ലോക മുഅമിനീങ്ങൾക്കും മുസ്ലിമീങ്ങൾക്കും പൊറുക്കലിനെ തേടി ദുആ ചെയ്യാറുണ്ടല്ലോ ,ഇത് തമ്മിലുള്ള വ്യത്യാസം എന്താണ് ?മുസ്ലിമായ വ്യക്തിയെ തന്നെയല്ലേ മുഅമിൻ എന്നും പറയുന്നത്? ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

Veeran Kutty

Mar 4, 2019

CODE :Fiq9189

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഈമാനും ഇസ്ലാമും എന്തെന്ന് അല്ലാഹുവും റസൂല്‍ (സ്വ) യും വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവല്ലാതെ വേറെ യാതൊരു ആരാധ്യനുമില്ലെന്നും മുഹമ്മദ് നബി (സ്വ) അവന്റെ ദൂതരാണെന്നും സാക്ഷ്യം വഹിക്കലും നിസ്കാരം നിലനിര്‍ത്തലും സകാത്ത് കൊടുത്തു വീട്ടലും റമളാന്‍ നോമ്പ് അനുഷ്ഠിക്കലും കഴിവുള്ളവന്‍ ഹജ്ജ് ചെയ്യലുമാണ് ഇസ്ലാം (ബുഖാരി, മുസ്ലിം) അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യ നാളിലും നന്മ തിന്മകളെല്ലാം അല്ലാഹുവില്‍ നിന്നാണ് എന്ന കാര്യത്തിലും വിശ്വസിക്കലാണ് ഈമാൻ (സൂറത്തുല്‍ ബഖറഃ, സ്വഹീഹ് മുസ്ലിം)

