അസ്സലാമു അലൈകും ഉസ്താദേ നിത്യ അശുദ്ധികാരി ആയ എനിക്കുള്ള സംശയങ്ങൾ എല്ലാവരോടും ചോദിച്ചു മനസ്സിലാക്കാൻ മടിയുള്ള ചോദ്യങ്ങളാണ് .അതിനുത്തരങ്ങൾ പറഞ്ഞു തരണേ .വളരെ വിഷമത്തിലാണ് എന്റെ നിസ്കാരവും മറ്റു ഇബാദത്തുകളും എന്താകുമെന്ന് ഓർത്തുകൊണ്ട് 1 . നിത്യ അശുദ്ധികാരിയുടെ അടിവസ്ത്രത്തിൽ ആയിട്ടുള്ള അസ്ഥി ഉരുക്കം പോലോത്തത്തിന്റെ വെള്ളം ഉണക്കം വന്നതാണെങ്കിൽ അതു ഉപയോഗിച്ച് കൊണ്ട് നിസ്കരിക്കാമോ ?യാത്രയിലും മറ്റും വേറെ മാറി ഉടുക്കാനുള്ള സാഹചര്യം ഇല്ലാത്തപ്പോൾ . 2 .വെള്ളപോക് ഉള്ള അശുദ്ധികരിയുടെ നഷ്ടപെടുന്ന നിസ്കാരങ്ങളുടെ വിധി എന്താകും ഉസ്താദേ 3 . സമയമായെന്ന് ഉറപ്പു വരുത്തി വുളൂ ചെയ്തത് നിസ്കരിക്കാൻ നിന്ന്.നിസ്കാരത്തിനു നടുവിൽ അശുദ്ധി ഉണ്ടായാൽ ആ നിസ്‌കാരം ശെരിയായിട്ടുണ്ടാകുമോ ? 4 . നോമ്പ് നോൽക്കാൻ പറ്റുമോ? 5 .ഇത് പൂര്ണമായിട്ട് മാറികിട്ടാൻ ഒരു ദുആ പറഞ്ഞു തരാമോ 6 . ഇങ്ങനുള്ള സാഹചര്യത്തിൽ ഖുർആൻ ഖഹത്തം കമ്പ്യൂട്ടറിലോ ഫോണിലോ നോക്കി ഓതി തീർത്താൽ ശെരിയാവുകയില്ലേ . 7 . അടിവസ്ത്രം മറ്റു വസ്ത്രങ്ങളോടൊപ്പം അലക്കുന്നത് നജസാകുമോ?
ചോദ്യകർത്താവ്
asma beegam
Mar 11, 2019
CODE :Fiq9202
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
- അസ്ഥി ഉരുക്കം മൂലം വരുന്ന ദ്രാവകം നജസാണ്. അതിനാല്‍ അത് വസ്ത്രത്തിലായാല്‍ ഉണങ്ങിയാലും ഇല്ലെങ്കിലും നിസ്കരിക്കണമെങ്കില്‍ വൃത്തിയാക്കല്‍ നിര്‍ബ്ബന്ധമാണ് (തുഹ്ഫ). യാത്രയിലും മറ്റും വസ്ത്രം മാറാന്‍ സൌകര്യമില്ലെങ്കിലും ഇന്ന് ലഭ്യമായ പാഡോ, പഞ്ഞി വെച്ച തുണിയോ മറ്റോ ഉപയോഗിച്ച് വസ്ത്രത്തിലാകുന്നതിനെ തടയാൻ സംവിധാനമുണ്ടല്ലോ.
- അസ്ഥിയരുക്കം മൂലം ഇടക്കിടെ ഒലിക്കുന്നവർ നിത്യ അശുദ്ധിക്കാരിയാണ്. അതിനാൽ അവർ നിസ്കാരത്തിന്റെ സമയമായ ശേഷം ആ ഭാഗം കഴുകി വൃത്തിയാക്കി പഞ്ഞി വെച്ച് കെട്ടിയതിന് ശേഷം വുളൂഅ് എടുത്ത് നിസ്കരിക്കുന്ന സമയത്ത് വീണ്ടും ഒലിച്ചാല്‍ നിസ്കാരത്തിന് കുഴപ്പം സംഭവിക്കില്ല. എന്നാൽ അവർ അകാരണമായി ഫർള് നിസ്കാരം പിന്തിക്കാതെ വേഗം നിസ്കരിക്കണം (ശറഹുൽ മുഹദ്ദബ്, തുഹ്ഫ).
- അസ്ഥി ഉരുക്കം ഉള്ളവര്‍ക്ക് റമളാന്‍ നോമ്പ് നോല്‍ക്കലും ഖളാഅായവ ഖളാഅ് വീട്ടലും നിര്‍ബന്ധമാണ്. അത് പോലെ സുന്നത്തായ നോമ്പുകള്‍ നോല്‍ക്കല്‍ സുന്നത്തുമാണ് (തുഹ്ഫ).
