുയും ചെയ്യുന്നതൊടൊപ്പം വുളൂഅ് എടുത്ത് ലോക രക്ഷിതാവായ അല്ലഹുവിന്റെ മുന്നിൽ ചെന്ന് രണ്ട് റക്അത്ത് നിസ്കരിച്ച് ഹൃദയത്തിന്റെ ആഴങ്ങളിൽ തട്ടി പ്രതിധ്വനിക്കും വിധമുള്ള പൊറുക്കലിനെ തേടലാണ് സ്വീകരിക്കപ്പെടുന്ന തൌബ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.