ഈമാനും ഇസ്ലാമും പരസ്പര പൂരകങ്ങളാണ്. അല്ലാഹുവില്‍ ആത്മാര്‍ത്ഥമായി വിശ്വാസിക്കുന്നവന്‍ അല്ലാഹു കല്‍പിച്ച ഇസ്ലാം കാര്യങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കുന്നവനും അല്ലാഹുവിന് പൂര്‍ണ്ണമായും കീഴ്പെട്ട് കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ അല്ലാഹുവില്‍ യഥാവിധി വിശ്വസിക്കുന്നവനുമായിരിക്കും. ഈമാനും ഇസ്ലാമും യഥാവിധി ഉൾക്കൊള്ളുന്ന ഇവരാണ് സൃഷ്ടികളില്‍ ഉത്തമരെന്ന് അല്ലാഹു തആലാ സൂറത്തുല്‍ ബയ്യിനഃയിൽ പറയുന്നുണ്ട്. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തവര്‍ എന്നാണ് ഇവരെ അല്ലാഹു അഭിസംബോധന ചെയ്യുന്നത്. അവര്‍ക്കാണ് ജന്നാത്തുല്‍ ഫിര്‍ദൌസ്/ അവര്‍ക്കാണ് ജന്നാത്തുന്നഈം/ അവരില്‍ അല്ലാഹു സ്നേഹം നിറക്കും/ അവരെ അല്ലാഹു നേര്‍മാര്‍ഗത്തിലേക്ക് നയിക്കും/ അവരുടെ കര്‍മ്മങ്ങള്‍ പാഴിയിപ്പോകില്ല/ അവര്‍ക്കുള്ള പ്രതിഫലം ഒരിക്കലും നിഷേധിക്കപ്പെടുകയില്ല/ അവര്‍ക്കാണ് പൊലിവ്/ അവര്‍ക്ക് അല്ലാഹു മഗ്ഫിറത്ത് നല്‍കും തുടങ്ങിയ അനേകം തിരുവാക്യങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം (സൂറത്തു ലഖ്മാന്‍, മര്‍യം, കഹ്ഫ്, റഅ്ദ്, ഹൂദ്, മാഇദ, നിസാഅ്, ബഖറഃ...). അത് കൊണ്ട് തന്നെ മുസ്ലിമീങ്ങള്‍ക്കും മുഅ്മിനീങ്ങള്‍ക്കും പൊറുത്ത് കൊടുക്കൂ എന്ന പ്രാര്‍ത്ഥനയില്‍ ഇസ്ലാമും ഈമാനും ആത്മാർത്ഥമായി ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഈ ഉത്തമ വിശ്വാസികള്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വിഹക്കുന്നതിന്റേയും ഇഖ്ലാസിന്റേയും തോതനുസരിച്ച് ഓരോരുത്തരുടേയും ഈമാനിലും ഇസ്ലാമിലും ഏറ്റ വ്യത്യാസം വരും. ചിലര്‍ പ്രത്യക്ഷത്തില്‍ ഇസ്ലാം കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടാകും മൊത്തത്തില്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുമുണ്ടാകും. പക്ഷേ അവരുടെ ഹൃദയത്തില്‍ ഈമാന്‍ വേണ്ടവിധം നിലനില്‍ക്കുകയോ അതിന്റെ പ്രതിഫലനം കര്‍മ്മങ്ങളിലേക്ക് വ്യാപിക്കുകയോ ചെയ്യില്ല.. ഇത്തരക്കാരെ മുഅ്മിനീങ്ങള്‍ എന്നതിനേക്കാള്‍ മുസ്ലിമീങ്ങള്‍ എന്നായിരിക്കും വിശേഷിപ്പിക്കപ്പെടുക. അഅ്റാബികള്‍ ‘ഞങ്ങള്‍ മുഅ്മിനീങ്ങളായി’ എന്ന് പറഞ്ഞപ്പോള്‍ ‘നിങ്ങള്‍ വിശ്വസിച്ചിട്ടില്ല, കാരണം ഇത് വരേ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് ഇമാന്‍ വേണ്ടവിധം പ്രവേശിച്ചിട്ടില്ല,  അതിനാല്‍ ഞങ്ങള്‍ മുസ്ലിമീങ്ങളായി എന്ന്’ പറയാന്‍ നബി (സ്വ)യോട് സൂറത്തുല്‍ ഹുജുറാത്തില്‍  അല്ലാഹു നിര്‍ദ്ദേശിക്കുന്നത് ഈ ഗണത്തില്‍പ്പെട്ടതാണ് (ശറഹുല്‍ അഖാഇദ്).  അത് പോലെത്തന്നെ ചിലര്‍ ഇസ്ലാം കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ അലംഭാവം കാണിക്കുന്നവരാകും. അതോടൊപ്പം അവര്‍ അല്ലാഹുവിലും ഈമാന്‍ കാര്യങ്ങളിലും വിശ്വിസിക്കുന്നവരുമാകും. അഥവാ നിഷേധം അവരിലുണ്ടാകില്ല. അത്തരക്കാരായ മുഅ്മിനീങ്ങളോട് ജീവിതം മുഴുക്കെ ഇസ്ലാം മുറുകെപ്പിടിക്കാന്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നു. ‘വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനെ യഥാവിധി സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ മുസ്ലിമീങ്ങളായിട്ടല്ലാതെ മരണപ്പെട്ട് പോകരുത്’ (സൂറത്തുന്നിസാഅ്). അതിനാല്‍ മുസ്ലിമീങ്ങള്‍ക്കം മുഅ്മിനീങ്ങള്‍ക്കും പൊറുത്ത്  കൊടുക്ക്  അല്ലാഹ് എന്ന പ്രാര്‍ത്ഥനയില്‍ ഈ രണ്ട് കൂട്ടരും വെവ്വേറെയും ഉള്‍പ്പെടും. ഈമാനും ഇസ്ലാമും നന്നായി ഉൾക്കൊണ്ട് ജീവിക്കുന്നതിൽ വീഴ്ച വരുത്തുന്നവർ അല്ലാഹുവിങ്കൾ വിചാരണ ചെയ്യപ്പെടും. അവരില്‍ അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ പൊറുത്തു കൊടുക്കും അല്ലാത്തവരെ അവൻ ശിക്ഷിക്കും. 

ഖല്‍ബില്‍ തീരേ വിശ്വാസമില്ലാതെ പ്രത്യക്ഷത്തില്‍ മുസ്ലിംകളായി നടക്കുന്നവര്‍ ഇത് രണ്ടുമല്ല. അവര്‍ മുനാഫിഖുകളാണ്. അവര്‍ ഈ പ്രാര്‍ത്ഥനിയില്‍ ഉള്‍പ്പെടുകയില്ല. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും കപട വിശ്വാസികള്‍ നരകത്തിലെ അടിത്തട്ടിലാണ് കഴിയുക. അവരെ സഹായിക്കാന്‍ ആരും ഉണ്ടാകില്ല' (സൂറത്തുന്നിസാഅ്). അതു പോലെ അല്ലാഹുവിനെ നിഷേധിക്കുകയും അവനിൽ പങ്ക് ചേർക്കുകയും ചെയ്യുന്നവർ അതേ അവസ്ഥയിൽ മരണപ്പെട്ടാൽ അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയില്ല. അവർ നരകത്തിൽ ശാശ്വതരുമായിരിക്കും (സൂറത്തുന്നിസാഅ്, ശറഹുൽ അഖാഇദ്)                                                                                                                                                                                                                                    

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter