കളി ഒരു ജോലിയാക്കി പണം സമ്പാദിക്കുന്നതിൻ്റെ വിധിയെന്ത്....

ചോദ്യകർത്താവ്

abubaker

Jun 4, 2019

CODE :Fiq9310

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കളി എന്നത് ശാരീരികാര്യോഗ്യത്തിന് വേണ്ടിയാണെങ്കിൽ അത് അനുവദനീയമാണ്. എന്നാൽ അതൊരു തൊഴിലാക്കുന്നത് ഒരു മുസ്ലിമന് യോജിച്ചതല്ല. കാരണം അല്ലാഹു തആലാ പറയുന്നു: ‘കാലം തന്നെയാണ് സത്യം. മനുഷ്യരെല്ലാം പരാജയത്തിലാണ്. വിശ്വസിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും നന്മ കൊണ്ടും ക്ഷമ കൊണ്ടും കൽപ്പിക്കുകയും ചെയ്യുന്നവരൊഴികെ’. (സൂറത്തുൽ അസ്വ്ർ). ആഖിറത്തിലെ പരാജയം ഒഴിവാക്കാൻ അല്ലാഹു നിർദ്ദേശിച്ച ഈ നാലു കാര്യങ്ങളും യഥാവിധി പാലിക്കണമെന്നുള്ളവർക്ക് കളി നിത്യ വൃത്തിയാക്കാൻ കഴിയില്ല. അല്ലാഹു തആലാ വീണ്ടു പറുയന്നു: ‘അവരിലൊരാൾക്ക് മരണമെത്തിയാൽ അവൻ പറയും റബ്ബേ, എന്നെ റൂഹ് പിടിക്കാതെ ഒന്ന് ദുൻയവീ ജീവിതത്തിലേക്ക് മടക്കുമോ എങ്കിൽ ഞാൻ എന്റെ സർവ്വസ്വവും സൽകർമ്മങ്ങൾ ചെയ്യാൻ വേണ്ടി വിനിയോഗിക്കാം’ (സൂറത്തുൽ മുഅ്മിനൂൻ). അവിടെ ഞാൻ അൽപം കൂടി കളച്ചു കഴിയട്ടേയെന്ന് ആരെങ്കിലും പറയുമോ. നമുക്ക് ആഖിറത്തലും അല്ലാഹുവിന്റെ അടുത്തും ഉപകാരമുള്ളതേ ചെയ്യാവൂ, പതിവാക്കാവൂ.

ഇനി ടൂർണ്ണമെന്റുകളുടെ കാര്യമെടുക്കാം. നബി (സ്വ) അരുൾ ചെയ്തു: പഴയ കാലത്ത് യുദ്ധാവശ്യത്തിന് വേണ്ടി അമ്പും കുതിരകളും ഒട്ടകങ്ങളുമൊക്കെ തയ്യാർ ചെയ്യുന്നതിന്റെ ഭാഗമായും അതിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടി ടൂർണ്ണമെന്റുകൾ നടത്താം അതിന് പണവും മുടക്കാം എന്നല്ലാതെ മറ്റൊരു കാര്യത്തിനും പണം മുടക്കി ടൂർണ്ണമെന്റുകൾ നടത്താൻ പാടില്ല (അബൂ ദാവൂദ്, തിർമ്മിദി, അഹ്മദ്, ഹാകിം). മഹാനായ സഈദു ബിൻ മുസയ്യിബ് (റ) പറയുന്നു: ‘പക്ഷികളെക്കൊണ്ടോ മനുഷ്യരെക്കൊണ്ടോ ഒക്കെ മൽസരം നടത്തലും അതിന് വേണ്ടി പണം ചെലവാക്കലും യുദ്ധാവശ്യവുമായി ബന്ധമില്ലാത്തിനാൽ അത് പന്തയത്തിന്റെ ഭാഗമാണ്, അതിനാൽ നിഷിദ്ധമാണ്’. (തഹ്ഫത്തുൽ അഹ് വദി). എന്നാൽ അറിവുമായി ബന്ധപ്പെട്ട് മൽസരങ്ങൾ നടത്താം.  അതിന് പണം ചെലവാക്കുന്നത് മൽസരാർത്ഥികൾ അല്ലാതെ മൂന്നാമതൊരു കക്ഷിയാണെങ്കിൽ അത് അനുവദനീയമാണ്.  മൽസരാർത്ഥികൾ തന്നെ പണം ചെലവാക്കുകയും ജയിച്ചവർക്ക് പണം മൊത്തം ലഭിക്കും അല്ലാത്തവർക്ക് അവരുടെ പണം നഷ്ടമാകും എന്ന സാഹചര്യമാണെങ്കിൽ അത് നിഷിദ്ധവുമാണ്. (റൌള, ഫത്ഹുൽ ബാരി).

ചുരുക്കത്തിൽ മനുഷ്യരെ വച്ചു നടത്തുന്ന ടൂർണ്ണമെന്റുകൾക്ക് ശറഇയ്യായ കാരണങ്ങൾ ഇല്ലാത്തതിനാൽ അത് കാശ് മുടക്കി നടത്തലും അതിനെ പ്രോത്സാഹിപ്പിക്കാൻ കാശ് മുടക്കി പോകലും അനുവദനീയമല്ല. ഇവിടെ അനിസ്ലാമികമായി പണം ചെലവാക്കുന്നതിന് പുറമെ കളിക്കാരുടെ ഔറത്ത് വീക്ഷിക്കലും ദൈവ സ്മരണയിലും സൽകർമ്മങ്ങലിലും മുഴുകേണ്ട സമയം ഇവ്വിധം പാഴാക്കലും അടക്കം പല അനുചിതമായ കാര്യങ്ങൾ വേറെയും നമുക്ക് കാണുവാൻ കഴിയും. ഒരു സത്യവിശ്വാസി ചെയ്യുന്ന ഏതൊരു കാര്യത്തനും ശറഇയ്യായ ഒരു കാരണമോ താൽപര്യമോ വേണം. എങ്കിലേ അത് ഇഹത്തിലും പരത്തിലും ഉപകാരപ്പെടുകയുള്ളൂ. അല്ലാത്ത കാര്യങ്ങളിൽ പാഴാക്കാനുള്ളതല്ല ഒരു മുസ്ലിമിന്റെ ശരീരവും മനസ്സും സമയവും ജീവിതവും. അല്ലാഹു തആലാ പറയുന്നു: “പറയുക, തീർച്ചയായും എന്റെ നിസ്കാരവും മറ്റെല്ലാ ആരാധനകളും എന്റെ ജീവിതവും എന്റെ മരണവും സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു”.( സൂറത്തുൽ അൻആം)  .

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter