തഖ്ലീദ് എന്നാൽ എന്താണ്? കർമ്മശാസ്ത്രത്തിന്റെ നാല് വിഭാഗങ്ങളിലും തഖ്ലീദ് ചെയ്യാമോ? (ഇബാദാത്ത്, മുആമലാത്ത്......) തഖ്ലീദ് ചെയ്യുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണം അല്ലെങ്കിൽ ശ്രദ്ധിക്കണം?
ചോദ്യകർത്താവ്
ബഷീർ
Apr 2, 2019
CODE :Fiq9229
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഒരു മുജ്തഹിദിന്റെ വാക്ക് തെളിവ് അറിയാതെ വിശ്വസിച്ച് പ്രവർത്തിക്കലാണ് തഖ്ലീദ്. മുജ്തഹിദ് അല്ലാത്തവർക്ക് മുജ്തഹിദിനെ തഖ്ലീദ് ചെയ്യൽ നിർബന്ധമാണ്. സൂറത്തുൽ അമ്പിയാഇലെ ഏഴാം വചനം അതാണ് വ്യക്തമാക്കുന്നത്. (ജംഉൽ ജവാമിഅ്, തൈസീറുത്തഹ്രീർ, ശറഹുത്തൻഖീഹ്, അൽ അഹ്കാം, ശറഹുൽ കൌകബിൽ മുനീർ). മുജ്തഹിദുകൾക്ക് ശർഇന്റെ തെളിവുകൾ പോലെയാണ് സാധാരണക്കാർക്ക് മുജ്തഹിദിന്റെ ഫത് വകൾ (അൽ മുവാഫഖാത്ത്). തഖ്ലീദ് ചെയ്യുന്നവൻ മുജ്തഹിദ് ആകാതിരിക്കണം എന്നും തഖ്ലീദ് ചെയ്യപ്പെടുന്ന വ്യക്തി മുജ്തഹിദ് ആകണമെന്നുമാണ് നിബന്ധന. മുജ്തഹിദ് ആയ ആരെയും പിൻപറ്റാം. അവരെല്ലാം അല്ലാഹുവിങ്കൽ നിന്നുള്ള സൻമാർഗത്തിലാണ് (ജംഉൽ ജവാമിഅ്, ശറഹുൽ ജാമിഅിൽ ഉസ്യൂത്വീ). എന്നാൽ നാല് മദ്ഹബുകൾ ക്രോഡീകരിക്കപ്പെട്ടതു പോലെ മറ്റു മുജ്തഹിദുകളുടെ മദ്ഹബുകൾ ക്രോഡീകരിക്കപ്പെടാത്തത് കൊണ്ട് അവരല്ലാത്ത മുജ്തഹിദുകളെ പിന്തുടരുക പ്രയാസകരമാണ്. അതിനാൽ നാലാൽ ഒരു മദ്ഹബല്ലാതെ മറ്റൊന്ന് പിന്തിടരാവുന്ന സാഹചര്യം നിലവിലില്ല (അൽ ഫതാവൽ കുബ്റാ, അൽ ബുർഹാൻ, അദബുൽ മുഫ്തീ, സിയറു അഅ്ലാമിന്നബലാഅ്, ഹുജ്ജത്തുല്ലാഹിൽ ബാലിഗ.).ഒരു വിഷയത്തിൽ മാത്രം മറ്റൊരു മദ്ഹബ് തഖ്ലീദ് ചെയ്യുകയാണെങ്കിൽ ആ വിഷയം പൂർണ്ണമായും ആ മദ്ഹബ് അനുസരിച്ച് തന്നെ ചെയ്യണം (ഫാതവൽ കുബ്റാ). തഖ്ലീദ് എന്നത് നാലാൽ ഒരു മദ്ബിലേ പറ്റൂവെന്നത് ഇജ്മാഅ് ആണ് (അൽ ഫുറൂഉ വ തസ്ഹീഹുൽ ഫുറൂഅ്, മവാഹിബുൽ ജലീൽ, അൽ ഫവാകിഹുദ്ദുവാനീ). നാലിൽ ഒരു മദ്ഹബും സ്വീകരിക്കാത്തവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്(സ്വാവീ,), അയാൾ പുത്തൻവാദിയും യുക്തിവാദിയുമാണ് (സഫ്ഫാറീനീ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.