ശാഫിഈ മദ്ഹബിൽ സ്ത്രീകൾ സുകന്ധം ഉപയോഗിക്കുന്നത് ഹറാമാണോ? എന്നിരിക്കെ ബുഹൂർ പോലെപോലെയുള്ളതിന്റെ പുക ബുർക്കയിലാക്കുന്നതോ?
ചോദ്യകർത്താവ്
Muhammad Hy
Mar 10, 2019
CODE :Fiq9199
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്ത്രീകൾ വീട്ടിലോ മഹ്റമുകൾക്കിടയിലോ സുഗന്ധം ഉപയോഗിക്കുന്നതിന് വിരോധമില്ല. ഭർത്താവിന് വേണ്ടി ഭംഗിയാകലും അണിഞ്ഞൊരുങ്ങലും സുഗന്ധം ഉപയോഗിക്കലും സുന്നത്തുമാണ്. എന്നാൽ എന്താവശ്യത്തിന് വേണ്ടിയാണെങ്കിലും വീട്ടിന് പുറത്തിറങ്ങുമ്പോൾ സുഗന്ധം പൂശൽ ഹറാമാണ്. അന്യ പുരുഷന്മാരെ ആകർശിക്കും വിധമോ അവർക്ക് വാസനയെത്തും വിധമോ സുഗന്ധം ഉപയോഗിക്കുന്ന സ്ത്രീ വേശ്യയാണെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (അബൂദാവൂദ്, നസാഈ, തിർമ്മിദീ). ഇനി പർദ്ദയടക്കമുള്ള ഏതെങ്കിലും വസ്ത്രത്തിൽ ഏതെങ്കിലും തരത്തിലുള്ള സുഗന്ധ ദ്രവ്യം ആയിട്ടുണ്ടെങ്കിൽ അത് കഴുകി വൃത്തിയാക്കിയിട്ടേ പുറത്തിറങ്ങാവൂ. സുഗന്ധം പൂശിയിട്ട് ഏതെങ്കിലും സ്ത്രീ നിസ്കരിക്കാൻ പള്ളിയിൽ വന്നാൽ അവൻ തിരിച്ച് വീട്ടിൽ പോയി ജനാബത്ത് കുളി പോലോത്ത കുളി കുളിച്ച് ശുദ്ധിയാകുന്നത് വരേ അവൾ നിസ്കരിച്ച നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ലെന്ന് ഇസ്ലാമിന്റെ ആദ്യ കാലത്ത് പള്ളിയിൽ വന്നിരുന്ന ചില സ്ത്രീകളോട് നബി (സ്വ) പറഞ്ഞിരുന്നു. (മുസ്നദ് അഹ്മദ്, സ്വഹീഹ് ഇബ്നു ഖുസൈമഃ, ഫത്ഹുൽ ബാരി). സ്വഭവനത്തിൽ ഭംഗിയായി നടന്നും പരിമളം പരത്തിയും വീടിനെ സ്വർഗീയമാക്കുകയും വീട്ടിൽ നിന്നിറങ്ങുമ്പോൾ തീരേ ഭംഗിയാകാതെയും സുഗന്ധം പൂശാതെയും ആളുകളെ ആകർശിക്കാത്ത വിധമുള്ള വസ്ത്ര ധാരണയിലും നടക്കുന്ന സ്ത്രീകളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരായ അനുഗ്രഹീത മഹിളകൾ എന്ന കാര്യം ഇതിന് നേർ വിപരീതം ചെയ്യുന്ന ഇന്നത്തെ സ്ത്രീ സമൂഹം ഏറെ ഗൌരവത്തോടെ ഉൾക്കൊള്ളേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.