- ഈ സമയത്ത് കമ്പ്യൂട്ടറിലോ ഫോണിലോ മുസ്വഹഫിലോ വിശുദ്ധ ഖുര്‍ആന്‍ നോക്കി ഓതാം. എന്നാൽ മുസ്ഹഫ് തൊടാൻ വുളൂഅ് എടുക്കണം (ശറഹുൽ മുഹദ്ദബ്)
- നജസായ വസ്ത്രുത്തിലെ നജസ് നീക്കിയതിന് ശേഷം ശുദ്ധിയുള്ള വസ്തങ്ങളുടെ കൂട്ടത്തില്‍ അലക്കണം. അതാണ് നജസില്ലാത്ത വസ്ത്രങ്ങളിലും നജസ് ആക്കിയതിന് ശേഷം അവയെല്ലാം നജസില്‍ നിന്ന് ശുദ്ധിയായോ എന്ന് ഉറപ്പ് വരുത്തുന്നതനേക്കാള്‍ പ്രയാസ രഹിതം.
- ഇത് അല്ലഹുവിന്റെ പരീക്ഷണമാണ്. അല്ലാഹു ഇഷ്ടപ്പെട്ടവരേയാണ് അവന്‍ പരീക്ഷിക്കുക. കാരണം പരീക്ഷിക്കപ്പെടുന്നവര്‍ ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവേക്കാള്‍ പ്രയാസപ്പെടും. അതിനനുസിരിച്ച് അല്ലാഹു അവരുടെ ദോഷങ്ങള്‍ പൊറുത്തു കൊടുക്കുയും അവരുടെ ആഖിറത്തിലെ പദവി ഉയര്‍ത്തുകയും ചെയ്യും. ഇത്തരം അസുഖങ്ങള്‍ സുഖപ്പടാന്‍ മറ്റു രോഗങ്ങളെപ്പോലെത്തന്നെ ഒരേ സമയം ഭൌതികവും ആത്മീയവുമായ ചികിത്സകൾ നടത്തുക. ഭൌതികമായി വിദഗ്ധരായ വനിതാ ഡോക്ടരില്‍ നിന്ന് ചികിത്സ തേടുക. ആത്മീയമായി നബി (സ്വ) പഠിപ്പിച്ച കാര്യങ്ങൾ ചെയ്യുക. ഉദാ::-. നബി (സ്വ) അരുൾ ചെയ്തു: ആരെങ്കിലും വല്ല അസുഖം കാരണം പ്രയാസപ്പെട്ടാൽ അയാൾ പറഞ്ഞു കൊള്ളട്ടേ:
رَبُّنَا اللَّهُ الَّذِي فِي السَّمَاءِ ، تَقَدَّسَ اسْمُكَ ، أَمْرُكَ فِي السَّمَاءِ وَالأَرْضِ ، كَمَا رَحْمَتُكَ فِي السَّمَاءِ ، فَاجْعَلْ رَحْمَتَكَ فِي الأَرْضِ ، وَاغْفِرْ لَنَا حُوبَنَا وَخَطَايَانَا ، أَنْتَ رَبُّ الطَّيِّبِينَ ، فَأَنْزِلْ شِفَاءً مِنْ شِفَائِكَ ، وَرَحْمَةً مِنْ رَحْمَتِكَ ، عَلَى هَذَا الْوَجَعِ فَيَبْرَأُ
ഈ ദുആ കൊണ്ട് ആരെങ്കിലും മന്ത്രിച്ചാൽ അസുഖം ശിഫയാകുമെന്ന് സയ്യിദുനാ അബുദ്ദർദാഅ് (റ) വ്യക്തമാക്കിയിട്ടുണ്ട് (അബൂ ദാവൂദ്, ത്വബ്റാനി)
അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തു: ‘ഒരു വിശ്വാസിയെ അല്ലാഹു ശാരീരികമായി പരീക്ഷിച്ചാൽ അദ്ദേഹത്തിന് സുരക്ഷയൊരുക്കാനായി മലക്കുകളോട് അവൻ കൽപ്പിക്കും. അദ്ദേഹം മുമ്പ് ചെയ്തിരുന്ന സൽകർമ്മങ്ങൾ ദിനേന രാവിലെയും വൈകുന്നേരവും അവരോട് രേഖപ്പെടുത്തി വെക്കാനും പറയും. അദ്ദേഹത്തിന് രോഗ ശമനം നൽകപ്പെടുമ്പോഴേക്ക് അവനെ അല്ലാഹു പാപ മുക്തനാക്കും. ആ അസുഖത്തിലായി അദ്ദേഹം മരിച്ചാൽ അയാൾക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയും അയാളെ അനുഗ്രഹിക്കുകയും ചെയ്യും.(അഹ്മദ്, ഹാകിം). അതിനാല്‍ അസുഖം ശിഫയാകുന്നത് വരേ സന്തോഷിക്കുകയും ക്ഷമിച്ച് കൊണ്ട് പരമാവധി നല്ല രീതിയില്‍ ആരാധനാ കര്‍മ്മങ്ങള്‍ ചെയ്ത് ഈ പരീക്ഷണ ഘട്ടം വിജയിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. അല്ലാഹു തആലാ അനുഗ്രഹിക്കട്ടേ...
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.