ആദ്യത്തെ കുട്ടിക്ക് വേണ്ടി പോത്തിനെ അഖീഖ അറുത്താൽ അത് പിന്നീട് ജനിക്കുന്ന കുട്ടികൾക്കും കൂടി കരുതാമോ ?
ചോദ്യകർത്താവ്
Fahad
Jun 24, 2019
CODE :Fiq9331
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഗര്‍ഭത്തിലുള്ള കുട്ടിക്കോ ഭാവിയില്‍ ഗര്‍ഭ ധാരണം പ്രതീക്ഷിക്കുന്ന കുട്ടിക്കോ അഖീഖഃ അറുക്കല്‍ സുന്നത്തില്ല. പിറന്ന കുട്ടിക്ക് വേണ്ടിയാണ് അഖീഖഃ അറുക്കുന്നത്. കുട്ടി പിറന്നാലാണ് അഖീഖഃ സുന്നത്താകുക. കുട്ടി ജനിച്ചതിലുള്ള സന്തോഷമായിട്ടും കുട്ടിയെന്ന അല്ലാഹു തന്ന നിഅ്മത്തിനുളള ശുക്റ് പ്രകടിപ്പിക്കാനുമാണ് അഖീഖഃ അറുക്കുന്നത് (ഇആനത്തുത്വാലിബീന്‍). ആ പിറന്ന കുട്ടി നാല് മാസമോ അതിലധികമോ പ്രായമുള്ള ചാപ്പിള്ളയാണെങ്കിലും അതിന് വേണ്ടി അഖീഖഃ അറുക്കല്‍ സുന്നത്തുണ്ട്. കാരണം നാലാം മാസം ഈ കുട്ടിക്ക് റൂഹ് ഊതപ്പെട്ടിരിക്കും, പിന്നീട് അത് ഗര്‍ഭ പാത്രത്തില്‍ വെച്ചോ പ്രസവിക്കുമ്പോഴോ മരണപ്പെടുകയാണ് ചെയ്യുക. അതിനാല്‍ നാളെ ജീവനോടെയായിരിക്കും ആ കുട്ടിയെ അല്ലാഹു തആലാ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക. ആ സമയത്ത് തനിക്ക് അഖീഖഃ അറുത്തവര്‍ക്ക് വേണ്ടി ആ കുട്ടി ശഫാഅത്ത് ചെയ്യും. എന്നാല്‍ നാല് മാസം ആകുന്നതിന് മുമ്പ് പുറത്ത് വന്ന കുട്ടിയാണെങ്കില്‍ (അതിന് റൂഹ് ഊതപ്പെടാത്തത് കൊണ്ട്) അതിനെ ജീവനില്ലാത്ത വസ്തുവായിട്ടാണ് കണക്കാക്കപ്പെടേണ്ടത്. അതിനാല്‍ അതിന് വേണ്ടി അഖീഖഃ അറുക്കല്‍ സുന്നത്തില്ല (അല്‍ ഫതാവല്‍ കുബ്റാ). ചുരുക്കത്തില്‍ പിന്നീട് ജനിച്ചേക്കാവുന്ന കുട്ടിക്ക് വേണ്ടി ഇപ്പോള്‍ അഖീഖഃ അറുക്കാന്‍ കരുതുന്നതിന് പ്രസക്തിയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.